കായിക പ്രേമികളുടെ കണ്ണു നനക്കുന്ന കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ കാഴ്ചകള്‍
തിരുവനന്തപുരം: കായിക പ്രേമികളുടെ കണ്ണു നനക്കുന്ന കാഴ്ചയാണ് കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നിന്നും കൗമുദി ചാനല്‍ പകര്‍ത്തിയത്. ആര്‍മി റിക്രൂട്ട്‌മെന്റിന് ശേഷം സ്റ്റേഡിയത്തിന്റെ ഇന്‍ഫീല്‍ഡ് ആകെ നശിച്ചിരിക്കുകയാണ്. ഇത് പഴയ നിലയില്‍ എത്തിക്കാന്‍ ലക്ഷങ്ങള്‍ വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ഇതോടെ തിരുവനന്തപുരത്ത് ക്രിക്കറ്റ് ലോകകപ്പ് മത്സരങ്ങള്‍ വരുമെന്ന പ്രതീക്ഷ ഏറെ കുറെ അവസാനിക്കുകയാണ്.
തിരുവനന്തപുരത്തെ കായിക പ്രേമികളുടെ വളരെ നാളത്തെ ആഗ്രഹമാണ് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലൂടെ യാഥാര്‍ത്ഥ്യമായത്. രണ്ടു അന്തരാഷ്ട്ര മത്സരങ്ങള്‍ മാത്രമാണ് ഇവിടെ നടന്നതെങ്കിലും ഇന്ത്യയിലെ ഏറ്റവും മികച്ച സ്റ്റേഡിയമാണ് ഇതെന്ന് ക്രിക്കറ്റ് ലോകത്തെ പ്രമുഖര്‍ വാഴ്ത്തി. എന്നിട്ടും അധികൃതരുടെ പിഴവ് ഈ സ്റ്റേഡിയത്തെ നശിപ്പിച്ചിരിക്കുകയാണ്. സംസ്ഥാന സര്‍ക്കാരും ഐ.എല്‍ ആന്റ് എഫ്.എസ് എന്ന കമ്പനിയും ചേര്‍ന്നാണ് സ്റ്റേഡിയം നിര്‍മിച്ചത്. സ്റ്റേഡിയത്തിന്റെ നടത്തിപ്പ് ചുമതല ഐ.എല്‍ ആന്റ് എഫ്.എസ് എന്ന കമ്പനിക്കും ഗ്രൗണ്ടിന്റെ പരിപാലനം കേരളാ ക്രിക്കറ്റ് അസോസിയേനുമായിരുന്നു.
എന്നാല്‍ കെ.സി.എ അറിയാതെയാണ് ജില്ലാഭരണകൂടം ആര്‍മി റിക്രൂട്ട്‌മെന്റിന് സ്‌റ്റേഡിയം വിട്ടു നല്‍കിയത്. ഇതോടെ ഇവിടെ നടക്കേണ്ടിയിരുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്കാ വനിതാ ക്രിക്കറ്റ് മത്സരം ലക്‌നൗവിലേക്ക് മാറ്റി. സ്റ്റേഡിയം കൊവിഡ് കെയര്‍ സെന്ററായി മാറ്റിയത് മുതല്‍ കഴിഞ്ഞ ഒരു വര്‍ഷമായി നശിച്ചുകൊണ്ടിരിക്കുകയാണ് കെ.സി.എ ഭാരവാഹികള്‍ കുറ്റപ്പെടുത്തുന്നു. മുഖ്യമന്ത്രിയുടെ ഉറപ്പു പോലും ലംഘിച്ചാണ് ഉദ്യോഗസ്ഥ ലോബി ആര്‍മി റിക്രൂട്ട്‌മെന്റിന് സ്ഥലം വിട്ടു നല്‍കിയതെന്നാണ് പ്രധാന ആരോപണം.