കൊവിഡ് രോഗി പട്ടാപ്പകൽ നടുറോഡിൽ, ഞെട്ടി പൊലീസ്; വിനയായത് ലാബ് ജീവനക്കാരുടെ അലംഭാവം
പഴുതടച്ച സുരക്ഷയിൽ ലോക്ക് ടൗണിന്റെ ആദ്യ ദിവസം കൊല്ലം നഗരം എന്ന വാർത്തയാണ് കഴിഞ്ഞ ദിവസം കേട്ടത്. പക്ഷെ തൊട്ടടുത്ത ദിവസം ഞായറാഴ്ച തന്നെ ആ സുരക്ഷയ്ക്ക വിള്ളൽ വീണു. കൊവിഡ് പോസിറ്റീവായെന്ന ലാബ് റിസൾട്ടുമായി വൃദ്ധനായ രോഗി നടന്ന് ചിന്നക്കടവരെയെത്തിയത് സുരക്ഷാ ജീവനക്കാരെയാകെ ഞെട്ടിച്ചു. വൃദ്ധനെ പരിശോധിച്ച് റിസൾട്ട് നൽകിയ ലാബ് ജീവനക്കാരുടെ കടുത്ത അലംഭാവം തന്നെയാണ് ഇതിന് കാരണം. ഒടുവിൽ പോലീസിന്റെ സമയോചിതമായ ഇടപെടൽ കൊണ്ടാണ് ഇദ്ദേഹത്തെ ക്വാറന്റൈൻ ചെയ്തത്.
ആദിച്ചനല്ലൂർ മൈലക്കാട് സ്വദേശിയായ 61വയസുകാരനാണ് കൊവിഡ് റിപ്പോർട്ടുമായി നടന്ന് ചിന്നക്കടയിലെത്തിയത്. കൊല്ലത്തെ സർക്കാർ അധീനതയിലുളള ഒരു പാർക്കിൽ കാവൽക്കാരനായി ജോലി ചെയ്തു വരികയായിരുന്ന ഇദ്ദേഹം താമസിക്കുന്നതും പാർക്കിലെ സെക്യൂരിറ്റിയുടെ വിശ്രമമുറിയിലാണ്. രണ്ട് ദിവസത്തിന് മുമ്പ് ചില രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ചിന്നക്കടയിൽ പ്രവർത്തിക്കുന്ന സ്വകാര്യ ലാബിൽ ആർ.ടി.പി.സി.ആർ ടെസ്റ്റ് നടത്തിയിരുന്നു. ഞായറാഴ്ച രാവിലെ ലാബിൽ നിന്നും പോസിറ്റീവാണെന്ന് ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. എന്നാൽ ഇദ്ദേഹം പാർക്കിൽ നിന്നും നേരിട്ട് എത്തി ലാബ് റിസൾട്ട് വാങ്ങുകയായിരുന്നു.
ലാബ് ജീക്കാരുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. പോസിറ്റീവാണെന്ന വിവരം ആരോഗ്യ വകുപ്പിനെ അറിയിക്കുകയോ, രോഗിയെ സുരക്ഷിതമായി മാറ്റാൻ വേണ്ട മാർഗങ്ങൾ സ്വീകരിക്കുകയോ ചെയ്യാതെ രോഗിയെ റിസൾട്ടും നൽകി പറഞ്ഞ് വിടുകയായിരുന്നു. ചിന്നക്കടയിലൂടെ നടന്ന പോയ ഇദ്ദേഹത്തിന് പോസ്റ്റിവാണെന്ന് വാഹനപരിശോധന നടത്തികൊണ്ടിരുന്ന പൊലീസുകാരെ ഒരു ഓട്ടോറിക്ഷക്കാരനാണ് അറിയിച്ചത്.
ഇതിനെ തുടർന്ന് പൊലീസ് വൃദ്ധനെ തടഞ്ഞു നിർത്തി ഇദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന ലാബ് റിസൾട്ട് പരിശോധിച്ചു. റിപ്പോർട്ട് പോസിറ്റീവാണെന്ന് മനസിലാക്കിയ പൊലീസ് ആരോഗ്യ വകുപ്പിനെ വിവരം അറിയിച്ചു. സാനിറ്റൈസറും മാസ്കും ഗ്ളൗസും രോഗിക്ക് നൽകി. പിന്നാലെ ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയിലെ കൊവിഡ് വാർഡിലേക്ക് മാറ്റി. തുടർന്ന് സിവിൽ ഡിഫൻസ് വോളന്റിയർമാർ എത്തി ചിന്നക്കടയിൽ അണുനശീകരണം നടത്തി.