കൊവിഡ് കാലത്ത് മലയാളികളെ ഭയപ്പെടുത്തി നിപ്പയും

Monday 20 September 2021 4:38 PM IST

നിപ വൈറസ് ബാധിച്ച് കോഴിക്കോട് 12 വയസ്സുള്ള കുട്ടി മരിച്ചതോടെയാണ് വീണ്ടും കേരളം ഭീതിയുടെ നിഴലിലായത്. 2018ൽ നിപ വൈറസ് ബാധ ഉണ്ടായപ്പോൾ അതിനെ പിടിച്ചു കെട്ടാൻ വലിയ ത്യാഗം സഹിക്കേണ്ടി വന്ന ജനതയാണ് നമ്മൾ. അന്ന് രോഗം വലിയ രീതിയിൽ പടരാതെ പ്രതിരോധിക്കാൻ നമുക്കായെങ്കിലും വലിയ ബുദ്ധിമുട്ടേറിയ ഘട്ടങ്ങളിലൂടെയാണ് നമ്മൾ കടന്നു പോയത്. മരണപ്പെട്ടവരുടെ ശരീരം പ്രിയപ്പെട്ടവർക്ക് ഒന്നു കാണാൻ പോലുമാകാതെ സംസ്‌കരിക്കേണ്ടി വന്നതും ആരോഗ്യ പ്രവർത്തകർ പോലും രോഗത്തിനിരയായതുമെല്ലാം നടുക്കുന്ന ഓർമകളാണ്. ഇപ്പോൾ കോവിഡ് മഹാമാരിയുടെ പിടിയിൽ നിൽക്കുമ്പോഴാണ് സംസ്ഥാനത്ത് നിപ റിപ്പോർട്ട് ചെയ്യപ്പെട്ടത്. സ്വാഭാവികമായും നമ്മുടെ ഭീതിയുടെ ഗ്രാഫ് ഉയരുന്നതിൽ അദ്ഭുതമില്ല.

നിപക്ക് ഇത് വരെ കൃത്യമായ ഒരു ചികിത്സ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. പല രീതിയിലുള്ള ആന്റിവൈറൽ മരുന്നുകളും ഉപയോഗിക്കുന്നുണ്ട്. 2018ൽ രോഗം സ്ഥിരീകരിക്കുമ്പോൾ കേരളത്തിൽ മരുന്നുകളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ഇന്ന് മരുന്നുകൾ കേരളത്തിൽ ലഭ്യമാണ്. നിലവിൽ ആശങ്കേെടണ്ട സാഹചര്യം ഇല്ലെന്നാണ് ആരോഗ്യ പ്രവർത്തകരും സർക്കാരും നൽകുന്ന ഉറപ്പ്.