ഇന്ത്യയുടെ ബുദ്ധിസ്റ്റ് നയതന്ത്രജ്ഞത
ബുദ്ധന്റെ ഏറ്റവും പ്രമുഖ ശിഷ്യന്മാരായിരുന്ന ശരിപുത്തയുടെയും മൗദ്ഗല്യാനയുടെയും തിരുശേഷിപ്പുകൾ ഈ മാസം അവസാനത്തോടെ ഇന്ത്യ മംഗോളിയയിലേക്ക് അയക്കുകയാണ്. ദശലക്ഷക്കണക്കിന് ബുദ്ധമത അനുയായികളെ സംബന്ധിച്ചിടത്തോളം ഇത് കാഴ്ച ബoഗ്ലാവിൽ സൂക്ഷിക്കേണ്ടതോ പുരാവസ്തുശില്പമായി കാണേണ്ടതോ അല്ല, മറിച്ച് വിശ്വാസത്തിന്റേയും ബുദ്ധപാരമ്പര്യവുമായി ബന്ധപ്പെടുന്നതിന്റെയും പ്രശ്നം കൂടിയാണ്. ഹിമാലയത്തിലൂടെയുള്ള ഇതിന്റെ സഞ്ചാരം ഒരു മതപരമായ ചടങ്ങിനും അപ്പുറമാണ്. ഇന്ത്യയുടെ സാംസ്കാരിക ഗാംഭീര്യം അടിസ്ഥാനപ്പെടുത്തിയുള്ള ആഴമേറിയ നയതന്ത്ര ചാതുരിയാണ്. സൈനിക മത്സരങ്ങളും താരിഫ് യുദ്ധങ്ങളും ഭൂരാഷ്ട്ര വൈരങ്ങളും അരങ്ങു വാഴുന്ന ഇക്കാലത്ത് ആഴത്തിലുള്ള വിശ്വാസത്തിന്റെ പ്രസക്തി ലോകത്തെ അറിയിക്കുകയാണ് ഇന്ത്യ ഇതിലൂടെ ചെയ്യുന്നത്. ഒരു ദൂഖണ്ഡം മുഴുവൻ ആത്മീയവും ദാർശനികവുമായ അടിത്തറ രൂപപ്പെടുത്തിയതിന്റെയും ഉദാഹരണമാണിത്. ഇതിന്റെ ഹൃദയത്തിലുളളതാകട്ടെ ബൗദ്ധവാര പാരമ്പര്യവും.
ബുദ്ധമതം പിറന്ന നാട് 2500 വർഷം മുമ്പാണ് മഹാ ബോധി ക്ഷേത്രത്തിലെ വൃക്ഷച്ചുവട്ടിൽ വച്ച് ഗൗതമ ബുദ്ധന് ബോധോദയം ലഭിക്കുന്നത്. അഹിംസ, കരുണ, ജാഗരൂകത, വിമോചനം എന്നീ ബൗദ്ധ മൂല്യങ്ങൾ ഗംഗാതടങ്ങളിൽ നിന്ന് ശ്രീലങ്ക, മ്യാൻമർ, തായ്ലാൻഡ്, ചൈന, ജപ്പാൻ, കൊറിയ, വിയറ്റ്നാം, ഭൂട്ടാൻ, നേപ്പാൾ, മംഗോളിയ എന്നീ രാജ്യങ്ങളിലേക്ക് വ്യാപിക്കുകയുണ്ടായി. നൂറ്റാണ്ടുകളോളം സന്യാസികളും തീർത്ഥാടകരും പണ്ഡിതന്മാരുമൊക്കെ ബുദ്ധമത ദർശനങ്ങളും അവരുടെ കൈയ്യെഴുത്തു പ്രതികളും ഒക്കെയായി ഏഷ്യയിലുടനീളം സഞ്ചരിച്ചു. ഏഷ്യയുടെ വിവിധ ഭാഗങ്ങളിലുള്ള വിദ്യാർത്ഥികൾ ഇവിടത്തെ നളന്ദ, വിക്രംശില സർവകലാശാലകളിലേക്ക് വന്നു. അങ്ങനെ ഇന്ത്യ ബൗദ്ധ ലോകത്തിന്റെ ബൗദ്ധികവും ആത്മീയവുമായ ഹൃദയഭൂമിയായി മാറി.
വിശുദ്ധ പാരമ്പര്യത്തിന്റെ
സാംസ്കാരിക ശക്തി പൊളിറ്റിക്കൽ സയന്റിസ്റ്റ് ജോസഫ് നൈ ആണ് മറ്റുള്ളവരെ ആകർഷിക്കാനും അവേശഭരിതരാക്കാനുമുളള ഒരു രാജ്യത്തിന്റെ ശേഷിയെ സൂചിപ്പിക്കാൻ സോഫ്റ്റ് പവർ ( സാംസ്കാരിക ശക്തി) എന്ന സംജ്ഞ ജനകീയമാക്കിയത്. ഇന്ത്യയിലെപ്പോലെ ഈ ശക്തി സ്വായത്തമാക്കിയിട്ടുള്ള രാജ്യങ്ങൾ വളരെ ചുരുക്കമാണ്. യോഗ, ആയുർവേദ, ക്ലാസിക്കൽ തത്വചിന്ത, ബഹുസ്വരത, ജനാധിപത്യ മൂല്യങ്ങൾ എന്നിവയെല്ലാമാണ് അന്താരാഷ്ട്ര തലത്തിൽ ഇന്ത്യയുടെ മുതൽക്കൂട്ട്. എന്നാൽ ഇതിനെല്ലാം മേലെ തിളങ്ങുന്നത് ബുദ്ധിസമാണ്. മംഗോളിയയിലെ മൊണാസ്ട്രികൾ മുതൽ ജപ്പാനിലെ ക്ഷേത്രങ്ങൾ വരെയും ശ്രീലങ്കയിലെ സ്തൂപങ്ങൾ മുതൽ ഭൂട്ടാനിലെ രാജവംശങ്ങൾ വരെ ബുദ്ധമതം സാംസ്കാരിക ഭാഷ പങ്കു വയ്ക്കുന്നു. ഇതു വഴിയുള്ള ബന്ധം മറ്റേതൊരു ഔദ്യോഗിക പ്രസ്താവനകളേക്കാളും ചിരന്തനമാണ്.
അംബാസഡർമാരെപ്പോലെ തിരുശേഷിപ്പുകൾ ശരിപുത്തയിലെയും മൗദ്ഗല്യാനയിലെയും തിരുശേഷിപ്പുകൾ 19-ാം നൂറ്റാണ്ടിലാണ് സാഞ്ചി സ്തൂപയിൽ ഖനനം ചെയ്തെടുത്ത് ഇന്ത്യയിലക്ക് കൊണ്ടുവന്നത്. ഇപ്പോൾ അത് ഇന്ത്യയിലെ മഹാബോധി സൊസൈറ്റി സംരക്ഷിച്ചു വരുന്നു. ഇത് എപ്പോഴെല്ലാം മറ്റ് രാജ്യങ്ങളിൽ കൊണ്ടുപോകുന്നുണ്ടോ, അപ്പോഴെല്ലാം അതിന്റെ പ്രതികരണങ്ങൾ അതിവൈകാരികമാണ്. ഇതിനെ വണങ്ങാൻ പതിനായിരക്കണക്കിനാളുകളാണ് വരി വരിയായെത്തുന്നത്. മതപരവും നയതന്ത്രപരവുമായ ബന്ധം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യ ഈ ബൗദ്ധ തിരുശേഷിപ്പുകൾ ശ്രീലങ്ക, തായ്ലാന്റ്, മംഗോളിയ തുടങ്ങിയ ബുദ്ധമത ഭൂരിപക്ഷ രാജ്യങ്ങളിലേക്ക് അയച്ചിട്ടുണ്ട്. ഇനി മംഗോളിയയിലേക്കു നടക്കുന്ന സന്ദർശനം സവിശേഷ പ്രാധാന്യമുള്ളതാണ്. മംഗോളിയയുടെ ദേശീയ സ്വത്വത്തിന്റെ ഭാഗമാണ് ബുദ്ധമതം. 2015 ലെ ഉലാൻ ബാത്താർ സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മംഗോളിയയെ ഇന്ത്യയുടെ അധ്യാത്മ അയൽക്കാരൻ എന്നാണ് വിശേഷിപ്പിച്ചത്. അതുകൊണ്ട് മംഗോളിയിലേക്കുള്ള യാത്ര നമ്മുടെ നയതന്ത്രപരമായ ബന്ധം ഒന്നുകൂടി ശക്തിപ്പെടുത്തും.
ഏഷ്യൻ സാംസ്കാരിക
ശൃംഖലയുടെ വീണ്ടെടുപ്പ്
ഇന്ത്യയുടെ ബൗദ്ധ നയതന്ത്രജ്ഞത വിപുലമായ നയതന്ത്ര വീക്ഷണത്തിന്റെ ഭാഗമാണ്. ഏഷ്യ വലിയ തോതിൽ ഭൂരാഷ്ട്ര വ്യതിയാനങ്ങളിലൂടെ കടന്നുപോകുമ്പോൾ, രാജ്യങ്ങൾ പുരാതനമായ സാംസ്കാരിക ബന്ധങ്ങൾ വീണ്ടെടുക്കാനുള്ള ശ്രമങ്ങളിലാണ്. ഇതിൽ വലിയ പങ്കാണ് ബുദ്ധമതത്തിനുളളത്. ഇത് തെക്കും തെക്കു കിഴക്കും കിഴക്കൻ ഏഷ്യയിലുമുള്ള രാജ്യങ്ങൾക്കിടയിലെ ബന്ധം ദൃഢപ്പെടുത്തുന്നു. നളന്ദ സർവകലാശാലയുടെ പുനരുജ്ജീവനം, ബുദ്ധമത വിനോദ സഞ്ചാര സർക്യൂട്ട്, പൈതൃക കേന്ദ്രങ്ങളുടെ സംരക്ഷണം, വൈശാഖ ആഘോഷങ്ങൾ എന്നിവയെല്ലാം ഇത് പ്രതിഫലിപ്പിക്കുന്നു. ഇതെല്ലാം നയതന്ത്രമൂല്യം വർദ്ധിപ്പിക്കുന്നതിനൊപ്പം വിദ്യാഭ്യാസ വിനിമയം, വിനോദ സഞ്ചാരം, നിക്ഷേപം, ജനങ്ങൾ തമ്മിൽത്തമ്മിലുളള ബന്ധം എന്നിവ ശക്തിപ്പെടുത്തുന്നു.
ആധുനിക ഇന്ത്യയുടെ
നയതന്ത്ര ആസ്തി ബൗദ്ധ നയതന്ത്രജ്ഞതയ്ക്ക് പ്രാധാന്യമേറുന്നത്, അത് വിജ്ഞാനത്തിലും സഹിഷ്ണുതയിലും ധാർമ്മിക ബലത്തിലും ഊന്നുന്ന ഇന്ത്യയുടെ സാംസ്കാരിക ശക്തിയുടെ പ്രതിഫലനമാണ് എന്നതാണ്. ബുദ്ധന്റെ പ്രബോധനങ്ങൾ സമാധാനത്തിന്റെയും കരുണയുടെയും സാർവദേശീയ സന്ദേശം നൽകുന്നുണ്ട്. ഇതൊരു നയതന്ത്രനേട്ടവും പ്രകടമാക്കുന്നു. സാംസ്കാരിക വിശ്വാസ്യത തിരിച്ചു വരുന്നു. ആധുനിക കാലത്ത് പലപ്പോഴും വേണ്ടത്ര ഉപയോഗപ്പെടുത്താതിരുന്ന ഈ പാരമ്പര്യം ഇപ്പോൾ ഉപയോഗപ്പെടുത്തി വരികയാണ്. ബുദ്ധ തിരുശേഷിപ്പുകൾ വിദേശ രാജ്യങ്ങളിലേക്ക് അയക്കുന്നതിലൂടെ ഇന്ത്യ അതിന്റെ പാരമ്പര്യ മഹിമ വീണ്ടെടുക്കുകയാണ്. മംഗോളിയയിലേക്ക് അയക്കുന്ന തിരുശേഷിപ്പുകൾക്ക് കേവലം ചരിത്ര പ്രാധാന്യം മാത്രമല്ല ഉള്ളത്. ഒരു കാലത്ത് ഏഷ്യയെ പ്രകാശമാനമാക്കിയ സംസ്കാരത്തിന്റെ സ്മരണകൾ വീണ്ടും നമ്മെ തുടർന്നും ആവേശഭരിതരാക്കുകയാണ്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഇന്ത്യയുടെ അഭിവൃദ്ധി കണക്കാക്കപ്പെടുന്നത് സാമ്പത്തിക വളർച്ചയുടേയും സൈനിക ശേഷിയുടെയും സാങ്കേതിക നവീകരണത്തിന്റെയും അടിസ്ഥാനത്തിൽ മാത്രമാകില്ല. ലോകത്തിന്റെ അദ്ധ്യാത്മഭൂപടം രൂപീകരിക്കുന്നതിന് ഇന്ത്യ നൽകുന്ന ആശയങ്ങളുടെയും പാരമ്പര്യ മഹിമയുടെയും കൂടി അടിസ്ഥാനത്തിലായിരിക്കും. ബുദ്ധന്റെ കാൽപ്പാടുകൾ പതിഞ്ഞ നാട് ഒരിക്കൽക്കൂടി ഏഷ്യയോട് പറയുന്നു. ഏഷ്യ അത് ശ്രദ്ധിക്കുകയും ചെയ്യുന്നു.