
75 വർഷങ്ങൾക്കുമുമ്പ്, മനോഹരമായ സോമനാഥ ക്ഷേത്രത്തിന്റെ പുനർനിർമ്മാണവും പ്രതിഷ്ഠയും നടന്നത് ഇന്ത്യയുടെ നാഗരിക പ്രതാപത്തിന്റെ പുനരുജ്ജീവനത്തിലെ നിർണായക നിമിഷമായിരുന്നു. ഇത് ഇന്ത്യയുടെ കരുത്തും നിശ്ചയദാർഢ്യവും വീണ്ടും ഉറപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വികസിത ഇന്ത്യ 2047 എന്ന ദൗത്യത്തിന്റെ കാതലും ഇതുതന്നെയാണ്.
പവിത്രമായ ഈ നാഴികക്കല്ലിന്റെ 75-ാം വാർഷികം, ഇന്ത്യൻ നാഗരികതയുടെ ശക്തമായ അടിത്തറയിലും കരുത്തിലും രാജ്യത്തിന് വലിയ ആത്മവിശ്വാസം നൽകുന്നു. 1,000 വർഷക്കാലം മതഭ്രാന്തർ ക്ഷേത്രത്തിനു നേർക്കു നടത്തിയ ക്രൂരമായ ആക്രമണങ്ങളെ അതിജീവിച്ച് കൂടുതൽ കരുത്തോടെയാണ് ഇന്ത്യൻ നാഗരികത ഉയർന്നുവന്നത്. ഗുജറാത്തിലെ ശാന്തമായ കടൽതീരത്തുള്ള ഈ ക്ഷേത്രം ഓരോ ആക്രമണത്തിനുശേഷവും അതിന്റെ എല്ലാ പ്രതാപത്തോടും കൂടി തകർച്ചകളിൽനിന്ന് ഉയിർത്തെഴുന്നേറ്റു.
പ്രധാനമന്ത്രി മോദി പറഞ്ഞതുപോലെ, സോമനാഥ് നശിപ്പിക്കാൻ ആവർത്തിച്ചുള്ള ശ്രമങ്ങളും ഗൂഢാലോചനകളും നടന്നതുപോലെ തന്നെ നൂറ്റാണ്ടുകളോളം വിദേശ അധിനിവേശക്കാർ ഇന്ത്യയെ ഇല്ലാതാക്കാൻ ശ്രമിച്ചു. എന്നിട്ടും പവിത്രമായ ഈ ക്ഷേത്രത്തെയോ നമ്മുടെ രാജ്യത്തെയോ നശിപ്പിക്കാൻ അവർക്ക് കഴിഞ്ഞില്ല. സോമനാഥിലെ ആക്രമണങ്ങളുടെ ലക്ഷ്യം കൊള്ളയടിക്കുക എന്നതിനേക്കാൾ ഭയാനകമായിരുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
സ്വാതന്ത്ര്യത്തിനുശേഷം, ഇന്ത്യയിലെ ദേശീയ ആത്മവിശ്വാസത്തിന്റെ ആദ്യകാല ആവിഷ്കാരങ്ങളിലൊന്നായ സോമനാഥ് പുനർനിർമ്മാണ ദൗത്യത്തിനു നേതൃത്വം നൽകിയതു സർദാർ പട്ടേലായിരുന്നു. എന്നാൽ ഇതിനുപോലും തടസങ്ങൾ നേരിട്ടു. അന്നത്തെ രാഷ്ട്രപതി ഡോ.രാജേന്ദ്രപ്രസാദ് ചരിത്രപരമായ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാനുള്ള തീരുമാനത്തെ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഔദ്യോഗികമായി എതിർത്തു. എന്നാൽ 1951 മെയ് 11ന് രാഷ്ട്രപതി ക്ഷേത്രം ഉദ്ഘാടനം ചെയ്തു.
ഈ പുനർനിർമ്മാണം നൂറ്റാണ്ടുകൾ നീണ്ട ക്രൂരമായ അടിച്ചമർത്തലുകൾക്കുശേഷം ഇന്ത്യയുടെ സാംസ്കാരിക നവോത്ഥാനത്തിനും നാഗരികതയിലുള്ള അഭിമാനത്തിനും വിത്തുപാകി. കാശി വിശ്വനാഥ ക്ഷേത്രത്തിന്റെയും ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രത്തിന്റെയും പുനരുദ്ധാരണംമുതൽ അയോദ്ധ്യയിലെ രാമക്ഷേത്രംവരെ; കേദാർനാഥിന്റെ പുനരുജ്ജീവനത്തിൽനിന്ന് എണ്ണമറ്റ പൈതൃക കേന്ദ്രങ്ങളുടെ സംരക്ഷണം വരെ, ഇന്ത്യ അതിന്റെ നാഗരിക ചരിത്രത്തെ അന്തസോടെയും ലക്ഷ്യബോധത്തോടെയും വീണ്ടെടുക്കുകയാണ്. ഈ ശ്രമങ്ങൾ സന്ദർശകരുടെ എണ്ണം വർദ്ധിപ്പിക്കുകയും പ്രാദേശിക ജനങ്ങൾക്കായി ധാരാളം തൊഴിലവസരങ്ങളും കച്ചവടസാദ്ധ്യതകളും സൃഷ്ടിക്കുകയും ചെയ്യുന്നു.
ആഗോള സ്വാധീനം
സോമനാഥിനെപ്പോലെ ഇന്ത്യയും കൂടുതൽ കരുത്തോടെ ഉയർന്നുവന്നു. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥ എന്ന നിലയിലും, ആധുനികതയെ അതിന്റെ സമ്പന്നമായ പൈതൃകവുമായി സവിശേഷമായ രീതിയിൽ സമന്വയിപ്പിക്കുന്ന രാജ്യം എന്ന നിലയിലും ഇന്ത്യ ഇന്ന് ആഗോളതലത്തിൽ തരംഗങ്ങൾ സൃഷ്ടിക്കുകയാണ്. 2014ൽ രാജ്യം മോദി സർക്കാരിനെ മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലേറ്റിയതിനു പിന്നാലെ, അന്താരാഷ്ട്ര യോഗാദിനം ആചരിക്കുന്നതിനായി റെക്കാഡ് എണ്ണമായ 175 രാജ്യങ്ങൾ പിന്തുണച്ച പ്രമേയം ഐക്യരാഷ്ട്രസഭയുടെ പൊതുസഭ അംഗീകരിച്ചു. യോഗ ഇന്ന് ലോകമെമ്പാടുമുള്ള എല്ലാ സംസ്കാരങ്ങളിലുമുള്ള വ്യക്തികൾക്കു പ്രയോജനപ്പെടുന്ന ആഗോള ആരോഗ്യ പ്രസ്ഥാനമാണ്.
ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം പ്രോത്സാഹിപ്പിക്കുന്നതും നമ്മുടെ പരമ്പരാഗത വിജ്ഞാന സമ്പ്രദായങ്ങളിലെ പ്രൊഫഷണലുകൾക്ക് ആഗോള അവസരങ്ങൾ സൃഷ്ടിക്കുന്നതും, സമീപ വർഷങ്ങളിൽ വികസിത രാജ്യങ്ങളുമായി ഇന്ത്യ ഒപ്പുവച്ച സ്വതന്ത്ര വ്യാപാര കരാറുകളിലെ പ്രധാന ഘടകമാണ്. ന്യൂസിലൻഡുമായി അടുത്തിടെ ഒപ്പുവച്ച സ്വതന്ത്ര വ്യാപാര കരാർ, പരമ്പരാഗത വൈദ്യശാസ്ത്രത്തിലും സമഗ്രമായ ആരോഗ്യപരിചരണത്തിലുമുള്ള ഇന്ത്യയുടെ ആഗോള മുന്നേറ്റത്തിലെ സുപ്രധാന നാഴികക്കല്ലാണ്.
ആയുഷ് പ്രാക്ടീഷണർമാർക്കും യോഗ ഇൻസ്ട്രക്ടർമാർക്കും ഒപ്പം മറ്റ് ഇന്ത്യൻ സാംസ്കാരിക-വിജ്ഞാന പ്രൊഫഷണലുകൾക്കും ന്യൂസിലൻഡിൽ ജോലി ചെയ്യുന്നതിനായി ഈ കരാർ വിസ ക്വാട്ടകൾ ഉറപ്പാക്കുന്നു. UK, EU, ഓസ്‌ട്രേലിയ എന്നിവയുമായുള്ള വ്യാപാര കരാറുകളിലും സമാനമായ വ്യവസ്ഥകളുണ്ട്.
പുതിയ ഭീഷണികളെ
തുരത്തുന്നു
ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകം ആഗോള ശ്രദ്ധയാകർഷിക്കുമ്പോൾ തന്നെ, രാജ്യത്തിന്റെ ഐക്യപൂർണമായ പൈതൃകത്തെ തകർക്കാൻ ഭീകരവാദവും നുഴഞ്ഞുകയറ്റവും ഉപയോഗിക്കുന്ന മതഭ്രാന്തന്മാരുടെ ലക്ഷ്യമായി രാജ്യം ഇന്നും തുടരുകയാണ്.
പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിലുള്ള നവഇന്ത്യ ഇത്തരം ഭീഷണികളോടു ശക്തമായി പ്രതികരിക്കുന്നു. 'ഓപ്പറേഷൻ സിന്ദൂർ' വഴി ഭീകരവാദികളെയും അതിർത്തിക്കപ്പുറത്തുള്ള അവരുടെ സ്പോൺസർമാരെയും ഇന്ത്യ പാഠം പഠിപ്പിച്ചു. ശ്രദ്ധേയമായ കാര്യം, ഓപ്പറേഷൻ സിന്ദൂറിന്റെയും സോമനാഥ ക്ഷേത്ര പുനർനിർമ്മാണത്തിന്റെയും വാർഷികങ്ങൾ ഏതാനും ദിവസങ്ങളുടെ വ്യത്യാസത്തിൽ മാത്രമാണ് വരുന്നത് എന്നതാണ്.
ഇവ രണ്ടും ഇന്ത്യയുടെ കരുത്തും നിശ്ചയദാർഢ്യവുമാണ് എടുത്തുകാട്ടുന്നത്.
സോമനാഥിന്റെ ചരിത്രം ആത്യന്തികമായി രാഷ്ട്രീയത്തിന് അതീതമാണ്. കീഴടങ്ങാൻ വിസമ്മതിച്ച നാഗരികതയുടെ കഥയാണത്. പുനർനിർമാണത്തിന് 75 വർഷങ്ങൾക്കു ശേഷവും സോമനാഥ് വെറും ക്ഷേത്രമായല്ല; മറിച്ച്, ഇന്ത്യയുടെ കരുത്തിന്റെയും തുടർച്ചയുടെയും ദേശീയ ആത്മവിശ്വാസത്തിന്റെയും കാലാതീതമായ പ്രതീകമായാണ് നിലകൊള്ളുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |