
പാലക്കാട് കൂറ്റനാട്ടെ അപ്പം ചൂടോടെ തിന്നാൻ കൊച്ചിക്കാർക്കും കൊച്ചിയിലെ ആവി പറക്കുന്ന പോർക്ക് വിന്താലു കൂട്ടി ചോറുണ്ണാൻ തിരുവന്തോരംകാർക്കും യോഗമില്ല. കെ റെയിലിന്റെ മഞ്ഞക്കുറ്റികൾ (സർവേക്കല്ലുകൾ) തെറിച്ചുതുടങ്ങിയതോടെ അപ്പത്തിന്റെയടക്കം കാര്യം ഗോവിന്ദ!. മഞ്ഞക്കുറ്റിക്കെതിരെ സമരം ചെയ്തതിന്റെ പേരിൽ ചെവിക്കുറ്റിക്ക് അടികിട്ടി ഫ്യൂസ് പോയവർ പടക്കംപൊട്ടിച്ച് ആഘോഷം തുടരുകയാണ്. ഓരോ നാട്ടിലെയും തനത് വിഭവങ്ങൾ കേരളമെങ്ങും എത്തിക്കാൻ ലക്ഷ്യമിട്ട സിൽവർലൈൻ എന്ന വെള്ളിത്തിളക്കമുള്ള പദ്ധതിയുടെ സാദ്ധ്യതകൾ തിരിച്ചറിയാൻ പുതിയ മുഖ്യൻ വി.ഡി. സതീശന് കഴിയാതെപോയി. സത്യം ചെരിപ്പിട്ടു വരുമ്പോഴേക്കും നുണ ലോകം ചുറ്റിക്കഴിഞ്ഞിരിക്കും എന്നാണല്ലോ! സിൽവർലൈൻ വന്നിരുന്നെങ്കിൽ, രാവിലെ ചുട്ട അപ്പം ചൂടാറും മുൻപേ കൊച്ചിയിൽ വിറ്റ് ഉച്ചയ്ക്ക് മുമ്പ് കൂറ്റനാട്ട് തിരിച്ചെത്താമായിരുന്നു. എന്തുചെയ്യാം. വളിച്ച അപ്പം തിന്നാൻ ഇനിയും മലയാളികളുടെ ജന്മം ബാക്കി.
രണ്ട് അപ്പം തിന്ന് ഏമ്പക്കം വിടുമ്പോഴേക്കും പാലക്കാട്ടുനിന്ന് കൊച്ചിയിൽ എത്താമായിരുന്ന പദ്ധതിയിൽ കേരളം വികസന ട്രാക്കിൽ കുതിക്കുമെന്ന് കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികൻ ഗോവിന്ദൻമാഷ് പലവട്ടം ഓർമ്മിപ്പിച്ചെങ്കിലും സഖാക്കൾക്കുപോലും വേണ്ടവിധം പിടികിട്ടിയില്ല. പാർട്ടിക്ലാസിൽ പങ്കെടുക്കാത്തതാണ് പ്രശ്‌നം. അതേസമയം, നാട്ടുകാരുടെ അടുക്കളയിലടക്കം സ്ഥാപിച്ച ഏഴായിരത്തോളം മഞ്ഞക്കുറ്റികൾ എന്തുചെയ്യണമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. 19,691 കുറ്റികളാണ് വാങ്ങിയത്. ബാക്കിയുള്ളവ കെ - റെയിൽ കോർപ്പറേഷന്റെ ഗോഡൗണിലാണ്. പദ്ധതിക്കായി 65.7 കോടി ചെലവായെങ്കിലും ചെത്തിമിനുക്കിയ സൊയമ്പൻ കല്ലുകൾ മിച്ചംവയ്ക്കാൻ കഴിഞ്ഞത് നേട്ടമാണ്. മൂന്നു കല്ലുകളുണ്ടെങ്കിൽ വലിയൊരു അടുപ്പുകൂട്ടാം. പാചകവാതകവില കുതിച്ചുയരുന്ന സാഹചര്യത്തിൽ ഇതൊരു ചെറിയ സംഭാവനയല്ല.
മനുഷ്യപക്ഷത്തുനിന്ന് ഗോവിന്ദൻമാഷ് പറഞ്ഞ കാര്യങ്ങൾ ബഹുരാഷ്ട്ര കുത്തകകളുടെ വക്താക്കൾ തെറ്റായി പ്രചരിപ്പിക്കുകയായിരുന്നു. അതിവേഗ ട്രെയിൻ കേരളത്തിന്റെ മുഖഛായ മാറ്റുമെന്ന് ലളിതമായ ഉദാഹരണങ്ങൾ സഹിതം പറഞ്ഞുതരാനാണ് സത്യത്തിൽ അദ്ദേഹം ശ്രമിച്ചത്. കെ - റെയിൽ വന്നിരുന്നെങ്കിൽ, കൊച്ചിയിലോ കുറേക്കൂടി തെക്കോ ജോലിചെയ്യുന്ന വടക്കന്മാർക്ക് ദിവസവും പോയിവരാമായിരുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസെന്ന 'എ.ഐ' വെറും കൺകെട്ടുവിദ്യയാണെന്ന സത്യം വിളിച്ചുപറയാനും മാഷ് വേണ്ടിവന്നു. എ.ഐ സൃഷ്ടിക്കുന്ന മായാവികളായ റോബോട്ടുകൾ മനുഷ്യരുടെ തൊഴിലവസരങ്ങൾ ഇല്ലാതാക്കുമെന്നു മാത്രമല്ല, കൊലയാളികൾ ആകുകയും ചെയ്യും. യന്തിരൻ, ആൻഡ്രോയിഡ് കുഞ്ഞപ്പൻ തുടങ്ങിയ സിനിമകൾ കണ്ടാൽ ഇതുബോദ്ധ്യാകും.
കമ്പ്യൂട്ടറിനെതിരെ പണ്ട് പ്രക്ഷോഭം നടത്തിയപ്പോഴും പലരും തെറ്റിദ്ധരിച്ചിരുന്നു. കമ്പ്യൂട്ടർ കാരണം നിശ്ചലമായ ടൈപ്പ്‌റൈറ്റിംഗ് മെഷീനുകൾക്ക് കൈയും കണക്കുമില്ല. ടൈപ്പിസ്റ്റുകൾക്കു വംശനാശം സംഭവിക്കുകയും ചെയ്തു. അതിന്റെ പേരിലും താത്വികന്മാരെ പലരും കളിയാക്കി. ഇ.വി.എമ്മിൽ എ.ഐയെ കയറ്റിവിട്ട് വോട്ട് മറിക്കുന്ന പരിപാടിയാണിപ്പോൾ. ഒരാൾക്ക് ചെയ്യുന്ന വോട്ട് മറ്റൊരാൾക്ക് കിട്ടുന്നു. ഇന്ത്യയിലെ ഏക കമ്മ്യൂണിസ്റ്റ് സർക്കാരിനെ വീഴ്ത്താൻ കോൺഗ്രസും ലീഗും ബി.ജെ.പിയും (കോലീബി സഖ്യം) കൈകോർത്തുവെന്ന സത്യം എത്രപേർക്കറിയാം. എല്ലാ സത്യങ്ങളും ഒരിക്കൽ പുറത്തുവരും. അന്ന് കെ - റെയിലിനായി സകലരും മുറവിളി തുടങ്ങും.
ദയ കാട്ടുമോ
മരപ്പട്ടികൾ
ക്ലിഫ് ഹൗസിൽ കുടികിടപ്പവകാശമുള്ളതിനാൽ ഒഴിഞ്ഞുപോകില്ലെന്ന ഉറച്ചനിലപാടിലാണ് മരപ്പട്ടികൾ. മുൻമുഖ്യമന്ത്രി പിണറായി വിജയനെ വെള്ളം കുടിപ്പിക്കാതിരുന്ന ഇവ വി.ഡി.എസിനോട് ദയ കാട്ടുമെന്ന പ്രതീക്ഷയിലാണ് സുരക്ഷാ ഉദ്യോഗസ്ഥർ. സകലരേയും വിറപ്പിക്കുമായിരുന്ന പിണറായി ഇവർക്കു മുന്നിൽ സുല്ലിട്ടുപോയി. തരംകിട്ടിയാൽ ഗ്ലാസിലേക്ക് കൃത്യമായി മൂത്രമൊഴിക്കുന്നതാണ് ഹോബി. ലേശം വെള്ളമല്ലേയെന്നു കരുതി സമാധാനിക്കാമെന്നുവച്ചാലും നിവൃത്തിയില്ല. അത്രയ്ക്കാണത്രേ നാറ്റം. പരിശോധിക്കാനായി മണത്തുനോക്കിയ സുരക്ഷാഉദ്യോഗസ്ഥന്റെ മൂക്കിലെ രോമം കരിഞ്ഞുപോയെന്നാണ് റിപ്പോർട്ട്. പുതിയ മുഖ്യമന്ത്രിക്ക് അത്തരമൊരു സാഹചര്യം ഉണ്ടാകരുതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നിർബന്ധമുണ്ട്. ഇവയെ തുരത്താൻ പൊലീസ് കമാൻഡോകളുടെ നേതൃത്വത്തിൽ ദൗത്യം തുടരുകയാണ്.
കേൾക്കുമ്പോൾ നിസാരമായിട്ടു തോന്നാമെങ്കിലും രാസായുധത്തേക്കാൾ കടുകട്ടിയാണ് മൂത്രപ്രയോഗമെന്ന് മുൻമുഖ്യമന്ത്രിയുടെ കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥർ പറയുന്നു. ഇസ്തിരിയിട്ടുവച്ച ഷർട്ടിലും മുണ്ടിലുമൊക്കെ മൂത്രമൊഴിക്കുന്നതും മരപ്പട്ടികളുടെ ശീലമായിരുന്നു. ഇസ്തിരിയിടുമ്പോൾ, ചുളിവുമാറ്റാൻ തളിക്കുന്ന വെള്ളം കൂടിപ്പോയതാകുമെന്നാണ് ആദ്യമൊക്കെ കരുതിയിരുന്നത്. പുറത്തിറങ്ങിയപ്പോൾ ആളുകളുടെ മുഖഭാവത്തിൽനിന്നാണ് സംഗതി പിടികിട്ടിയത്. ഉദ്യോഗസ്ഥ സംഘത്തിലെ ഒരു മാന്യദേഹം വീട്ടിലെത്തിയപ്പോൾ എന്താ ഒരു മണം, പെർഫ്യൂമിന്റെയാണോയെന്ന് ഭാര്യ ചോദിച്ചത്രേ. സംഗതി 'അറേബ്യനാടീ' എന്നു പറഞ്ഞപ്പോൾ, എവിടുത്തെ ആയാലും മൂത്രത്തിന് ഒരേ മണമല്ലേ മനുഷ്യാ എന്ന് നിഷ്‌കളങ്കമായി ചോദിച്ചെന്നാണ് കഥ. മരപ്പട്ടികളെ തുരത്തുകയെന്നത് അത്ര എളുപ്പമല്ലെന്നാണ് വിവരം. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലും മരപ്പട്ടികൾ ഉള്ളതിനാൽ, മൂത്രപ്രയോഗത്തിൽ രാഷ്ട്രീയമില്ലെന്ന് ഉറപ്പിക്കാം.
ഉറക്കമില്ലാതെ
രക്ഷാപ്രവർത്തകർ
പണ്ടൊക്കെ ക്ലാസിലെ അലമ്പന്മാരോട് മാഷുമാർ പറയുന്ന ഒരു കാര്യമുണ്ട്. കൂവാനും 'ആരോ' വിടാനും ഒരുപാട് കൂട്ടുകാരുണ്ടാകും. പരീക്ഷാഹാളിൽ ഒരു വേട്ടാവളിയനും ഉണ്ടാകില്ല. പരീക്ഷയ്ക്ക് , ചോദ്യ പേപ്പറിൽ നോക്കി നെടുവീർപ്പിട്ട് ശിഷ്യന്മാർ ഇത് ഓർക്കുമായിരുന്നു. ഇതേ അവസ്ഥയിലാണ് മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ. വികസനപദ്ധതികളുമായി വടക്കുനിന്ന് തെക്കോട്ട് പുറപ്പെട്ട മന്ത്രിമാർ യാത്രചെയ്ത നവകേരള ബസിനെ തള്ളുവണ്ടിയെന്ന് വിളിച്ച് ആക്ഷേപിക്കുകയും വണ്ടിക്കുമുന്നിൽ ചാടി ആത്മഹത്യയ്ക്കു ശ്രമിക്കുകയും ചെയ്ത യൂത്തന്മാരെ സാഹസികമായി രക്ഷപ്പെടുത്തിയ ഗൺമാൻമാരും പൊലീസുകാരും ഉറക്കത്തിൽ ഞെട്ടിയുണർന്ന് കരഞ്ഞുതുടങ്ങി. പൂച്ചട്ടി, ഇഷ്ടിക, ഉലക്ക തുടങ്ങിയവ ഉപയോഗിച്ച് നടത്തിയ രക്ഷാപ്രവർത്തനം യൂത്തന്മാർ മറക്കില്ല. കരിങ്കൊടിയുമായി നവകേരളവണ്ടിയുടെ മുന്നിലേക്കു ചാടിയതുമാത്രമേ ഓർമ്മയുള്ളൂ. കണ്ണുതുറക്കാൻ പോലും സമയം കിട്ടിയില്ല. ആദ്യമേ ബോധം പോയി. തലയിലെന്തോ വീഴുന്നതായി പലർക്കും അനുഭവപ്പെട്ടെങ്കിലും അത് പൂച്ചട്ടികളും ഹെൽമറ്റുകളും വലിയ കല്ലുകളും ആയിരുന്നെന്ന് ടി.വിയിൽ കണ്ടവർ പറഞ്ഞാണ് അറിഞ്ഞത്. അന്ന് തല്ലുകൊണ്ടയൊരാൾ എം.എൽ.എയായി. രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തവരുടെ ജാതകമുൾപ്പെടെ പുതിയ മുഖ്യൻ തപ്പിയെടുക്കുന്നുണ്ടെന്നാണ് അറിവ്. അന്നു കൈയടിച്ച ഒരാൾ പോലും ഇന്നു സഹായത്തിനില്ല. ഇരുട്ടടി കിട്ടിയാൽ ഷെയർ ചെയ്യാൻ ഒരാൾ പോലുമുണ്ടാവില്ല. കോൺഗ്രസുകാർ ആയതിനാൽ ഇടിക്ക് അല്പം മയമുണ്ടാകുമെന്നാണ് പ്രതീക്ഷ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |