
പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് അധികാരം നഷ്ടപ്പെട്ട തിരഞ്ഞെടുപ്പ് ഫലത്തിനു ശേഷം വ്യാപകമായ അക്രമങ്ങളാണ് അരങ്ങേറുന്നത്. ജനവിധിയെ കൊഞ്ഞനം കുത്തുന്ന തരത്തിലുള്ള ഇത്തരം അഴിഞ്ഞാട്ടം എന്തു വിലകൊടുത്തും അടിച്ചമർത്തപ്പെടേണ്ടതാണ്.
വോട്ടെണ്ണലിനു ശേഷം അരങ്ങേറുന്ന കലാപത്തിന്റെയും അക്രമത്തിന്റെയും ഭാഗമായി പ്രതിപക്ഷ നേതാവും ബി.ജെ.പിയുടെ മുഖ്യമന്ത്രിയാവുമെന്ന് കരുതപ്പെടുന്ന നേതാവുമായ സുവേന്ദു അധികാരിയുടെ പഴ്സണൽ അസിസ്റ്റന്റ് ചന്ദ്രനാഥ് രഥ് വെടിയേറ്റ് കൊല്ലപ്പെട്ടു. നോർത്ത് 24 പർഗാനാസ് ജില്ലയിലെ മദ്ധ്യംഗ്രാമിൽ കാറിൽ സഞ്ചരിക്കുമ്പോഴാണ് ബൈക്കിലെത്തിയ അക്രമികൾ വെടിയുതിർത്തത്. ഒന്നിലേറെ വെടിയുണ്ടകളേറ്റ രഥിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സുവേന്ദുവിന്റെ ഏറ്റവും വിശ്വസ്തനായ വലംകൈയായിരുന്നു ചന്ദ്രനാഥ് രഥ്. തിരഞ്ഞെടുപ്പു ഫലം വന്നശേഷം നടന്ന അക്രമ സംഭവങ്ങളിൽ കുറഞ്ഞത് നാലുപേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. കൊൽക്കത്തയിൽ ഉൾപ്പെടെ ചെറുപട്ടണങ്ങളിലും ഗ്രാമങ്ങളിലും വരെ അക്രമങ്ങൾ വ്യാപകമായിരിക്കുന്നു.
തൃണമൂൽ പ്രവർത്തകരും ബി.ജെ.പി പ്രവർത്തകരും തമ്മിലാണ് പ്രധാനമായും ഏറ്റുമുട്ടലുകൾ നടക്കുന്നത്. ചിലയിടങ്ങളിൽ ഇരുകക്ഷികളുടെയും പാർട്ടി ഓഫീസുകൾ തീവച്ച് നശിപ്പിച്ച സംഭവങ്ങളും നടന്നു. കൊൽക്കത്തയിലെ ന്യൂ മാർക്കറ്റിൽ ബി.ജെ.പി പ്രവർത്തകർ ബുൾഡോസർ ഉപയോഗിച്ച് തൃണമൂൽ കോൺഗ്രസ് ഓഫീസും സമീപത്തെ ഇറച്ചിക്കടയും തുണിക്കടയും തകർത്ത സംഭവമാണ് അക്രമങ്ങൾ പടരാൻ ഇടയാക്കിയതെന്നാണ് തൃണമൂൽ പാർട്ടി കേന്ദ്രങ്ങൾ ആരോപിക്കുന്നത്. അതേസമയം, പതിനഞ്ച് വർഷത്തെ ഭരണം നഷ്ടപ്പെട്ട നിരാശയിൽ തൃണമൂൽ കോൺഗ്രസിന്റെ അക്രമികളാണ് സംസ്ഥാനത്തുടനീളം അഴിഞ്ഞാട്ടം നടത്തുന്നതെന്ന് ബി.ജെ.പിയും ആരോപിക്കുന്നു. ആക്രമണങ്ങൾക്കിടയിൽ കടകളും മറ്റും സാമൂഹ്യ വിരുദ്ധർ വ്യാപകമായി കൊള്ളയടിക്കുകയാണ്. പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ അക്രമങ്ങളിൽ ഉത്തരവാദികളായവരെ ഉടനടി അറസ്റ്റ് ചെയ്യാൻ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ ഉത്തരവിട്ടിട്ടുണ്ട്. സംഘർഷ സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ തുടർച്ചയായി പട്രോളിംഗ് നടത്തണമെന്നും ഉത്തരവിൽ പറയുന്നു.
ജനവിധി അംഗീകരിച്ച് സമാധാനപരമായി അധികാരം ഒഴിയുന്നതിന് പകരം ബി.ജെ.പിയുടെ വിജയം വോട്ടർ പട്ടികയിലെ കൃത്രിമങ്ങളിലൂടെ സംഭവിച്ചതാണെന്നും അതിനാൽ അധികാരം ഒഴിയില്ലെന്നുമുള്ള മമത ബാനർജിയുടെ പരസ്യമായ പ്രഖ്യാപനമാണ് യഥാർത്ഥത്തിൽ അക്രമങ്ങൾ ഇത്രയധികം പടരാൻ ഇടയാക്കിയത്. ബി.ജെ.പി പ്രവർത്തകരെ അത്യധികം പ്രകോപിപ്പിക്കുന്നതായിരുന്നു ഈ പ്രസ്താവന. അതിനോടൊപ്പം മമത ഇനിയും തുടർന്നേക്കുമെന്നുള്ള മിഥ്യാധാരണ തൃണമൂലിലെ ഒരു വിഭാഗം പ്രവർത്തകർക്ക് തെരുവിലേക്കിറങ്ങാനുള്ള പ്രേരണയുമായി. സംസ്ഥാനമൊട്ടാകെ തൃണമൂൽ പ്രവർത്തകർ വേട്ടയാടപ്പെടുകയാണെന്ന് ആ പാർട്ടിയുടെ നേതൃത്വം ആരോപിക്കുമ്പോഴും അതുമാത്രമല്ല യാഥാർത്ഥ്യം എന്ന് തിരിച്ചറിയപ്പെടേണ്ടതുണ്ട്. കാരണം തൃണമൂൽ പ്രവർത്തകർ അധികാരം ലഭിച്ച ആദ്യകാലത്ത് സി.പി.എം പ്രവർത്തകരെ ഓടിച്ചിട്ട് തല്ലിയിരുന്നു. പലയിടത്തും സി.പി.എം ഓഫീസുകൾ പോലും ഇപ്പോഴും തുറക്കാൻ അനുവദിച്ചിട്ടില്ല. മമതയുടെ ഭരണത്തിൻകീഴിൽ അഴിമതിയും ഗുണ്ടാവിളയാട്ടവും യഥേഷ്ടം നടന്നു വരികയായിരുന്നു. വിതയ്ക്കുന്നത് എന്നായാലും കൊയ്യേണ്ടി വരും. അതാണ് പശ്ചിമ ബംഗാളിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
എന്നാൽ, ഇരുന്നൂറു സീറ്റിലധികം ഭൂരിപക്ഷവുമായി ഭരണം ഇതാദ്യമായി പിടിച്ച ബി.ജെ.പിയും തൃണമൂലിന്റെ അക്രമ ശൈലി അതേപടി പിന്തുടരാൻ പാടില്ല. അതിനാൽ ബി.ജെ.പിയുടെ കേന്ദ്ര നേതൃത്വം പ്രശ്നത്തിൽ ഇടപെട്ട് ആവശ്യമെങ്കിൽ കൂടുതൽ കേന്ദ്ര സേനയെ വിന്യസിപ്പിക്കാനുള്ള നടപടികൾ സ്വീകരിച്ച് സംഘർഷം അവസാനിപ്പിക്കുകയാണ് വേണ്ടത്. സ്വാതന്ത്ര്യത്തിന് മുമ്പ് ബംഗാൾ വിഭജന കാലത്തും സ്വാതന്ത്ര്യത്തിന് തൊട്ടുപിന്നാലെ നവ്ഖലിയിലും മറ്റും ഒരുപാട് ചോരപ്പുഴകൾ ഒഴുകിയ നാടാണ് ബംഗാൾ. അതേസമയം ഉന്നതമായ സംസ്കാരങ്ങളുടെ ഇരിപ്പിടവുമാണ്. അതിനാൽ ആത്യന്തികമായ സമാധാനവും പുരോഗതിയും ബംഗാളിൽ വരുംനാളുകളിൽ തിരിച്ചു വരുമെന്നുതന്നെ പ്രതീക്ഷിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |