
ചന്ദ്രനിലെ കളങ്കത്തിന് ചന്ദ്രനോളം തന്നെയുണ്ട് പ്രായമെന്ന ഭംഗിവാക്കു പോലെയാണ് കുട്ടികളുടെ മൊബൈൽ ഉപയോഗത്തെക്കുറിച്ചുള്ള പഴിപറച്ചിൽ. മൊബൈൽ ഫോണുകൾ പ്രചാരത്തിലായ കാലം തൊട്ടേ തുടങ്ങിയതാണ്, അവയുടെ അമിത ഉപയോഗം കുട്ടികളിൽ ഉണ്ടാക്കിയേക്കാവുന്ന ശാരീരികവും വൈകാരികവുമായ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ആശങ്കകളും, ഇതെല്ലാം ചേർന്ന് സൃഷ്ടിച്ചേക്കാവുന്ന സാമൂഹിക
പ്രത്യാഘാതത്തെക്കുറിച്ചുള്ള ഭീതിയും. അത്തരം ആശങ്കകളും ഭീതിയുമെല്ലാം യാഥാർത്ഥ്യമായിരിക്കുന്നതിന്റെ അമ്പരപ്പിക്കുന്ന വാർത്തകളാണ് ഓരോദിവസവും പുറത്തുവരുന്നത്. ശ്രദ്ധേയമായ ഒരു കാര്യം, വില്ലൻ വേഷത്തിൽ ഇതുവരെ അവതരിപ്പിക്കപ്പെട്ടിരുന്നത് മൊബൈൽ ഫോൺ തന്നെയും, അവയെ 'ആത്മാർത്ഥ മിത്ര'മാക്കി മാറ്റുന്ന കുട്ടികളുമായിരുന്നെങ്കിൽ, അവരുടെ സ്ക്രീൻ അഡിക്ഷനു പിന്നിലെ യഥാർത്ഥ കുറ്റവാളികൾ മാതാപിതാക്കളും രക്ഷിതാക്കളും തന്നെയാണ് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത.
ചെറിയ പ്രായക്കാരായ കുട്ടികൾ വികൃതി കാട്ടാതെ അടങ്ങിയിരിക്കാനും, ഭക്ഷണത്തോട് മുഖംതിരിക്കുന്നത് ഒഴിവാക്കാനും, അനുസരിപ്പിക്കാനുമൊക്കെ മൊബൈൽ കൈയിൽ വച്ചുകൊടുക്കുന്ന മാതാപിതാക്കൾ, പിന്നീട് പെട്ടെന്നൊരു ദിവസം അവ പിടിച്ചുവാങ്ങുകയും വിലക്കുകയും ചെയ്യുമ്പോൾ കുട്ടികൾ അമിത വൈകാരികതയോടെ പ്രതികരിക്കുന്നതിൽ അസ്വാഭാവികതയുണ്ടെന്ന് എങ്ങനെ പറയാനാവും? മൊബൈൽ ഉപയോഗം വിലക്കിയതിനെ തുടർന്ന് അക്രമാസക്തയായ പതിനാറുകാരിയെ നിരീക്ഷിക്കാൻ അഹമ്മദാബാദിൽ ഒരു കുടുംബം 65,000 രൂപ ശമ്പളത്തിൽ നാല് ബൗൺസർമാരെ നിയോഗിച്ച വാർത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്! മൊബൈൽ ഗെയിം അഡിക്ഷൻ മൂത്ത് വീട്ടിലെ വളർത്തുമൃഗങ്ങളെ ആക്രമിച്ചുതുടങ്ങിയ പയ്യനിൽ നിന്ന് അവയെ സംരക്ഷിക്കാൻ ബൗൺസർമാരുടെ സഹായം തേടിയത് സൂററ്റിലെ ഒരു കുടുംബമാണ്. വിചിത്രവും അപകടകരവുമായ ഈ സാഹചര്യം വിശദീകരിച്ച് ഇന്നലെ ഒന്നാം പേജിൽ ഞങ്ങൾ പ്രസിദ്ധീകരിച്ച വാർത്തയെത്തുടർന്ന് നിരവധി രക്ഷിതാക്കളാണ് ഫോണിൽ വിളിച്ച് അവരുടെ അനുഭവം പങ്കുവച്ചത്!
കുട്ടികളുടെ മൊബൈൽ അഡിക്ഷൻ ഉണ്ടാക്കാവുന്ന അപകടസാഹചര്യങ്ങളുടെ കാര്യത്തിൽ കേരളത്തിലെ സ്ഥിതിയും വ്യത്യസ്തമല്ലെന്ന് ഓർമ്മപ്പെടുത്തുന്നതായിരുന്നു, ആ രക്ഷിതാക്കൾ തുറന്നുപറഞ്ഞ കാര്യങ്ങൾ. കേന്ദ്ര വിദ്യാഭ്യാസ ഏജൻസിയായ സി.ബി.എസ്.ഇയുടെ സർവേ അനുസരിച്ചുതന്നെ പന്ത്രണ്ടു വയസിൽ താഴെയുള്ള 75 ശതമാനം കുട്ടികളും ദിവസവും നാലുമണിക്കൂർ നേരമെങ്കിലും മൊബൈൽ സ്ക്രീനിലേക്ക് കണ്ണുംനട്ടിരിക്കുന്നവരാണ്. പതിന്നാലിനും പതിനാറിനും ഇടയ്ക്കുള്ള കൗമാരപ്രായക്കാരിൽ ഇത് 82 ശതമാനത്തിലും അധികമാണെന്നും കണ്ടെത്തിയിട്ടുണ്ട്. കാഴ്ച, കേൾവി, ബുദ്ധിശക്തി, ചിന്താശേഷി തുടങ്ങിയ ശാരീരികശേഷികളെ മൊബൈൽ ഉപയോഗം പ്രതികൂലമായി ബാധിക്കും എന്നതായിരുന്നു ഇതുവരെയുള്ള ആശങ്കയെങ്കിൽ, മാനസികനില, സ്വഭാവ രൂപീകരണം, വൈകാരിക നിയന്ത്റണം തുടങ്ങി കുറേക്കൂടി സങ്കീർണമായ വിഷയങ്ങളിൽ സ്ക്രീൻ അഡിക്ഷൻ വരുത്തുന്ന വിക്രിയകളെ എങ്ങനെ നേരിടണമെന്നറിയാതെ അമ്പരക്കുകയാണ് ഇപ്പോൾ അതേ രക്ഷിതാക്കൾ.
കുട്ടികളിൽ വർദ്ധിച്ചുവരുന്ന അമിതക്ഷോഭം, അന്തർമുഖത്വം, പഠനവൈകല്യങ്ങൾ, സാമൂഹികമായ ഉൾവലിയൽ തുടങ്ങിയവ പഠനവിധേയമാക്കിയതിനു ശേഷമാണ്, കുട്ടികളുടെ സ്ക്രീൻ ഉപയോഗം നിയന്ത്രിക്കാൻ പ്രത്യേക നിയമം നടപ്പാക്കണമെന്ന് ബാലാവകാശ കമ്മിഷൻ അടുത്തിടെ ശുപാർശ ചെയ്തത്. മൊബൈൽ ഉപയോഗ നിയന്ത്രണത്തിന് നിയമമോ എന്നായിരുന്നു അന്ന് അദ്ഭുതത്തോടെ പലരുടെയും പ്രതികരണം. പക്ഷേ, അത്തരമൊരു നിയമം എത്രയും വേഗം രൂപപ്പെടുത്തുകയും, അത് കർശനമായി നടപ്പാക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരൽചൂണ്ടുന്നതാണ് പുറത്തുവരുന്ന വാർത്തകൾ. കുട്ടികളുടെ മൊബൈൽ അഡിക്ഷന്റെ പേരിൽ അവരെ കുറ്റപ്പെടുത്തുകയും ശിക്ഷിക്കാൻ പുറപ്പെടുകയും ചെയ്യുന്ന രക്ഷിതാക്കൾ സ്വയം തിരിച്ചറിയേണ്ടത്, തെറ്റുപറ്റിയത് തങ്ങൾക്കു തന്നെയാണ് എന്ന പരമാർത്ഥമാണ്. ആദ്യം തിരുത്തേണ്ടത് കുട്ടികളെയല്ല, നമ്മളെത്തന്നെയാണ് എന്നു മനസിലാക്കിയില്ലെങ്കിൽ പ്രത്യാഘാതം അതിരൂക്ഷമായിരിക്കുമെന്ന് മറക്കാതിരിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |