SignIn
Kerala Kaumudi Online
Saturday, 26 July 2025 6.44 AM IST

'തല'യില്ലാത്ത കലാശാലകൾ

Increase Font Size Decrease Font Size Print Page
sda

സമീപകാലം വരെ രാഷ്ട്രീയ പാർട്ടികളും വിദ്യാർത്ഥി യുവജന സംഘടനകളും ഭ്രഷ്ട് കൽപിച്ചിരുന്ന സ്വകാര്യ സർവകലാശാലകളും അതിന്റെ മറവിൽ വിദേശ സർവകലാശാലകളുടെ ഒഫ് ക്യാമ്പസ് സെന്ററുകളും കേരളത്തിൽ തമ്പടിക്കാനൊരുങ്ങുകയാണ്. അതേസമയം, ഇതുമായി മത്സരിച്ചുനിൽക്കേണ്ട പൊതുമേഖലാ സർവകലാശാലകൾ കൂടുതൽ പ്രതിസന്ധികളിലേക്ക് കൂപ്പുകുത്തുന്നുവെന്നതാണ് വസ്തുത. സംസ്ഥാനത്തെ 13 സർവകലാശാലകളിൽ 12 എണ്ണത്തിലും സ്ഥിരം വൈസ് ചാൻസലർമാരില്ലെന്ന ഗുരുതര സ്ഥിതിവിശേഷം തുടരുകയാണ്. ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരത്തെക്കുറിച്ച് ഹൈക്കോടതി ഉത്കണ്ഠ രേഖപ്പെടുത്തിയത് ഈ സാഹചര്യത്തിലാണ്


വിദേശ രാജ്യങ്ങളിലേക്ക് മലയാളി വിദ്യാർത്ഥികളുടെ കുടിയേറ്റം. ഇടതുസർക്കാർ പാസാക്കിയ സ്വകാര്യ സർവകലാശാല ബില്ലിനെ ചൊല്ലിയുള്ള വിവാദം. ബില്ലിന്റെ മറവിൽ വിദേശ സർവകലാശാലകൾ ഒളിഞ്ഞും തെളിഞ്ഞും കേരളത്തിൽ പിടിമുറുക്കുമെന്ന ആരോപണം. ഇതെല്ലാമാണ് ഉന്നത വിദ്യാഭ്യാസ രംഗത്തെ ചൂടേറിയ ചർച്ച. മാറുന്ന സാഹചര്യങ്ങളിൽ സംസ്ഥാനത്തെ പൊതുമേഖലാ സർവകലാശാലകളുടെ നിലവാരം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചു മാത്രം ചർച്ചകളില്ല. അധികാരതലത്തിൽ പറയത്തക്ക നടപടികളുമില്ല. ബിരുദ കോഴ്‌സ് നാലു വർഷമാക്കിയത് മാത്രമാണ് പരിഷ്‌കാരം.

സാമ്പത്തിക പ്രതിസന്ധി, പക്ഷപാതം, അധികാര വടംവലി തുടങ്ങി നെഗറ്റിവിറ്റിയാണ് നമ്മുടെ സർവകലാശാലകളിൽ നടമാടുന്നത്. 12 യൂണിവേഴ്‌സിറ്റികളിൽ സ്ഥിരം വൈസ് ചാൻസർമാരില്ലാതായിട്ട് കാലങ്ങളായി. യോഗ്യരായവർ ഇല്ലാത്തതു കൊണ്ടല്ല. രാഷ്ട്രീയവും ഈഗോ ക്ലാഷുമാണ് പ്രശ്‌നം. അദ്ധ്യാപക നിയമനങ്ങളും സുതാര്യമല്ലാതായി. സ്വാധീനമുണ്ടെങ്കിൽ റാങ്ക് പട്ടികയിൽ മുന്നിലെത്താമെന്നായി. കുട്ടി നേതാക്കളും കുറുക്കുവഴി കണ്ടു. എഴുതാത്ത പരീക്ഷയ്ക്ക് മാർക്കു വാങ്ങി. കോപ്പിയടിച്ച പ്രബന്ധങ്ങളിൽ പൊട്ടത്തെറ്റ് കൂട്ടിച്ചേർത്ത് പി.എച്ച്.ഡി നേടി. ഫലത്തിൽ കോളേജുകളിൽ ബിരുദ കോഴ്‌സുകൾക്ക് ബെഞ്ച് കാലിയാണ്. ഒഴിഞ്ഞ സീറ്റുകൾ നിരവധി. പഠിച്ചിറങ്ങിയാൽ തൊഴിലവസരവും കുറവ്. പ്ലസ് ടു കഴിഞ്ഞാൽ നാട്ടിൽ നിന്ന് തട തപ്പണമെന്ന നിലയിലായി കുട്ടികളുടെ ചിന്താഗതി. വിദേശ പഠനത്തിന് എന്തു ത്യാഗവും തട്ടുകേടുകളും സഹിക്കാൻ അവർ തയ്യാർ. കേരളത്തിലെ സർവകലാശാലകളെ താങ്ങി നിറുത്തുന്നതിന് പ്രഥമ പങ്ക് വഹിക്കേണ്ടത് സർക്കാരും ചാൻസലറായ ഗവർണറുമാണ്. ഈ അധികാര കേന്ദ്രങ്ങൾ വർഷങ്ങളായി ശീതസമരത്തിലാണ്. ഗവർണർ മാറിയിട്ടും പ്രശ്‌നം തീർന്നിട്ടില്ല. ഈ സാഹചര്യത്തിൽ, ഹൈക്കോടതി കഴിഞ്ഞ ദിവസം നടത്തിയ നിരീക്ഷണങ്ങൾ പ്രസക്തമാണ്.

ആശങ്കാജനകമെന്ന്

ഹൈക്കോടതി

സംസ്ഥാനത്തെ സർവകലാശാലകളിൽ സ്ഥിരം വൈസ് ചാൻസലർമാരുടെ നിയമനം അനിശ്ചിതമായി നീളുന്നത് ആശങ്കാജനകമാണെന്നാണ് ഹൈക്കോടതി വിലയിരുത്തിയത്. താത്ക്കാലിക നിയമനങ്ങൾ നടക്കുമ്പോൾ പോലും നിയമനടപടികളുമായി കോടതിയെ സമീപിക്കുന്നതടക്കം ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻബെഞ്ച് നിലവിലെ അവസ്ഥയിൽ അതൃപ്തിയറിയിച്ചത്. സെനറ്റും ചാൻസലറായ ഗവർണറും തമ്മിലുള്ള പ്രശ്‌നങ്ങൾ മൂലമുണ്ടായ പ്രതിസന്ധി ഇപ്പോഴും അതേപടി നിലനിൽക്കുകയാണ്. ഇത്തരം മനോഭാവം ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവാരത്തെ ബാധിക്കും. 13 സർവകലാശാലകളിൽ പന്ത്രണ്ടിലും സ്ഥിരം വൈസ് ചാൻസലർമാർ നിലവിലില്ലാത്ത അവസ്ഥ ഏറെ ഗൗരവമുള്ളതാണ്. പ്രശ്ന പരിഹാരത്തിന് ഉചിതമായ നടപടികൾ വൈകാതെ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹൈക്കോടതി പ്രത്യാശ പ്രകടിപ്പിച്ചു.
കേരള സർവകലാശാല വൈസ് ചാൻസലറുടെ താത്ക്കാലിക ചുമതല ഡോ. മോഹനൻ കുന്നുമ്മലിന് നൽകിയ ഗവർണറുടെ നടപടി ചോദ്യം ചെയ്ത് രണ്ട് സെനറ്റംഗങ്ങൾ നൽകിയ ഹർജി തള്ളിയ ഉത്തരവിലായിരുന്നു കോടതിയുടെ നിരീക്ഷണം.

ഡിജിറ്റൽ, ടെക്നിക്കൽ സർവകലാശാലകളിൽ ഗവർണർ നടത്തിയ താത്ക്കാലിക വി.സി നിയമനങ്ങളും നിയമക്കുരുക്കിലാണ്. നിയമനം നിയമപരമല്ലെന്ന് വിധിച്ച സിംഗിൾബെഞ്ച് ഉത്തരവിനെതിരേ ഡിവിഷൻബെഞ്ചിൽ ഗവർണർ നൽകിയ അപ്പീലിൽ വാദം തുടരുകയാണ്. മറ്റ് സർവകാലാശാലകളുമായി ബന്ധപ്പെട്ടും ഇത്തരം പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. അതിനിടെ, മുൻപൊരിക്കലും ഉണ്ടാകാത്ത വിധം സർക്കാർ- ഗവ‌ണർ പോര് രൂക്ഷമായിരിക്കുകയാണ്. അക്കാഡമിക് അല്ലാത്ത വിഷയത്തിലാണ് തർക്കമെന്നത് പ്രശ്നം ഗുരുതരമാക്കുന്നു. ഭാരതാംബയുടെ ചിത്രത്തിന്റെ പേരിലാണ് ഏറ്റുമുട്ടൽ. സമാന വിഷയത്തിൽ കേരള സർവകലാശാലയുടെ തലപ്പത്ത് പൊട്ടിത്തെറിയുണ്ടായതാണ് ഒടുവിലെ സംഭവം. ഇവിടെ വൈസ് ചാൻസലറും രജിസ്ട്രാറും തമ്മിലുണ്ടായ പോരും കോടതിയിലേക്ക് എത്തുകയാണ്.

വിമർശനങ്ങളും ഏറെ

സർവകലാശാലകൾ കുത്തഴിഞ്ഞ രീതിയിൽ മുന്നോട്ടു പോകുമ്പോൾ നിലവാരത്തകർച്ച പ്രകടമാണ്. ഗൗരവതരമായ ഗവേഷണങ്ങൾ ഉണ്ടാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. അദ്ധ്യാപന നിലവാരവും താഴുകയാണ്. നിയമനങ്ങളിലെ സ്വജനപക്ഷപാതം പരസ്യമായ രഹസ്യമാണ്. പല തസ്തികകളിലും കരാർ നിയമനങ്ങളാണ്. ഈ അനിശ്ചിതാവസ്ഥ മുതലെടുക്കുന്ന വിദ്യാർത്ഥികളുമുണ്ട്. യുവജന നേതാക്കൾ തട്ടിക്കൂട്ട് പ്രബന്ധവുമായി ഡോക്ടറേറ്റ് നേടിയതും പരീക്ഷയെഴുതാതെ മാർക്ക് വാങ്ങിയതും വാർത്തയായിരിന്നു. മാർക്ക് ലിസ്റ്റിന് കൈക്കൂലി വാങ്ങിയ ജീവനക്കാരി അറസ്റ്റിലായത് മഹാത്മാഗാന്ധിയുടെ പേരിലുള്ള സർവകലാശാലയിലാണ്. ഉത്തരക്കടലാസുകൾ കാണാതാവുക, റോഡിലൂടെ പറന്നുനടക്കുക തുടങ്ങിയ സംഭവങ്ങളും ഒറ്റപ്പെട്ട രീതിയിലണെങ്കിലും ആവർത്തിക്കുന്നുണ്ട്.

ഈ പശ്ചാത്തലത്തിലാണ് സ്വകാര്യ സർവകലാശാലകൾ കേരളത്തിലേക്ക് കടന്നുവരാനിരിക്കുന്നത്. സ്വകാര്യ കൽപിത സർവകലാശാലകളുടെ ക്യാമ്പസുകൾ പുതുതലമുറ കോഴ്സുകളുമായി സംസ്ഥാനത്ത് ഇതിനോടകം ചുവുറപ്പിച്ചുകഴിഞ്ഞു. വിദേശ സർവകലാശാലകളുടെ ഓഫ് ക്യാമ്പസ് സെന്ററുകളും പതിയെ എത്തിച്ചേരുമെന്നാണ് സൂചന. വിദേശത്തുനിന്ന് യുവാക്കളുടെ 'റിവേഴ്സ് മൈഗ്രേഷൻ' ഉണ്ടാകുമെന്നാണ് പ്രതീക്ഷകൾ. ഈ ഘട്ടത്തിൽ മത്സരിച്ചു മുന്നേറേണ്ട നമ്മുടെ സർവകലാശാലകൾ തളരാൻ ഇടവരരുത്. സർക്കാരും ഭരണഘടനാ സ്ഥാപനമായ രാജ്ഭവനും വെടിനിർത്തുകയെന്നതാണ് ഇതിന് ആദ്യമായി ചെയ്യേണ്ട കാര്യം. സ്വതന്ത്ര സ്ഥാപനമായ സർവകലാശാലകളിൽ മികവുറ്റ ഭരണസംവിധാനം ഉറപ്പാക്കുകയും വേണം.

TAGS: UNIVERSITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.