അണികൾ തിരുത്തുമോ ... കണ്ണൂരിൽ വ്യാപക പോസ്റ്റർ പ്രതിഷേധം

Friday 08 May 2026 12:20 AM IST

തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പാർട്ടി നേതൃത്വത്തിനെതിരെ പ്രതിഷേധ സ്വരങ്ങൾ ഉയരുകയാണ്. പാർട്ടിയുടെ ദയനീയ തോൽവിക്ക് ഉത്തരവാദികൾ നേതൃത്വമാണെന്ന ആരോപണവുമായി പ്രവർത്തകരിൽ ഒരു വിഭാഗം രംഗത്തെത്തിയിരിക്കുകയാണ്. തോൽവിക്ക് പിന്നാലെ വിവിധ കേന്ദ്രങ്ങളിൽ അണികളിൽ നിന്നും വ്യാപകമായ പോസ്റ്റർ പ്രതിഷേധമാണ് കണ്ണൂരിൽ സി.പി.എം നേരിട്ടു കൊണ്ടിരിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം വന്നതിന്റെ തൊട്ടടുത്ത ദിവസം മുതൽ തന്നെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഫ്ലക്സുകളും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു തുടങ്ങി.കണ്ണൂർ ജില്ലയിലെ പാർട്ടി ഗ്രാമങ്ങളിൽ ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ സമാനമായ ഫ്ലക്‌സ് ബോർഡുകൾ വരുന്നത് പാർട്ടി നേതൃത്വത്തിന് തലവേദനയായി മാറിയിരിക്കുകയാണ്. കണ്ണൂരിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും മുഖ്യമന്ത്രിയും പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയനും സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനുമെതിരെയാണ് അണികളുടെ പോസ്റ്റർ, ഫ്ലക്‌സ് പ്രതിഷേധം തുടരുന്നത്. പി. ജയരാജനെ വ്യാപകമായി പിന്തുണച്ചുകൊണ്ടാണ് പോസ്റ്ററുകൾ സ്ഥാപിച്ചിട്ടുള്ളത്.

എം.വി. ഗോവിന്ദനും കെ.കെ. രാഗേഷിനുമെതിരെ എം.വി. ഗോവിന്ദന്റെ നാടായ തളിപ്പറമ്പിലും പിണറായിക്കും ഗോവിന്ദനുമെതിരെ മലയോര പഞ്ചായത്തായ കോളയാടെ ഊരായിക്കൊല്ലിയിലുമാണ് ഫ്ലക്‌സ് പ്രത്യക്ഷപ്പെടുന്നത്. പാർട്ടിയാണ് വലുത് നേതാക്കളല്ലെന്ന് കോളയാട് പ്രത്യക്ഷപ്പെട്ട ബോർഡിൽ എഴുതിയിട്ടുണ്ട്. ഇനി നയിക്കാൻ ഇവരുണ്ടെങ്കിൽ ഇവരുടെ കൂടെ ഞങ്ങളുമുണ്ടെന്ന് എം. സ്വരാജിന്റെയും പി. ജയരാജന്റെയും ചിത്രം നൽകിയും എഴുതിയിട്ടുണ്ട്. ചെങ്കോട്ടമുക്ക് ഈരായിക്കൊല്ലി എന്ന പേരിലാണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്. തളിപ്പറമ്പ് മണ്ഡലത്തിലെ ധർമ്മശാലയിലും ആന്തൂരിലെ വിവിധയിടങ്ങളിലും നേതൃത്വത്തിനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുകയുണ്ടായി. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും ജില്ലാ സെക്രട്ടറിയും പദവികൾ ഒഴിയണമെന്നാണ് പോസ്റ്ററുകളിലെ പ്രധാന ആവശ്യം.

മോറാഴ സഖാക്കൾ എന്ന പേരിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിൽ പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. പൊതുമണ്ഡലത്തിൽ പാർട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന പ്രവർത്തനങ്ങളാണ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും അതിനാൽ ഇരുവരും സ്ഥാനമൊഴിയണമെന്നും പോസ്റ്ററുകളിൽ ആവശ്യപ്പെടുന്നു. കഴിഞ്ഞ ദിവസം പുലർച്ചെയാണ് ആന്തൂർ നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ ഇത്തരം പോസ്റ്ററുകൾ വ്യാപകമായി കണ്ടത്. എന്നാൽ പ്രഭാത സവാരിക്കിറങ്ങിയ പാർട്ടി പ്രവർത്തകർ വിവരം അറിഞ്ഞതോടെ ഉടൻ തന്നെ ഇവ നീക്കം ചെയ്യുകയായിരുന്നു .

തൊട്ടടുത്ത ദിവസം തന്നെ ജില്ലയിൽ വീണ്ടും പി. ജയരാജനെ പിന്തുണച്ച് ഫ്ലക്‌സ് ബോർഡുകൾ ഉയർന്നു. അഴീക്കോട് മണ്ഡലത്തിലാണ് പി. ജയരാജനായി ഫ്ലക്‌സുകൾ ഉയർന്നത്. പി. ജയരാജനെ വിളിക്കൂ, പാർട്ടിയെ രക്ഷിക്കൂവെന്നാണ് ഫ്ലക്‌സിലെ വാചകങ്ങൾ. കടമ്പൂർ പഞ്ചായത്തിലെ ആഡൂരിലും ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുകയുണ്ടായി. 'തിരുത്തേണ്ട പാഠഭാഗങ്ങളുണ്ട്, ജീർണതകൾ ചർച്ച ചെയ്ത് തിരുത്താതിരുന്നാൽ ജനങ്ങൾക്കിടയിൽ വിശ്വാസ്യതയ്ക്ക് മങ്ങലേൽക്കും' എന്ന പി .ജയരാജന്റെ ഫെയ്സ്ബുക്ക് കുറിപ്പിലെ വാചകവും ബോർഡിൽ എഴുതി വെച്ചിട്ടുണ്ട് പിന്നീട് വീണ്ടും സി.പി.എം സംസ്ഥാന സെക്രട്ടറിയായ എം.വി. ഗോവിന്ദന്റെ മണ്ഡലമായ തളിപ്പറമ്പിലെ കുറുമാത്തൂരിൽ പി. ജയരാജന് അനുകൂലമായി ഫ്ലക്‌സ് ബോർഡ് ഉയർന്നു. കുറുമാത്തൂർ സഖാക്കളെന്ന പേരിലാണ് ബോർഡ് സ്ഥാപിച്ചത്. സി.പി.എം സംസ്ഥാന സെക്രട്ടറിയായി എം. സ്വരാജും കണ്ണൂർ ജില്ലാ സെക്രട്ടറിയായി പി.ജയരാജനും വരണമെന്നാണ് ഫ്ലക്‌സിൽ എഴുതിയിട്ടുള്ളത്. വ്യക്തികളായിരുന്നവർ നേതാക്കന്മാരായി വന്നത് അവർ ഈ രാജ്യത്തെ ജനങ്ങളെ സേവിച്ചതുകൊണ്ടാണ്. ജനങ്ങളെ സേവിക്കാനെന്നുള്ള ജോലി വിട്ട് വേറെന്തെങ്കിലും ചെയ്യാൻ ഏത് നേതാവ് തുടങ്ങിയാലും ആ നേതാവിനെ ജനങ്ങൾ കീഴ്‌പ്പെടുത്തും... ഇത്തരത്തിൽ ഇ.എം.എസ്സിന്റെ പ്രസംഗത്തിന്റെ പ്രസക്ത വാചകങ്ങളും അദ്ദേഹത്തിന്റെ ഫോട്ടോയോടു കൂടി ഫ്ലക്സിൽ എഴുതിയിട്ടുണ്ട്.

കണ്ണൂർ ജില്ലാ സെക്രട്ടറിയായി വിപ്ലവസൂര്യൻ സഖാവ് പി. ജയരാജനും സംസ്ഥാന സെക്രട്ടറിയായി എം. സ്വരാജും വരണമെന്നാണ് കുറുമാത്തൂർ സഖാക്കളുടെ പേരിൽ വെച്ച ഈ ഫ്ലക്‌സിൽ എഴുതിയിട്ടുള്ളത്. കണ്ണൂരിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇത്തരം തുറന്ന പ്രതിഷേധങ്ങൾക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമാണുള്ളത്. പാർട്ടിയുടെ ശക്തികേന്ദ്രമായി കണക്കാക്കപ്പെടുന്ന ജില്ലയിൽ തന്നെയാണ് നേതൃത്വത്തിനെതിരായ പ്രതിഷേധം ഉയരുന്നതെന്നത് നേതൃത്വത്തിന് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. പ്രത്യേകിച്ച് യുവ പ്രവർത്തകരുടെ ഭാഗത്ത് നിന്ന് നേതൃത്വത്തിൽ മാറ്റം വേണമെന്ന ആവശ്യം ശക്തമായി ഉയർന്നു വരുന്നുണ്ട്.

ബോർഡുകൾ നീക്കം ചെയ്യണം: ഫേസ് ബുക്ക് കുറിപ്പുമായി പി. ജയരാജൻ

തന്റെ പടം വച്ചുള്ള ബോർഡുകൾ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ഫേസ്ബുക്ക് കുറിപ്പുമായി സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ പി. ജയരാജൻ രംഗത്തെത്തി. ഫ്ലക്‌സ് ബോർഡിലൂടെ പ്രചാരണം നടത്തി മുഖ്യമന്ത്രിയാക്കാൻ കൊണ്ടുപിടിച്ച ശ്രമം കോൺഗ്രസുകാർ നടത്തുന്നുണ്ടെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. കോൺഗ്രസ് പ്രതിസന്ധിയിലായപ്പോൾ ''ഇന്ദിരയെ വിളിക്കൂ, സോണിയയെ വിളിക്കൂ, കോൺഗ്രസിനെ രക്ഷിക്കൂ'' എന്ന മുദ്രാവാക്യം ഉയർത്തി. അത് കോൺഗ്രസ് സംസ്‌കാരമാണ്. അതിൽ നിന്ന് വ്യത്യസ്തമാണ് കമ്മ്യൂണിസ്റ്റ് സംഘടനാരീതി. കാരണം നിലവിലുള്ള മുതലാളിത്ത വ്യവസ്ഥയെ മാറ്റിത്തീർക്കാൻ ശ്രമിക്കുന്ന വിപ്ലവ പ്രസ്ഥാനമാണ് സി.പി.എം. ഈ പാർട്ടി തിരഞ്ഞെടുപ്പിനെ മാത്രം ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്ന പാർട്ടിയല്ല. ഇന്ത്യയിൽ നടന്ന തിരഞ്ഞെടുപ്പുകളിൽ വിജയവും പരാജയവും കമ്മ്യൂണിസ്റ്റുകാർ നേരിട്ടിട്ടുണ്ട്. ഓരോ സന്ദർഭങ്ങളിലും അവയെ വസ്തുനിഷ്ഠമായി വിലയിരുത്താറുമുണ്ട്.

വിജയത്തിലും പരാജയത്തിലും ഉണ്ടായ നേട്ടങ്ങളും കോട്ടങ്ങളും പരിശോധിച്ച് തുടർനടപടികളും കൈക്കൊള്ളാറുമുണ്ട്. ഈ നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് അതീവ ഗൗരവമായ പരിശോധന നടത്തേണ്ടതുണ്ടെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കിയിട്ടുമുണ്ട്. അതിന്റെ തുടർച്ചയായി തിരുത്തൽ നടപടികളും വരും. അത്തരമൊരു പരിശോധനയ്ക്കും തിരുത്തലിനും സഹായകരമല്ലാത്ത നിലപാടാണ് ചിലർ കൈക്കൊള്ളുന്നത്. പരാജയത്തിന്റെ കാരണക്കാരാണെന്ന് അവർ കണക്കാക്കുന്ന ചില പാർട്ടി നേതാക്കളെ ലക്ഷ്യം വെച്ച് പരസ്യ വിമർശനവും നടത്തുന്നുണ്ട്. വലതുപക്ഷക്കാർ ഇത്തരം പ്രവർത്തനങ്ങളെ ഉപയോഗിച്ച് പാർട്ടിയെ ആക്രമിക്കാനും ശ്രമിക്കുന്നുണ്ട്. ഇത്തരം ഒരു സാഹചര്യത്തിൽ സോഷ്യൽ മീഡിയയിലൂടെയുള്ള തുറന്ന ചർച്ചകൾ ഒഴിവാക്കുക. അഭിപ്രായങ്ങളും വിമർശനങ്ങളും പാർട്ടി നേതൃത്വത്തെ അറിയിക്കുക, ഉൾപാർട്ടി ചർച്ചകൾ പ്രോത്സാഹിപ്പിക്കുക - ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും എന്റെ പടം വെച്ചുള്ള ബോർഡുകൾ നീക്കം ചെയ്യണമെന്നും ജയരാജൻ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ എന്നെ പ്രകീർത്തിച്ചുകൊണ്ടും പാർട്ടി നേതൃത്വത്തിലുള്ള ചിലരെ ഇകഴ്ത്തിക്കൊണ്ടും നടത്തുന്ന പ്രചാരണങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം കുറിപ്പിൽ പറയുന്നു.