തിരുവനന്തപുരം: കേരള സർവകലാശാലയുടെ നാലു വർഷ ബിരുദ കോഴ്സിൽ റാപ്പർ വേടനെ (ഹിരൺ ദാസ് മുരളി) കുറിച്ചുള്ള പാഠഭാഗം ഉൾപ്പെടുത്തിയതിനെപ്പറ്റി വി.സി ഡോ. മോഹനൻ കുന്നുമ്മേൽ ബോർഡ് ഒഫ് സ്റ്റഡിസ് അംഗങ്ങളോട് വിശദീകരണം തേടി. ഇംഗ്ലീഷ് കോഴ്സിന്റെ മൂന്നാം സെമസ്റ്ററിലാണ് പാഠഭാഗം. വേടന്റെ സംഗീതം സാമൂഹിക നീതിയിലും പാശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളുടെ അവകാശങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി ഇതിൽ പറയുന്നു.
മൾട്ടി ഡിസിപ്ലിനറി കോഴ്സായ ‘കേരള സ്റ്റഡീസ് ആർട്ട് ആൻഡ് കൾച്ചറിലാണ്' പാഠഭാഗമുള്ളത്. 'ഡികോഡിംഗ് ദ റൈസ് ഒഫ് മലയാളം റാപ്: എ ഡീപ് ഡൈവ്' എന്ന ലേഖനമാണ് കുട്ടികൾക്ക് പഠിക്കേണ്ടത്. ഇതിൽ രണ്ടാമത്തെ മോഡ്യൂളിൽ 'ദ കീ ആർട്ടിസ്റ്റ് ഇൻ മലയാളം റാപ്പ്' എന്ന തലക്കെട്ടിൽ ഒരു ഖണ്ഡിക വേടനെക്കുറിച്ചാണ്. തന്റെ സംഗീതത്തിലൂടെ, മലയാള റാപ്പ് രംഗത്ത് ചെറുത്തുനിൽപ്പിന്റെയും ശാക്തീകരണത്തിന്റെയും പ്രതീകമായി വേടൻ മാറിക്കഴിഞ്ഞതായി ലേഖനത്തിൽ പറയുന്നു.
പാബ്ളോ നെരുദ
എഴുതാത്ത കവിത
പാബ്ലോ നെരുദയുടെ പേരിൽ നെരൂദ എഴുതിയിട്ടില്ലാത്ത കവിത നാലു വർഷ ബി.എ ഇംഗ്ലീഷ് ഒന്നാം സെമസ്റ്റർ പാഠഭാഗമായി ഉൾക്കൊള്ളിച്ചതിനെക്കുറിച്ചും വി.സി വിശദീകരണം തേടി. ബോർഡ് ഒഫ് സ്റ്റഡീസാണ് ഇവ സിലബസിൽ ഉൾപ്പെടുത്താൻ ശുപാർശ ചെയ്തത്.
രജിസ്ട്രാറുടെ
സ്റ്റാഫിന് മെമ്മോ
യൂണിവേഴ്സിറ്റിയുടെ വിവിധ സർട്ടിഫിക്കറ്റുകളിൽ പതിക്കേണ്ട രജിസ്ട്രാറുടെ സീൽ പൂഴ്‌ത്തി വച്ച രജിസ്ട്രാറുടെ സ്റ്റാഫിന് മെമ്മോ നൽകാൻ വി.സി നിർദ്ദേശിച്ചു. സീൽ സർവ്വകലാശാലയുടെ പൊതുസ്വത്താണെന്നും, സർട്ടിഫിക്കറ്റുകളിൽ കൃത്യമായി പതിച്ചു കൊടുക്കണമെന്നും വീഴ്ച കാട്ടിയാൽ നടപടിയെടുക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് നോട്ടീസ്. വിദേശത്ത് ഉപരിപഠനത്തിനു പോകേണ്ട വിദ്യാർത്ഥികൾക്കും ഫെല്ലോഷിപ്പ് ലഭിക്കേണ്ടവർക്കും സീൽ പതിക്കാത്തതിനാൽ സർട്ടിഫിക്കറ്റ് ലഭിക്കുന്നില്ല. സസ്പെൻഷനിലുള്ള രജിസ്ട്രാർ ഡോ.കെ.എസ്. അനിൽകുമാറിന്റെ സ്റ്റാഫംഗങ്ങളാണ് സീൽ തടഞ്ഞു വച്ചിരിക്കുന്നത്.
വിദ്യാർത്ഥിനികളോട് അപമാര്യാദയായി പെരുമാറുകയും കൃത്യമായി
ക്ലാസെടുക്കാതിരിക്കുകയും ചെയ്യുന്ന സൈക്കോളജി വിഭാഗം അദ്ധ്യാപകൻ ഡോ. ജോൺസനെതിരെ വി.സി അന്വേഷണം പ്രഖ്യാപിച്ചു. പരാതി അന്വേഷിക്കാൻ സീനിയർ പ്രൊഫസർമാരുടെ സമിതിയെ നിയോഗിച്ചു. സമിതിയുടെ റിപ്പോർട്ട് സിൻഡിക്കേറ്റിന്റെ പരിഗണനയ്ക്ക് സമർപ്പിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |