അഭിനയ സരസ്വതി, കന്നഡ പൈങ്കിളി... കന്നഡ സിനിമയുടെ ആദ്യ വനിതാ സൂപ്പർ സ്റ്റാറായ ബി. സരോജാ ദേവിക്ക് വിശേഷണങ്ങൾ ഏറെയാണ്. എം.ജി.ആറും ശിവാജി ഗണേശനും ജെമിനി ഗണേശനും എൻ.ടി. രാമറാവുവുമൊക്കെ ദക്ഷിണേന്ത്യൻ സിനിമയിൽ ജ്വലിച്ചുനിൽക്കുന്ന കാലത്ത് താരപദവിയെ പുനർനിർവചിച്ച ഭാഗ്യനായിക. മഹാനടിയെന്ന് സാവിത്രിയെ വിശേഷിപ്പിച്ചപ്പോൾ, അഭിനയ സരസ്വതിയായി ചലച്ചിത്ര ലോകം സരോജാ ദേവിയെ വാഴ്ത്തി.
അഭിനയത്തിൽ മാത്രമല്ല, ഫാഷൻ സെൻസിലും ബാംഗ്ലൂർ സരോജാ ദേവി എന്ന ബി. സരോജാ ദേവി ഐക്കൺ ആയി തിളങ്ങി. 1960-കളിൽ സരോജ തന്റെ സിനിമകളിൽ ഉപയോഗിച്ചിരുന്ന സാരിയും ആഭരണങ്ങളും ഹെയർ സ്റ്റൈലുമൊക്കെ ട്രെൻഡായി പടർന്നു. ദക്ഷിണേന്ത്യൻ സിനിമയുടെ സുവർണ കാലഘട്ടത്തിന്റെ ശില്പികളിൽ ഒരാളായ സരോജ, പാൻ ഇന്ത്യൻ താരമെന്ന തലത്തിലേക്കു വളർന്നത് ചുരുങ്ങിയ സമയത്തിനുള്ളിലാണ്.
1938 ജനുവരി ഏഴിന് ബംഗളൂരുവിൽ ജനനം. അച്ഛൻ ഭൈരപ്പ, പൊലീസ് ഓഫീസറും അമ്മ രുദ്രമ്മ വീട്ടമ്മയുമായിരുന്നു. നാലു മക്കളിൽ ഇളയവൾ. ചെറുപ്പത്തിൽത്തന്നെ നൃത്തം പഠിക്കാനും അഭിനയിക്കാനും പൂർണ പിന്തുണയുമായി ഭൈരപ്പ മകൾക്കൊപ്പം നിന്നു. നൃത്തവേദികളിലും സിനിമാ സ്റ്റുഡിയോയിലുമൊക്കെ മകൾക്കു കൂട്ടായി അച്ഛനുമുണ്ടായിരുന്നു. സരോജ സ്വിം സ്യൂട്ടോ സ്ലീവ്‌ലെസ് ബ്ലൗസോ ധരിക്കരുതെന്ന നിബന്ധന അമ്മയ്ക്കുണ്ടായിരുന്നു. കരിയറിലുടനീളം സരോജ ആ നിബന്ധന പാലിച്ചു. പതിമൂന്നാം വയസിൽത്തന്നെ സിനിമയിലേക്ക് ഓഫർ ലഭിച്ചെങ്കിലും സരോജ നിരസിച്ചു.
ആദ്യ ചിത്രമായ മഹാകവി കാളിദാസയിൽ (1955) സഹനടിയുടെ റോളായിരുന്നു സരോജയ്ക്ക്. അന്ന് പ്രായം പതിനേഴ്. ചിത്രം മികച്ച കന്നഡ ഫീച്ചർ ചിത്രത്തിനുള്ള ദേശീയ പുരസ്കാരം നേടി. ഏതാനും കന്നഡ ചിത്രങ്ങൾക്കും തമിഴ്, തെലുങ്ക് അരങ്ങേറ്റ ചിത്രത്തിനും ശേഷം ശിവാജി ഗണേശന്റെ തങ്കമാലൈ രഗസിയം (1957) എന്ന ചിത്രത്തിൽ അഭിനയിച്ചത് വഴിത്തിരിവായി. തന്റെ പുതിയ ചിത്രമായ നാടോടി മന്നനിൽ (1958) നായികയാകാൻ എം.ജി.ആർ ക്ഷണിച്ചതോടെ തമിഴിൽ സരോജയുടെ ഭാഗ്യരേഖ തെളിഞ്ഞു.
ഇതിനിടെ, ദിലീപ് കുമാറിന്റെ 'പൈഗാം" എന്ന ഹിന്ദി ചിത്രത്തിൽ അഭിനയിക്കാനും അവസരം ലഭിച്ചു. രാജ് കപൂറിന്റെ 'നസ്രാന"യിൽ (1961) സരോജയെ നായികയായി നിശ്ചയിച്ചിരുന്നെങ്കിലും സംവിധായകനുമായുള്ള തർക്കത്തെ തുടർന്ന് ആ അവസരം വൈജയന്തിമാലയ്ക്ക് ലഭിച്ചു. എം.ജി.ആറിനൊപ്പം ഇരുപത്തിയാറും ശിവാജി ഗണേശനോടൊപ്പം ഇരുപത്തിരണ്ടും ജെമിനി ഗണേശനൊപ്പം പതിനേഴും ചിത്രങ്ങളിൽ അഭിനയിച്ചു. കന്നഡ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായിക കൂടിയായിരുന്നു സരോജ.
എൻജിനിയറായ ശ്രീഹർഷ ആയിരുന്നു സരോജയുടെ ഭർത്താവ്. 1967-ലായിരുന്നു വിവാഹം. വിവാഹശേഷവും അഭിനയം തുടരാൻ ഹർഷ സരോജയ്ക്ക് പിന്തുണയേകി. ആരോഗ്യ പ്രശ്നങ്ങൾ നേരിട്ടിരുന്ന ഹർഷ 1986-ൽ വിടപറഞ്ഞു. തുടർന്ന്, ഒരു വർഷം പൊതുവേദികളിൽ നിന്ന് വിട്ടുനിന്ന സരോജ, തിരിച്ചെത്തി പാതിവഴിയിൽ നിലച്ച സിനിമകളെല്ലാം പൂർത്തിയാക്കി. പുതിയ സിനിമാ കരാറുകളിൽ ഏർപ്പെടാൻ അവർ തയ്യാറായില്ല. അഞ്ചു വർഷത്തോളം നീണ്ട ഇടവേളയ്ക്കു ശേഷം ആരാധകരുടെയും നിർമ്മാതാക്കളുടെയും അഭ്യർത്ഥന മാനിച്ച് സിനിമയിലെത്തിയെങ്കിലും ഹീറോയിനിൽ നിന്ന് സഹതാരത്തിന്റെ റോളുകൾ സരോജ തിരഞ്ഞെടുക്കാൻ തുടങ്ങി. 2000-ത്തിനു ശേഷം വിരലിലെണ്ണാവുന്ന സിനിമകളിലാണ് സരോജ അഭിനയിച്ചത്. 2009-ൽ സൂര്യയുടെ 'ആദവനി"ൽ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചിരുന്നു. പുനീത് രാജ്കുമാറിന്റെ 'നടസാർവഭൗമ"യിലാണ് (2019) അവസാനമായി പ്രത്യക്ഷപ്പെട്ടത്.
സാവിത്രി, സരോജാ ദേവി ,ദേവിക - ഈ മൂന്നു നടിമാരാണ് തെന്നിന്ത്യൻ ചലച്ചിത്ര രംഗത്തെ അഭിനയ റാണിമാരായി വിശേഷിപ്പിക്കപ്പെട്ടിരുന്നത്. അതിലെ അവസാന കണ്ണിയും വിടപറഞ്ഞിരിക്കുന്നു. ദക്ഷിണേന്ത്യൻ സിനിമയിൽ വരാനിരിക്കുന്ന തലമുറകൾക്കും പ്രചോദനമാകുന്ന അദ്ധ്യായങ്ങൾ രചിച്ച ശേഷമാണ് വേഷപ്പകർച്ചയില്ലാത്ത ലോകത്തേക്ക് സരോജാ ദേവി യാത്രയായിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |