കതിരിൽ വളം വയ്ക്കരുത്

Wednesday 03 June 2026 12:50 AM IST

മലയോര നാടായ പത്തനംതിട്ട ഉന്നത വിദ്യാഭ്യാസ രംഗത്ത് പിന്നിലാണ്. ഇക്കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷാ ഫലത്തിൽ വിജയശതമാനത്തിൽ ജില്ലയാണ് മുന്നിൽ. എന്നാൽ, പ്ലസ് ടു ഫലത്തിൽ വളരെ പിന്നിലും. കഴിഞ്ഞ രണ്ടുവർഷമായി ജില്ല പതിമൂന്നാം സ്ഥാനത്താണ്. മിക്ക വർഷങ്ങളിലും പത്തിന് മുകളിലാണ് റാങ്ക്. ഉന്നത വിദ്യാഭ്യാസത്തിന് അടിത്തറയാകേണ്ട പ്ലസ് ടുവിന് ജില്ല എന്തുകൊണ്ട് പിന്നിലാകുന്നു എന്നത് ഏറെക്കാലമായുള്ള ചോദ്യമാണ്. പിന്നാക്കാവസ്ഥ പരിഹരിക്കാൻ ജില്ലാ പഞ്ചായത്ത് പല പദ്ധതികളും ആവിഷ്ക്കരിക്കുന്നുണ്ടെങ്കിലും പലതും പാളിപ്പോവുകയാണ്. പ്ലസ്ടു ഫലം മെച്ചപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പും ജില്ലാ പഞ്ചായത്തും ഏറെ വർഷങ്ങളായി അക്ഷീണ പരിശ്രമത്തിലാണ്. എന്നാൽ വിജയശതമാനം സംസ്ഥാന ശരാശരിയോടൊപ്പം എത്തിക്കാനാകുന്നില്ല.

ഹയർ സെക്കൻഡറി ഫലം വരുമ്പോൾ മെച്ചപ്പെട്ട വിജയശതമാനത്തിലും എ പ്ലസുകാരുടെ എണ്ണത്തിലും ജില്ലയിലെ ഒട്ടേറെ സ്‌കൂളുകൾ നേട്ടമുണ്ടാക്കുമ്പോൾ പിന്നോക്ക മേഖലയിലെ ചില വിദ്യാലയങ്ങളിലുണ്ടാകുന്ന തോൽവിയാണ് ജില്ലയെ മൊത്തത്തിൽ പിന്നോട്ടടിക്കുന്നത്. ഹയർ സെക്കൻഡറി ഫലം മെച്ചപ്പെടുത്തുന്നതിന് ഒൻപതു വർഷമായി വിവിധ പദ്ധതികളുമായി ജില്ലാ പഞ്ചായത്ത് രംഗത്തുണ്ട്. ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിന്റെ പിന്തുണയിൽ ഈ പദ്ധതി തുടരുകയാണ്. പദ്ധതിക്ക് ഇതിനോടകം പേരുകൾ പലതും മാറിവന്നെങ്കിലും ലക്ഷ്യം ഒന്നു തന്നെയാണ്. ഇക്കൊല്ലം തദ്ദേശ തിരഞ്ഞെടുപ്പു കാലമായിരുന്നതിനാൽ പദ്ധതി കാര്യക്ഷമവുമല്ലായിരുന്നു.

പരിശീലനം നേര‌ത്തേ വേണം

അദ്ധ്യയന വർഷാരംഭത്തിൽ ഒരിക്കൽപ്പോലും പദ്ധതി പ്രവർത്തനം തുടങ്ങാനായിട്ടില്ല. സ്‌കൂളുകളിൽ പാഠഭാഗങ്ങൾ പൂർത്തിയായ ശേഷമായിരിക്കും ജില്ലാ പഞ്ചായത്ത് പദ്ധതി പ്രത്യേക പദ്ധതിയുമായി വരിക. ഇതാകട്ടെ കതിരിൽ വളം വയ്ക്കുന്നതിനു തുല്ല്യമാകും. പഠനത്തിൽ പിന്നോക്കം പോകുന്ന കുട്ടികൾക്കായി സ്പെഷ്യൽ ട്യൂഷൻ, പ്രത്യേക പുസ്തകങ്ങൾ എന്നിവ പദ്ധതിയുടെ ഭാഗമായുണ്ട്. ഇത്തരം കുട്ടികൾക്കായി സ്‌കൂളുകളിൽ സ്‌പെഷ്യൽ ക്ലാസുകൾ ക്രമീകരിക്കാനും നിർദ്ദേശമുണ്ട്. എന്നാൽ അദ്ധ്യാപകരിൽ നല്ലൊരു വിഭാഗം ഇപ്പോഴും പദ്ധതിയോടു സഹകരിക്കുന്നില്ലെന്ന ആക്ഷേപമുണ്ട്. അതിന് അദ്ധ്യാപകരെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. പ്ലസ് ടു അഡ്മിഷൻ പൂർത്തിയാക്കി ക്ലാസുകൾ തുടങ്ങുമ്പോൾ തന്നെ മികച്ച വിജയശതമാനം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ തുടങ്ങണം. അദ്ധ്യയന വർഷത്തിന്റെ അവസാന കാലത്ത് പദ്ധതിയുമായി വന്നാൽ അദ്ധ്യാപകർക്ക് പലവിധ തിരക്കുകളുണ്ടാകും. പദ്ധതിയിൽ നിന്ന് മന:പ്പൂർവം മാറി നിൽക്കുന്ന അദ്ധ്യാപകരും ഉണ്ട്. തുടക്കത്തിലേ കുട്ടികളെ നിരീക്ഷിച്ച് പഠനത്തിൽ പിന്നാക്കമുള്ളവരെ കണ്ടെത്താൻ പ്രത്യേക പരിശീലനം തുടങ്ങേണ്ടതുണ്ട്. പ്ലസ് ടു ഫലം മെച്ചപ്പെടുത്താൻ ഒരാേ വർഷവും പുതിയ പദ്ധതികൾ നടപ്പാക്കുമ്പോൾ ലക്ഷങ്ങളാണ് ജില്ലാ പഞ്ചായത്ത് ചെലവാക്കുന്നത്. ഇനിയെങ്കിലും തുക പാഴാക്കാതിരിക്കണമെങ്കിൽ പദ്ധതി കാര്യക്ഷമമായി നടപ്പാക്കാൻ പ്രത്യേക അദ്ധ്യാപക ഗ്രൂപ്പിനെ നിയോഗിക്കണം.

പത്തിൽ സമ്പൂർണ വിജയം

എസ്.എസ്.എൽ.സി പരീക്ഷയിൽ തൊണ്ണൂറ്റി ഒൻപത് ശതമാനത്തിലധികം കുട്ടികളും വിജയിക്കുന്ന ജില്ലയിൽ പ്ലസ്ടു ഫലം വരുമ്പോഴേക്കും എഴുപത്തഞ്ച് ശതമാനം വിജയം പോലും നേടാനാകുന്നില്ല. ഇക്കൊല്ലം എസ്.എസ്.എൽ.സി പരീക്ഷയിൽ സംസ്ഥാനത്തു തന്നെ ഒന്നാമതായിരുന്നു പത്തനംതിട്ട. പരീക്ഷ എഴുതിയവരിൽ ഇരുപത്തഞ്ച് കുട്ടികൾ മാത്രമാണ് ഉപരിപഠന യോഗ്യത നേടാതെ പോയത്. പത്താംക്ലാസിലെ സമ്പൂർണ വിജയത്തെ തുടർന്ന് ഹയർ സെക്കൻഡറി ക്ലാസുകളിലേക്കു പ്രവേശിക്കുന്ന കുട്ടികളുടെ പഠനനിലവാരമാണ് പ്ലസ്ടു ഫലത്തെ ബാധിക്കുന്ന പ്രധാന ഘടകം. പ്രത്യേക ശ്രദ്ധയും പരിശീലനവും വേണ്ട കുട്ടികൾ ഹയർ സെക്കൻഡറി ക്ലാസുകളിൽ എത്താറുണ്ട്. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന ഇത്തരം കുട്ടികൾ ഹയർ സെക്കൻഡറി ക്ലാസുകളിലെ പഠനത്തോടു താദാത്മ്യപ്പെടാനാകാതെ വരുന്നുണ്ട്. എന്നാൽ പല സ്‌കൂളുകളിലും ഈ കുട്ടികൾക്ക് വേണ്ടത്ര ശ്രദ്ധ ചെലുത്താറില്ല.

സ്‌കൂളുകളിൽ സ്ഥിരം അദ്ധ്യാപകരില്ലാത്തതും ബാച്ചുകൾ അധികമായതും പ്രശ്‌നങ്ങളായുണ്ട്. ഹയർ സെക്കൻഡറിയിൽ നിലവിൽ ഒഴിവുള്ള തസ്തികകളിൽ സ്ഥിര നിയമനം നടത്തി നികത്തുകയും അദ്ധ്യാപകരെ കൂടുതൽ ഉത്തരവാദിത്വ ബോധമുള്ളവരാക്കുകയും ചെയ്യണം. എസ്.എസ്.എൽ.സി പാസ്സാകുന്ന എല്ലാ കുട്ടികൾക്കും പ്ലസ്ടു പഠനത്തിനാവശ്യമായ സീറ്റുകൾ ജില്ലയിലുണ്ട്. എല്ലാവർഷവും പ്രവേശനം പൂർത്തിയാകുമ്പോൾ സീറ്റുകൾ ഒഴിഞ്ഞു കിടക്കുകയാണ് പതിവ്. ആവശ്യമായ കുട്ടികളെ തികയ്ക്കാതെയാണ് പല സ്‌കൂളുകളിലും ബാച്ചുകൾ മുന്നോട്ടു പോകുന്നത്. ഇവിടെ പഠനസൗകര്യങ്ങളും വിജയശതമാനവും കുറവായതിനാൽ പഠിക്കാൻ മിടുക്കരായ വിദ്യാർത്ഥികൾ ഉൾപ്പെടെ അയൽ ജില്ലകളിലേക്ക് ചേക്കേറുകയാണ്. ഇതിനും തടയിടാൻ പ്രത്യേക പദ്ധതികൾ ആവിഷ്ക്കരിക്കേണ്ടതുണ്ട്.