ഭരണമാറ്റം: ഗതിവേഗം കാത്ത് 3 'സിറ്റി'കൾ
ഭാവി മുന്നിൽക്കണ്ടുള്ള വികസനത്തിൽ കേരളം എന്നും പിന്നിലായിരുന്നു. ലോക യാഥാർത്ഥ്യങ്ങൾ മനസിലാക്കി വരുമ്പോഴേയ്ക്കും നേരം ഇരുട്ടിവെളുക്കും. തൊഴിൽ നഷ്ടത്തിന്റെ പേരിൽ ട്രാക്ടറിനേയും കമ്പ്യൂട്ടറിനേയും എതിർത്ത കാലമുണ്ടായിരുന്നു. രാഷ്ട്രീയാതിപ്രസരം മാറ്റി വച്ച് ഒടുവിൽ ആഗോളവത്ക്കരണത്തെ ആഞ്ഞുപുണർന്നപ്പോഴേയ്ക്കും ചുവട്ടിലെ 'മണ്ണൊലിപ്പ്' തുടങ്ങിയിരുന്നു. യുവതലമുറയിൽ സിംഹഭാഗവും അക്കരപ്പച്ച തേടി പ്രവാസം തിരഞ്ഞെടുത്തു. ഗൾഫിലേയും അമേരിക്കയിലേയും ചൈനയിലേയും യൂറോപ്പിലേയും വികസന മാതൃകകളേക്കുറിച്ച് അവർ വാചാലരായി. നാട്ടുകാർ കണ്ടുകൊള്ളട്ടെ എന്ന നിലയിൽ വിദേശ രാജ്യങ്ങളെ വാഴ്ത്തി സമൂഹമാദ്ധ്യമങ്ങളിൽ റീൽസിട്ടു. യുദ്ധമോ മഹാമാരിയോ സ്വദേശിവത്ക്കരണമോ വന്നാൽ അവിടങ്ങളിലെ സ്വർഗം വെടിഞ്ഞ് ജന്മനാട്ടിൽ അഭയം തേടി. ഈ സാഹചര്യങ്ങൾ മുൻനിർത്തിയാണ് ഒന്നും രണ്ടും പിണറായി സർക്കാരുകൾ രാഷ്ട്രീയം അധികം പറയാതെ വികസനമന്ത്രങ്ങൾ ഉരുവിട്ടുകൊണ്ടേയിരുന്നത്. എല്ലാം ശരിയായാൽ കേരളത്തിലേക്ക് റിവേഴ്സ് മൈഗ്രേഷൻ തുടങ്ങുമെന്നും നാടുവിട്ട ബൗദ്ധിത തലമുറയെല്ലാം നാട്ടിൽ തിരിച്ചെത്തുമെന്നുമായിരുന്നു സ്വപ്നം. വാണിജ്യ നഗരമായ കൊച്ചിയെ ഏറ്റവും വലിയ വികസന ഹബ്ബായി തിരഞ്ഞെടുത്തു. അങ്ങനെ പ്രഖ്യാപിച്ച പദ്ധതികളാണ് അങ്കമാലി ഗിഫ്റ്റ് സിറ്റിയും കളമശേരി ജുഡീഷ്യൽ സിറ്റിയും മറൈൻ ഡ്രൈവിലെ ഇക്കോസിറ്റിയും. ഇതിൽ ഇക്കോ സിറ്റിക്ക് മാത്രമാണ് അവസാന നിമിഷം തട്ടിക്കൂട്ടി കല്ലിടാനെങ്കിലും പറ്റിയത്. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയും കേന്ദ്ര സർക്കാരുമായി അത്ര ടേംസിൽ അല്ലാത്തതും ഇഴച്ചിലിന് മുതൽക്കൂട്ടി. പദ്ധതികൾ പൂർത്തിയാക്കാനുള്ള ഉത്തരവാദിത്വം പുതിയ സർക്കാരിന്റെ തലയിലാണ്.
ഗിഫ്റ്റ് സിറ്റി
എൽ.ഡി.എഫ് സർക്കാരിന്റെ മുൻഗണനാ പട്ടികയിലുള്ള പദ്ധതിയായതിനാൽ ഗിഫ്റ്റ് സിറ്റി അധികം വൈകാനിടയില്ലെന്നായിരുന്നു സംസാരം. നവകേരള സദസ് അങ്കമാലി മണ്ഡലത്തിൽ നടന്നപ്പോൾ പ്രധാന ചർച്ചാവിഷയം ഗിഫ്റ്റ് സിറ്റിയായിരുന്നു. സ്ഥലമേറ്റെടുക്കൽ വേഗത്തിലാക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്ന് അന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. എന്നാൽ പദ്ധതിക്ക് കേന്ദ്രസർക്കാരിന്റെ അന്തിമാനുമതി പോലും വൈകി. അയ്യമ്പുഴ പഞ്ചായത്തിലെ 358 ഏക്കർ സ്ഥലത്ത് തുടങ്ങാനിരിക്കുന്ന ഗിഫ്റ്റ് സിറ്റിയ്ക്കായി ഒന്നാംഘട്ട സ്ഥലമെടുപ്പ് നടന്നെങ്കിലും ഭൂവുടമകൾക്ക് തുക കൈമാറുന്ന നടപടികളും ഫയലുകളിൽ കുരുങ്ങിയിരുന്നു. ഗ്ലോബൽ ഇൻഡസ്ട്രിയൽ ഫിനാൻസ് ആൻഡ് ട്രേഡ് സിറ്റിയാണ് 'ഗിഫ്റ്റ്' എന്നറിയപ്പെടുന്നത്. കേന്ദ്ര- സംസ്ഥാന സംയുക്ത സംരംഭമാണിത്. വിജ്ഞാനാഷ്ഠിത, ധനകാര്യാധിഷ്ഠിത ഹബ്ബായി 2030നകം പ്രവർത്തനസജ്ജമാക്കുകയായിരുന്നു ലക്ഷ്യം. അമേരിക്ക പോലുള്ള രാജ്യങ്ങളിലെ നികുതി, ഇൻഷ്വറൻസ് ഏജൻസികൾ, പുതുതലമുറ ബാങ്കുകൾ, ഷിപ്പിംഗ് ഏജൻസികൾ തുടങ്ങിയവ ഗിഫ്റ്റ് സിറ്റി മുഖേന കേരളത്തിലെ ടാലന്റ് പ്രയോജനപ്പെടുത്തുമെന്നാണ് പ്രതീക്ഷ. കൂടാതെ വിദേശ സർവകലാശാലയുടെ ഒഫ് ക്യാമ്പസ് സെന്ററുകളും വരും. രാജ്യത്തെ രണ്ടാമത്തെ ഗിഫ്റ്റ് സിറ്റിയാണ് കൊച്ചിയിലേത്. ആദ്യത്തേത് ഗുജറാത്തിലാണ്. കൊച്ചിയിൽ കടമ്പകൾ വലിയൊരു പങ്കും ബാക്കിയാണ്.
ജുഡീഷ്യൽ സിറ്റി
ഹൈക്കോടതി അടക്കം മാറ്റി സ്ഥാപിക്കാൻ രൂപകല്പന ചെയ്ത കളമശേരിയിലെ നിർദ്ദിഷ്ട ജുഡിഷ്യൽ സിറ്റി നിയമക്കുരുക്കിലാണ്. സ്ഥലമേറ്റെടുപ്പിലെ നിയമപ്രശ്നങ്ങളും ഭൂമിവില നിർണയവും സുപ്രീം കോടതിയിൽ എത്തിനിൽക്കുകയാണ്. ഹൈക്കോടതിയും അനുബന്ധ നിയമസേവനങ്ങളും കളമശേരിയിലേക്ക് മാറ്റാനുള്ള പദ്ധതിക്കായി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസിന്റെ (എച്ച്.എം.ടി) 27 ഏക്കറാണ് കണ്ടുവച്ചിരിക്കുന്നത്. എച്ച്.എം.ടിയുടെ അധീനതയിലുണ്ടായിരുന്ന 900 ഏക്കറിൽ നിന്ന് 400 ഏക്കർ പഴയ രീതിയിൽ ഏറ്റെടുക്കാനുള്ള സർക്കാരിന്റെ നീക്കമാണ് നിയമക്കുരുക്കിൽപ്പെട്ടത്. ഇതോടെ മറ്റ് പശ്ചാത്തലങ്ങൾ ഒരുക്കുന്നതിൽ നിന്നും സർക്കാർ തലയൂരി. ജുഡീഷ്യൽ സിറ്റിയിൽ
12 ലക്ഷം ചതുരശ്രയടി സമുച്ചയമാണ് നിർമ്മിക്കേണ്ടത്. സ്ഥലമെടുപ്പിനും നിർമ്മിതികൾക്കുമായി 1000 കോടി രൂപയാകും. മൂന്ന് ടവറുകൾ ഉണ്ടാവും. പ്രധാന ടവറിൽ 7 നിലകളും മറ്റുള്ളവയിൽ 6 നിലകൾ വീതവും. 61 കോടതി ഹാളുകൾ, രജിസ്ട്രാർ ഓഫീസ്, ഭരണ വിഭാഗം ആർബിട്രേഷൻ സെന്റർ, അഡ്വക്കേറ്റ് ജനറൽ ഓഫീസ്, അഭിഭാഷകരുടെ ചേംബറുകൾ തുടങ്ങിയവയുണ്ടാകും.
ജുഡീഷ്യറിയുടെ കാര്യമായതിനാൽ സുപ്രീം കോടതിയിൽ നിന്ന് വൈകാതെ തന്നെ അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷ. ബാക്കി കാര്യങ്ങൾ സർക്കാർ തന്നെ ചെയ്യണമല്ലോ. കാലിയായ ഖജനാവുമായി എന്തു ചെയ്യാനാകുമെന്നാണ് ചോദ്യം.
മറൈൻ ഇക്കോസിറ്റി
സംസ്ഥാന ഭവനനിർമ്മാണ ബോർഡിന്റെ മറൈൻ ഇക്കോ സിറ്റിക്ക് പിണറായി കല്ലിട്ടത് തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിന് തൊട്ടുമുമ്പാണ്. വാണിജ്യ, ഭവന രംഗത്ത് കൊച്ചിയുടെ പെരുമ ഉയർത്തുമെന്നതായിരുന്നു ടാഗ്‌ലൈൻ. എന്നാൽ കൂടുതലായി ഒരു കല്ലുപോലും പെറുക്കി വയ്ക്കാൻ തുടർന്ന് സാധിച്ചിട്ടില്ല. മറൈൻഡ്രൈവിൽ ഭവനനിർമാണ ബോർഡിന്റെ ഉടമസ്ഥതയിലുള്ള 17.9 ഏക്കറിലാണ് അത്യാധുനിക അന്താരാഷ്ട്ര വാണിജ്യ, ഭവന സമുച്ചയം വിഭാവനം ചെയ്തിരിക്കുന്നത്. 3394 കോടിയാണ് നിർമാണച്ചെലവ്. 4640 കോടി രൂപയുടെ വരുമാനം കിട്ടുമെന്നാണ് വാഗ്ദാനം. ഇതിൽ 1200 കോടി ലാഭം ലഭിക്കുന്നതോടെ ഭവന ബോർഡ് സ്വയം പര്യാപ്തമാകുമെന്നും പറഞ്ഞിരുന്നു. ആദ്യഘട്ടത്തിൽ 28 നിലകളുള്ള ഭവന, വാണിജ്യ സമുച്ചയം നിർമ്മിക്കും. ഇതിൽ 152 ഫ്ലാറ്റുകളുണ്ടാകും. രണ്ടാംഘട്ടത്തിൽ ഹോട്ടലും കൺവൻഷൻ സെന്ററുമാണ്. എട്ട് നിലകളുണ്ടാകും. മൂന്നാംഘട്ടത്തിൽ 30 നിലകളുള്ള 41.75 ലക്ഷം ചതുരശ്രയടിയിൽ ആറ് ഭവന ടവറുകളും നിർമിക്കും. ഇതിൽ 952 ഫ്ലാറ്റുണ്ടാകും. പദ്ധതി നടത്തിപ്പിനും നിർമ്മാണത്തിനും സർക്കാരിനും ബോർഡിനും ബാദ്ധ്യതകൾ ഉണ്ടാകില്ല തുടങ്ങിയവയാണ് ഇക്കോ സിറ്റിയിലെ പ്രഖ്യാപനങ്ങൾ. ഈ സ്വപ്നങ്ങൾ മുന്നോട്ടു കൊണ്ടുപോവുകയാണ് യു.ഡി.എഫ് സർക്കാരിന്റെ ദൗത്യം. ഖജനാവ് നിറയ്ക്കാനുള്ള ഫോർമുല കൈവശമുണ്ടെന്നാണ് ഭരണത്തിലേറുന്ന നേതാക്കൾ വാക്കുപറയുന്നത്. ഇച്ഛാശക്തി കൂടി ഉണ്ടെങ്കിൽ നിർദ്ദിഷ്ട സിറ്റികളുടെ കാര്യത്തിൽ വിസ്മയം കാണിക്കാനാകും.