രാഷ്ട്രീയം ജീവിതമാക്കിയ വിപ്ളവ നക്ഷത്രം
ഗൗരിഅമ്മയുടെ അഞ്ചാം ചരമ വാർഷിക ദിനം ഇന്ന്
കെ.ആർ.ഗൗരിഅമ്മ നമ്മെ വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് 5 വർഷമാകുന്നു. അവർ ഓർമ്മിക്ക പ്പെടുന്നത് ഇടതു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിലൂടെയാണ്. രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയകാലം മുതൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സഹയാത്രികയായിരുന്ന ഗൗരി അമ്മ 75 ാം വയസിൽ സി.പി.എമ്മിൽ നിന്നും പുറത്താക്കപ്പെട്ടു. കേരളത്തിലെമ്പാടും കോളിളക്കമുണ്ടാക്കിയ ആ പുറത്താക്കൽ സംസ്ഥാനത്തിനകത്തും പുറത്തും ഏറെ ചർച്ചയായി.
ഗൗരിഅമ്മ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെടുന്നതിന്റെയും തുടർന്ന് ജെ.എസ്. എസ് രൂപീകരിക്കപ്പെടുന്നതിന്റെയും അത് യു.ഡി.എഫിന്റെ ഭാഗമാകുന്നതിന്റെയും വിശദാംശങ്ങൾ ചർച്ച ചെയ്യാനുളള സന്ദർഭമല്ലിത്. എങ്കിലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാന ങ്ങൾക്ക് ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിലുണ്ടായ സമ്പൂർണ പരാജയം ഇതുമായി ബന്ധ പ്പെടുത്തി കാണാതിരിക്കാനാകില്ല. ഗൗരിഅമ്മയെ പാർട്ടിയിൽ നിന്നും പുറത്താക്കിയപ്പോൾ അവർ ഉയർത്തിയ ചോദ്യങ്ങൾക്ക് ഇനിയും ലഭിക്കാത്ത ഉത്തരങ്ങൾ ഈ സമ്പൂർണ പരാജയത്തിനു പിന്നിലുണ്ട്.
1957 മുതൽ പാർട്ടി അധികാരത്തിൽ വന്നപ്പോഴെല്ലാം പ്രധാനചുമതലകൾ നൽകി ഗൗരിഅമ്മയെ മന്ത്രിയാക്കി. പ്രഗൽഭയായ ഭരണാധികാരിയായി ഗൗരിഅമ്മ അറിയപ്പെട്ടു. 1987ൽ മുഖ്യമന്ത്രിയാക്കുമെന്ന് പ്രചരിപ്പിച്ച് വിജയിച്ച് പാർട്ടി അധികാരത്തിൽ വന്നിട്ടും മുഖ്യമന്ത്രിയാക്കതിരുന്നിട്ടും ഗൗരിഅമ്മ പാർട്ടി ചുമതലപ്പെടുത്തിയ മന്ത്രിസ്ഥാനം ഏറ്റെടുത്ത് വിജയകരമായി പൂർത്തിയാക്കി.
1991ലെ തിരഞ്ഞെടുപ്പിൽ ഭരണത്തിൽ നിന്നും ഇടതുമുന്നണി പുറത്തായി മൂന്നു വർഷങ്ങൾക്കുശേഷം 1994ൽ ഗൗരിഅമ്മ പാർട്ടിയിൽ നിന്നും പുറത്താക്കപ്പെട്ടു. ഗൗരിഅമ്മയുടെ കാര്യത്തിൽ തെക്കൻ കേരളത്തിലുണ്ടായ മുന്നറിയിപ്പ് ഇപ്പോൾ വടക്കൻ കേരളത്തിലും പ്രതിഫലിച്ചു. ഗൗരിഅമ്മ ഭൗതികമായി നമ്മെ വിട്ടുപോയിട്ട് 5 വർഷമാകുന്നു. നിയമപഠനത്തിനു ശേഷം ചേർത്തല കോടതികളിൽ ഗൗരിഅമ്മ എന്ന യുവ അഭിഭാഷക എത്തുന്നത് പുന്നപ്ര- വയലാർ സമരത്തിന്റെ ഉജ്ജ്വലമായ ഓർമ്മകളിലൂടെയാണ്.
1952ൽ തുടങ്ങി ദീർഘമായ 16345 നിയമസഭാ ദിനങ്ങളും അതിൽ നല്ലൊരു കാലം പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന മന്ത്രിയുമായിരുന്ന ഗൗരിഅമ്മയുടെ ജീവിതം വളരെ ലളിതമായിരുന്നു. അഴിമതിയോട് എക്കാലവും സന്ധിയില്ലാതെ പോരാടി. ജീവിതത്തിലു ടനീളം കമ്മ്യൂണിസ്റ്റ് ആദർശങ്ങൾ പിന്തുടർന്നു. ഒടുവിൽ കൃഷ്ണഭക്തയായി. കാപ ട്യമില്ലാതെ അക്കാര്യം തുറന്നു പറഞ്ഞു. ദീർഘായുസിന്റെ രഹസ്യം ലളിതജീവിതവും ലളിതഭക്ഷണവുമായിരുന്നു.
ഔദ്യോഗികാവശ്യങ്ങൾക്കായി തങ്ങാറുളള സർക്കാർ മന്ദിരങ്ങളിൽ ലളിതമായ ഗൗരിയമ്മയുടെ മെനു പ്രശസ്തമാണ്. പ്രഭാതഭക്ഷണം 2 ഇഡ്ഡലി. ഉച്ചയ്ക്ക് ഒരു പിടി ചോറും ചെറുമത്സ്യവും തൈരും. എന്നാൽ അതിഥി സത്കാരങ്ങളിൽ അവർക്ക് ചില നിർബന്ധങ്ങളുണ്ടായിരുന്നു. അവിടെ കരിമീനും ചെമ്മീനും നിർബന്ധം. അതിന്റെ കാശ് എം.എൽ.എ പെൻഷനിൽ നിന്നും കണ്ടെത്തും.
ജീവിതം തുറന്ന പുസ്തകം ഓരോ ചരമദിനത്തിലും ഗൗരിഅമ്മ ഓർമ്മിക്കപ്പെടുമ്പോൾ രാഷ്ട്രീയവും സാമൂഹി കവുമായ ഒട്ടേറെ സന്ദർഭങ്ങൾ ഓർമ്മയിലെത്തും. അത്തരം സമാനതകളില്ലാത്ത രാഷ്ട്രീയ സഞ്ചാരമായിരുന്നു അവരുടെ ജീവിതചരിത്രം. അതൊരു തുറന്ന പുസ്തകമാ യിരുന്നു. സ്ത്രീകളുടെ അർഹമായ രാഷ്ട്രീയ പ്രവേശനം ഇന്നും സഫലമാകാതെ വിവാദങ്ങളിൽ കുടുങ്ങി നിൽക്കുമ്പോൾ കേരളത്തിലെ ഒരു കുഗ്രാമത്തിൽ നിന്നും 1950കളിൽ സജീവ രാഷ്ട്രീയത്തിലേക്ക് വരികയും, രാഷ്ട്രീയം ജീവിതമാക്കുകയും ചെയ്ത ഗൗരിഅമ്മ വരുംതലമുറയ്ക്ക് ഒരു സാമൂഹ്യപാഠമാണ്.
(ജെ.എസ്.എസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റാണ് ലേഖകൻ)