കേരളയിൽ കോളേജ് വികസന കൗൺസിൽ അദ്ധ്യക്ഷൻ രാജി വച്ചു
തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനത്തലേന്ന് 'വിഭജന ഭീതി ദിനം' ആചരിക്കാനുള്ള ഗവർണറുടെ നിർദ്ദേശത്തെ സർക്കാർ രൂക്ഷമായി എതിർക്കുന്നതിനിടെ, ദിനാചരണം നടത്തണമെന്ന് കോളേജുകളോട് കണ്ണൂർ, കേരള, സാങ്കേതിക സർവകലാശാല വി.സിമാർ.
വിഭജന കാലത്ത് ഇന്ത്യക്കാർക്ക് അനുഭവിക്കേണ്ടി വന്ന വേദനകളും ദുരിതങ്ങളും അനുസ്മരിക്കുന്ന സെമിനാറുകളും ചർച്ചകളും സിമ്പോസിയങ്ങളും നടത്താനാണ് നിർദ്ദേശം.
കേരള സർവകലാശാലയിലെ എല്ലാ കോളേജുകളിലും കാര്യവട്ടം ക്യാമ്പസിലും ദിനാചരണം നടത്തണമെന്ന് വി.സിയുടെ നിർദ്ദേശപ്രകാരം ഇന്നലെ രാവിലെ 11ന് സർക്കുലർ ഇറക്കിയ കോളേജ് വികസന കൗൺസിൽ ഡയറക്ടർ ഡോ.വി.ബിജു വൈകിട്ട് 4ന് തിരുത്തി.
ദിനാചരണത്തിൽ മുഖ്യമന്ത്രി എതിർപ്പറിയിച്ച സാഹചര്യത്തിൽ ഉചിതമായ തീരുമാനം ബന്ധപ്പെട്ടവരുമായി ആലോചിച്ചോ സ്വന്തം നിലയിലോ കൈക്കൊള്ളാനാണ് പുതിയ സർക്കുലർ. തന്റെ സമ്മതമില്ലാതെയാണ് സർക്കുലർ തിരുത്തിയതെന്ന് വി.സി ഡോ.മോഹനൻ കുന്നുമ്മേൽ വ്യക്തമാക്കിയതിന് പിന്നാലെ ,ഡോ.ബിജു ഡയറക്ടർ സ്ഥാനം രാജി വച്ചു. ഫികിസ്ക് പഠനവകുപ്പിൽ പ്രൊഫസറാണ് ഡോ.ബിജു. കൗൺസിൽ ഡയറക്ടറുടെ അധിക ചുമതലയിലായിരുന്നു. കേരള സർവകലാശാലയിലെ ഇടത് അദ്ധ്യാപക സംഘടനയുടെ മുൻ പ്രസിഡന്റും സംസ്ഥാനതല ഫെഡറേഷന്റെ നേതാവുമാണ് ഡോ.ബിജു.
ആർ.എസ്.എസ്
അജൻഡയെന്ന്
ഗവർണറുടെ നിർദ്ദേശത്തിനെതിരേ മന്ത്രിമാരായ ആർ.ബിന്ദുവും പി.രാജീവും രംഗത്തെത്തി. സംസ്ഥാന നിയമസഭ നൽകിയ അധികാരങ്ങളേ ഗവർണർക്കുള്ളൂവെന്നും ആർ.എസ്.എസ് അജൻഡ നടപ്പാക്കാനാണ് ശ്രമമെന്നും മന്ത്രി രാജീവും,മതരാഷ്ട്ര നിർമ്മിതിയാണ് ലക്ഷ്യമെന്ന് മന്ത്രി ബിന്ദുവും ആരോപിച്ചു. യു.ഡി.എഫും ശക്തമായ എതിർപ്പ് പ്രകടിപ്പിച്ചു. ഏത് ക്യാമ്പസിൽ ദിനാചരണം നടത്തിയാലും തടയുമെന്ന് എസ്.എഫ്.ഐയും കെ.എസ്.യുവും വ്യക്തമാക്കി. ക്യാമ്പസുകളിൽ ഇന്ന് ചാൻസലറുടെ കോലം കത്തിക്കുമെന്ന് എസ്.എഫ്.ഐ അറിയിച്ചു. അതേസമയം, 2021മുതൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാന പ്രകാരം ദിനാചരണം നടത്തുന്നുണ്ടെന്നും ഇത്തവണയും കേന്ദ്രനിർദ്ദേശം സർവകലാശാലകൾക്ക് കൈമാറുകയാണ് ചെയ്തതെന്നുമാണ് രാജ്ഭവന്റെ വിശദീകരണം.
''ഇത്തരം കാര്യങ്ങൾ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് ഗവർണർ പദവിയുടെ ദുരുപയോഗമാണ്. ഭരണഘടനാ പദവിയിൽ ഇരിക്കുന്നവർ നിയമമനുസരിച്ചാണ് പ്രവർത്തിക്കേണ്ടത്.''
-മന്ത്രി പി.രാജീവ്
''വിഭജനം കാരണം എന്തൊക്കെ ദുരന്തങ്ങൾ നാടിന് നേരിടേണ്ടി വന്നെന്ന് പുതിയ തലമുറ മനസിലാക്കണം''
- ബി.ജെ.പി നേതാവ്
വി.മുരളീധരൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |