കെട്ടിപ്പടുക്കാം, യുവതലമുറ അർഹിക്കുന്ന കേരളം

Saturday 23 May 2026 12:59 AM IST

മേയ് 4ന് കേരള ജനത വ്യക്തമായ, വിട്ടുവീഴ്ചയില്ലാത്ത ഒരു ജനവിധി രേഖപ്പെടുത്തി. എൽ.ഡി.എഫിനെ അവർ പൂർണമായും നിരാകരിച്ചു. 99 സീറ്റുകളിൽ നിന്ന് 35ലേക്ക് അവർ ഒതുക്കപ്പെട്ടു. 13 മന്ത്രിമാർ പരാജയപ്പെട്ടു. യു.ഡി.എഫ് 102 സീറ്റുകൾ നേടി ചരിത്രപരമായ ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തി. നമ്മുടെ സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഭാരതീയ ജനതാ പാർട്ടി മൂന്ന് നിയമസഭാ സീറ്റുകളിൽ വിജയിച്ചു. ആ മൂന്ന് ജനപ്രതിനിധികളിൽ ഒരാളായി എന്നെ നേമത്തെ ജനങ്ങൾ നിയമസഭയിലേക്ക് അയച്ചു എന്നത് വലിയൊരു അംഗീകാരമായി ഞാൻ കാണുന്നു.

ഈ വിജയം യഥാർത്ഥ ദൗത്യത്തിലേക്ക് ചുവടുവയ്ക്കാനുള്ള ഒരു അംഗീകാരമാണ്. കാരണം ഈ സീറ്റ് കണക്കുകൾക്ക് അപ്പുറം കേരളത്തെക്കുറിച്ച് വളരെ പ്രധാനപ്പെട്ട ഒരു കാര്യം ഈ ഫലം പറയുന്നുണ്ട്. നേമംമുതൽ നിലമ്പൂർവരെ ഓരോ വീടിന്റെയും പടിവാതിൽക്കൽ എത്തിയപ്പോൾ ഞാൻ കേട്ട ഒരു കാര്യമാണത്. മലയാളികൾ ഇനി വെറും രാഷ്ട്രീയ വിധേയത്വത്തിന്റെ പേരിൽ മാത്രം വോട്ട് ചെയ്യില്ല. അവർ പ്രവർത്തനങ്ങളെ വിലയിരുത്തിത്തുടങ്ങിയിരിക്കുന്നു. "നിങ്ങൾ എനിക്കും എന്റെ കുട്ടികൾക്കും വേണ്ടി യഥാർത്ഥത്തിൽ എന്ത് ചെയ്തു?" എന്ന ലളിതമായ ചോദ്യം അവർ ചോദിച്ചു തുടങ്ങിയിരിക്കുന്നു.

'കേരള മൈഗ്രേഷൻ സർവേ' പ്രകാരം, നമ്മുടെ 22 ലക്ഷം യുവാക്കളാണ് വിദേശത്തേക്ക് കുടിയേറിയത്. മറ്റൊരു 5 ലക്ഷംപേർ മറ്റു സംസ്ഥാനങ്ങളിലേക്ക് പോയി. കേരളത്തിലെ യുവജന തൊഴിലില്ലായ്മ നിരക്ക് (15-29 വയസ്) 29.9%മാണ്. ദേശീയ ശരാശരിയേക്കാൾ ഏകദേശം മൂന്നിരട്ടി. യുവതികളുടെ കാര്യത്തിലാണെങ്കിൽ ഇത് 47.1%. അതായത് ഏകദേശം രണ്ടിലൊരാൾക്ക് തൊഴിലില്ല. മുൻ സർക്കാരിനെ ജനങ്ങൾ ശിക്ഷിച്ചത് അവർ ഇടതുപക്ഷമായത് കൊണ്ടല്ല. മറിച്ച്, കൊല്ലത്തുള്ള ഒരു 24കാരൻ ചോദിക്കുന്ന "എനിക്ക് ഇവിടെ ഒരു ഭാവി ഉണ്ടോ?" എന്ന ചോദ്യത്തിന് മറുപടി നൽകാൻ അവർക്ക് കഴിയാഞ്ഞത് കൊണ്ടാണ്.

നേട്ടങ്ങളെ അംഗീകരിക്കാം, ഒപ്പം പോരായ്മകളിൽ സത്യസന്ധത പുലർത്താം.

ഇരുപതാം നൂറ്റാണ്ടിൽ കേരളം അസാധാരണമായ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. എന്നാൽ സാമ്പത്തിക അവസരങ്ങളില്ലാത്ത മാനവവികസനം, ഒരു മന്ദഗതിയിലുള്ള ദുരന്തമാണ്. ഒരു തലമുറയെ വായിക്കാനും, എഴുതാനും, ചിന്തിക്കാനും, കോഡിംഗ് ചെയ്യാനും നമ്മൾ പഠിപ്പിച്ചു, പക്ഷേ ആ കഴിവുകൾ ഉപയോഗിക്കാൻ അവർ സംസ്ഥാനം വിട്ടുപോകാൻ നിർബന്ധിതരാകുന്നു. ഇതൊരു മാതൃകയല്ല, വലിയ നഷ്ടമാണ്.

മുന്നണി ഭേദമന്യേ മാറിമാറി വന്ന സർക്കാരുകൾ വളരെക്കാലമായി ഇവിടെ വളർത്തിയെടുത്തത് പുതിയ സംരംഭങ്ങളെ നിരുത്സാഹപ്പെടുത്തുകയും, വ്യവസായങ്ങളെ സംശയത്തോടെ വീക്ഷിക്കുകയും, പദ്ധതികളെ ഇഴച്ചുനീക്കുകയും, മൂലധന നിക്ഷേപങ്ങളെ അകറ്റുകയും ചെയ്യുന്ന ഒരു സാമ്പത്തിക സംസ്കാരമാണ്.

ശക്തമായി ആവശ്യപ്പെടാൻ

പോകുന്നത്

വെറും വാചകക്കസർത്തിൽ ഞാൻ ഈ അഞ്ചുവർഷം പാഴാക്കില്ല. നേമത്തെ എം.എൽ.എ എന്ന നിലയിലും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് എന്നനിലയിലും അടുത്ത അഞ്ചുവർഷം ഞാൻ പ്രവർത്തിക്കാൻ പോകുന്നതും, പുതിയ സർക്കാരിനോട് ആവശ്യപ്പെടാൻ പോകുന്നതുമായ കാര്യങ്ങൾ ഇവയാണ്:

1.സംരംഭങ്ങൾ തുടങ്ങാൻ ഇന്ത്യയിലെ ഏറ്റവും എളുപ്പമുള്ള സംസ്ഥാനമായി കേരളത്തെ മാറ്റുക. ആശയമുള്ള ഒരു യുവ എൻജിനിയർക്ക് ഒരു ദിവസംകൊണ്ട് കമ്പനി രജിസ്റ്റർ ചെയ്യാനും, ഒരു മാസത്തിനുള്ളിൽ അനുമതികൾ നേടാനും, മൂന്നുമാസത്തിനുള്ളിൽ മൂലധനം കണ്ടെത്താനും സാധിക്കണം.

2. ടെക്നോപാർക്കുകൾ മൂന്നിരട്ടിയാക്കുക. ഓരോ ജില്ലയിലും ഇന്നൊവേഷൻ ഹബ്ബുകൾ വേണം. നാടുവിട്ടുപോകാതെ തന്നെ കാസർകോടോ കൊല്ലത്തോ ഉള്ള ഒരു യുവാവിന് ആഗോളതലത്തിലുള്ള ഒരു ഉത്പന്നം വികസിപ്പിച്ചെടുക്കാൻ കഴിയുന്ന ഒരിടമായി ഓരോ ജില്ലയിലും അതിന്റേതായ ഒരു ഹബ്ബ് ഉണ്ടായിരുന്നെങ്കിലോ എന്ന് സങ്കൽപ്പിച്ചുനോക്കൂ.

3.ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് അനുയോജ്യമായ രീതിയിൽ നമ്മുടെ യുവാക്കളെ നൈപുണ്യമുള്ളവരാക്കുകയും അവർക്ക് കേരളത്തിൽ തന്നെയിരുന്ന് ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കുകയും ചെയ്യുക. കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ, ഇലക്ട്രോണിക്സ്-ഐ.ടി സഹമന്ത്രിയായിരുന്നു എന്ന നിലയിൽ, ദേശീയതലത്തിൽ എന്തൊക്കെ മാറ്റങ്ങൾ സാദ്ധ്യമാണെന്നും കേരളത്തിൽ നാം എത്രത്തോളം അവസരങ്ങളാണ് ഉപയോഗപ്പെടുത്താതെ പാഴാക്കിക്കൊണ്ടിരിക്കുന്നതെന്നും നേരിട്ട് കണ്ട വ്യക്തിയാണ് ഞാൻ.

4. തികഞ്ഞ ഇച്ഛാശക്തിയോടെയുള്ള അടിസ്ഥാനസൗകര്യ വികസനം. തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, അതിവേഗപാതകൾ, പൊതുഗതാഗതം, ഫൈബർ കണക്ടിവിറ്റി, തടസമില്ലാത്ത വൈദ്യുതി, കുടിവെള്ളം എന്നിവ ഇതിൽപ്പെടുന്നു.

5.വികസനത്തിന് തടസം നിൽക്കാത്ത ഒരു സർക്കാർ. അതിവേഗത്തിലുള്ള അനുമതികൾ. സത്യസന്ധമായ സഹകരണ ബാങ്കുകൾ. നിക്ഷേപകരെയും സംരംഭകരെയും ദ്രോഹിക്കുന്നതിനുപകരം അവരെ സംരക്ഷിക്കുന്ന പൊലീസും ഉദ്യോഗസ്ഥവൃവൃന്ദവും. ചുവപ്പുനാടകളും അഴിമതിയും ഇല്ലാത്ത, കൂടുതൽ കാര്യക്ഷമവും സ്മാർട്ടുമായ ഭരണസംവിധാനം.

കേരളത്തിലെ

യുവാക്കളോട്

ഈ ജനവിധി നിങ്ങൾക്ക് വേണ്ടിയുള്ളതാണ്. ബംഗളൂരുവിലെ മെട്രോയിലിരുന്ന്, ഷാർജയിലെ ഒരു അടുക്കളയിലിരുന്ന്, ടൊറന്റോയിലെ ജോലിസ്ഥലത്തിരുന്ന് ഇതുവായിക്കുന്ന ഓരോ മലയാളി യുവാവിനോടും എനിക്ക് ചില കാര്യങ്ങൾ പങ്കുവയ്ക്കാനുണ്ട്. കഴിഞ്ഞ ഒരു വർഷമായി കേരളത്തിലെ ഓരോ വീടിന്റെയും തീൻമേശകളിൽ നടന്ന ചർച്ചകൾ നിങ്ങളെക്കുറിച്ചായിരുന്നു. നിങ്ങൾ എന്തിനാണ് ഈ നാട് വിട്ടുപോയതെന്നും, നിങ്ങളെ ഇവിടെത്തന്നെ നിലനിറുത്താൻ എന്ത് ചെയ്യണമെന്നും, നിങ്ങളുടെ മാതാപിതാക്കൾക്കും പൂർവ്വികർക്കും നിങ്ങൾക്കുവേണ്ടിയും എന്ത് കെട്ടിപ്പടുക്കാൻ സാധിച്ചില്ല എന്നതിനെക്കുറിച്ചുമൊക്കയായിരുന്നു ആ ചർച്ചകൾ.

പുതിയ സർക്കാരിന് ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാനുള്ള ജനവിധിയുണ്ട്, ഒപ്പം അതിനുള്ള ഉത്തരവാദിത്വവും. ബി.ജെ.പിയുടെ മൂന്ന് അംഗങ്ങളായ ഞങ്ങളും, വിശാലമായ എൻ.ഡി.എയും ഓരോദിവസവും സർക്കാരിനെക്കൊണ്ട് ആ ഉത്തരവാദിത്വം നിറവേറ്റിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. നിങ്ങളുടെ ഭാവിയെ ഓരോ തീരുമാനത്തിന്റെയും കേന്ദ്രബിന്ദുവാക്കുന്ന ഒരു രാഷ്ട്രീയ ബദൽ ജില്ലകൾതോറും കെട്ടിപ്പടുക്കുക എന്നത് കൂടിയാണ് ഞങ്ങളുടെ ചുമതല.

ഈ ഭരണകാലയളവിലെ ഓരോ ദിവസവും, 'ഇവിടെത്തന്നെ നിൽക്കൂ' എന്ന് നിങ്ങളോട് ആവശ്യപ്പെടാൻ അർഹതയുള്ള ഒരു കേരളത്തെ കെട്ടിപ്പടുക്കാനായി ഞാൻ പ്രവർത്തിക്കും. 'വികസിത കേരളം' വെറുമൊരു മുദ്രാവാക്യമല്ല. പഠിപ്പിക്കാൻവേണ്ടി നമ്മൾ ഒട്ടേറെസമയം ചെലവഴിക്കുകയും എന്നാൽ തൊഴിൽ നൽകാൻ തീരെ ശ്രദ്ധിക്കാതിരിക്കുകയും ചെയ്ത ഒരു തലമുറയോട് നാം വീട്ടേണ്ട കടമാണത്.

(നേമം എം.എൽ.എയും ബി.ജെ.പി സംസ്ഥാന പ്രസിഡന്റുമാണ് രാജീവ് ചന്ദ്രശേഖർ. മുൻ കേന്ദ്ര നൈപുണ്യ വികസന, സംരംഭകത്വ, ഇലക്ട്രോണിക്സ്-ഇൻഫർമേഷൻ ടെക്നോളജി സഹമന്ത്രിയുമാണ്)