SignIn
Kerala Kaumudi Online
Saturday, 23 May 2026 1.12 AM IST

കണ്ണടച്ച് ഇരുട്ടാക്കരുത്

d

നീറ്റ് പരീക്ഷയിൽ ചോദ്യക്കടലാസ് ചോരുകയും പരീക്ഷ റദ്ദാക്കുകയും പുതിയ പരീക്ഷാ തീയതി പ്രഖ്യാപിക്കുകയും ചെയ്തിരിക്കുകയാണ്. രാജ്യത്തൊട്ടാകെ പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധ മാർച്ചുകൾ നടത്തുകയും ചെയ്യുന്നു. ഇതൊക്കെയായിട്ടും ചോദ്യപേപ്പർ ചോർന്നുവെന്ന് സമ്മതിക്കാൻ ദേശീയ പരീക്ഷാ ഏജൻസിയായ എൻ.ടി.എയുടെ മേധാവികൾ തയ്യാറാകാത്തത് അവർ ഏതോ സ്വപ്നലോകത്തിൽ കഴിയുന്നതുകൊണ്ടായിരിക്കണമെന്നു വേണം അനുമാനിക്കാൻ. പരീക്ഷാനടത്തിപ്പിൽ വീഴ്ച ഉണ്ടായെങ്കിലും ചോദ്യപേപ്പർ ചോർച്ച ഉണ്ടായെന്ന് കരുതുന്നില്ലെന്നാണ് പാർലമെന്ററി സമിതിക്ക് മുമ്പാകെ നൽകിയ വിശദീകരണത്തിൽ എൻ.ടി.എ മേധാവി പ്രദീപ്‌കുമാർ ജോഷിയും ഡയറക്ടർ ജനറൽ അഭിഷേക് സിംഗും പറഞ്ഞത്.

ചോർച്ചയെന്ന് പറയാനാവില്ലെന്നും മറാത്തി ഭാഷയിലേക്ക് പരിഭാഷപ്പെടുത്താൻ ചുമതലയുണ്ടായിരുന്ന ചില അദ്ധ്യാപകർ ചോദ്യങ്ങൾ ഓർമ്മയിൽവച്ച് പുറത്തുവിട്ടതുമാണെന്നുമാണ് അവർ വിശദീകരിച്ചത്. സി.ബി.ഐ അന്വേഷണം പൂർത്തിയാക്കി സ്ഥിരീകരിച്ചാൽ മാത്രമേ ചോർച്ച ഔദ്യോഗികമായി അംഗീകരിക്കാനാകൂ എന്നാണ് എൻ.ടി.എ മേധാവികളുടെ നിലപാട്. കൺമുന്നിൽ നടന്ന സത്യംപോലും അംഗീകരിക്കാതെ കണ്ണടച്ച് ഇരുട്ടാക്കുന്ന മനോഭാവമുള്ള ഇത്തരം മേധാവികൾ പരീക്ഷാ ഏജൻസിക്ക് നേതൃത്വം നൽകിയാൽ ഇനിയും ചോദ്യപേപ്പർ ചോർന്നില്ലെങ്കിലേ അതിശയിക്കേണ്ടിവരൂ. പാർലമെന്ററി സമിതി അദ്ധ്യക്ഷനായ കോൺഗ്രസ് നേതാവ് ദ്വിഗ് വിജയ് സിംഗും ഡീൻ കുര്യാക്കോസും അടക്കം പ്രതിപക്ഷ എം.പിമാർ എൻ.ടി.എ മേധാവികളുടെ നിലപാടിനെ ചോദ്യം ചെയ്യുകയും ഇത് ചോർച്ചയല്ലെങ്കിൽ പിന്നെ എന്താണെന്ന് ചോദിക്കുകയും ചെയ്തു.

എന്നാൽ ഉദ്യോഗസ്ഥർ നിലപാടിൽ ഉറച്ചുനിന്നതോടെ എൻ.ഡി.എ എം.പിമാർ അവരെ പിന്തുണയ്ക്കുകയാണ് ചെയ്തത്. സി.ബി.ഐയുടെ അന്തിമ റിപ്പോർട്ട് വരുന്നതുവരെ ഒരു നിഗമനത്തിലും എത്താനാവില്ലെന്ന നിലപാടാണ് അവർ സ്വീകരിച്ചത്. വിദ്യാർത്ഥികളുടെ ഭാവി അവതാളത്തിലാക്കുന്ന ഇത്തരം ഗുരുതരമായ വീഴ്ചകളിൽ രാഷ്ട്രീയം കടന്നുകൂടാൻ അനുവദിക്കരുത്. എന്തു വീഴ്ചവന്നാലും സംരക്ഷിക്കാൻ രാഷ്ട്രീയ നേതൃത്വം ഉണ്ടാകുമെന്ന തോന്നൽ ഉദ്യോഗസ്ഥന്മാർക്ക് ഉണ്ടാകാൻ പാടില്ല. പരീക്ഷ റദ്ദാക്കാനുള്ള തീരുമാനമെടുത്തത് അതു നടത്തിയ എൻ.ടി.എ തന്നെയാണ്. ചോദ്യപേപ്പർ ചോർന്നെന്ന് ഉത്തമ ബോദ്ധ്യംവരാതെ ഒരിക്കലും പരീക്ഷ റദ്ദാക്കുന്ന നടപടി ആരും സ്വീകരിക്കില്ല. എന്നാൽ, അത് തുറന്ന് സമ്മതിക്കാൻ കഴിയാത്തത് യാഥാർത്ഥ്യങ്ങളോട് മുഖം തിരിഞ്ഞുനിൽക്കുന്ന നടപടിയായി വേണം കാണേണ്ടത്. മേയ് മൂന്നിന് നടന്ന നീറ്റ് യു.ജി പരീക്ഷയുടെ സമാന ചോദ്യങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നത്. ജൂൺ 21ന് പുനഃപരീക്ഷ പ്രഖ്യാപിച്ചിരിക്കുകയാണ്. ചോദ്യപേപ്പർ തയ്യാറാക്കിയതിൽ പങ്കാളിയായ രണ്ട് അദ്ധ്യാപകർ ഉൾപ്പെടെ നിരവധിപേർ ഇതിനകം അറസ്റ്റിലായിട്ടുണ്ട്.

ഇത് ആദ്യമായല്ല എൻ.ടി.എ നടത്തുന്ന പരീക്ഷകളിൽ ചോദ്യപേപ്പർ ചോരുന്നത്. കുറഞ്ഞത് നാലുതവണയെങ്കിലും പരീക്ഷയിൽ വീഴ്ചകൾ സംഭവിച്ചിട്ടുണ്ട്. ഇതൊക്കെ ഇങ്ങനെ ആവർത്തിക്കുന്നത് ദേശീയ പരീക്ഷാ ഏജൻസിയുടെ ഘടനയിലും സംവിധാനത്തിലും കാതലായ കുഴപ്പങ്ങൾ നിലനിൽക്കുന്നതുകൊണ്ടാണെന്ന് സംശയിക്കേണ്ടിവരും. സി.ബി.ഐയുടെ അന്വേഷണത്തിൽ ഉത്തരവാദികളായവർ പിടിയിലാകുമെന്ന് കരുതാം. പക്ഷേ അതുകൊണ്ട് എൻ.ടി.എയുടെ പരീക്ഷാ നടത്തിപ്പിൽ ഇനിയും മാറ്റം വരുമെന്ന് കരുതാനാവില്ല. എൻ.ടി.എയുടെ ഘടന കുറ്റമറ്റ രീതിയിൽ ഉടച്ചുവാർക്കപ്പെടേണ്ടതുണ്ട്. ഇതിനായി ഒരു വിദഗ്ദ്ധ സമിതിയെക്കൊണ്ട് അന്വേഷണവും പഠനവും നടത്തി ശുപാർശകൾ സ്വീകരിച്ച് നടപ്പിലാക്കാനാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി തയ്യാറാകേണ്ടത്. എൻ.ടി.എ ഉദ്യോഗസ്ഥർ സമ്മതിച്ചില്ലെങ്കിലും നീറ്റ് യു.ജി പരീക്ഷയുടെ ചോദ്യപേപ്പർ ലക്ഷങ്ങൾ വാങ്ങി കച്ചവടം നടത്തിയെന്ന വസ്തുത പുറത്തുവന്നിരുന്നു. മഹാരാഷ്ട്രയാണ് ചോദ്യപേപ്പർ ചോർച്ചയുടെ പ്രഭവകേന്ദ്രം എന്ന സൂചനകളാണ് സി.ബി.ഐ അന്വേഷണം നൽകുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY