
'വെള്ളപ്പുക വരുന്നുണ്ടോ?, അടുത്ത കേരള മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള ചർച്ചകൾ കോൺഗ്രസ് പ്രസിഡന്റ് ഖാർഗെയുടെ ഡൽഹിയിലെ വസതിയിൽ ശനിയാഴ്ച പകൽ മുഴുവൻ കൊടുമ്പിരിക്കൊണ്ടു. പുറത്തു കാത്തുനിന്ന മാദ്ധ്യമപ്പട മാത്രമല്ല,കേരളമാകെ ഉറ്റുനോക്കിയത് വസതിയിൽ നിന്ന് വെള്ളപ്പുക ഉയരുന്നുണ്ടോ എന്നായിരുന്നു. ഒന്നും സംഭവിക്കുന്നില്ല.
സന്ധ്യയോടെ പുറത്തിറങ്ങിയ മുഖ്യമന്ത്രിപദ മോഹികളായ വി.ഡി.സതീശനും
കെ.സി.വേണുഗോപാലും രമേശ് ചെന്നിത്തലയും പാർട്ടി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയും മാദ്ധ്യമപ്പടയുടെ മുന്നിലേക്ക്. 'മുഖ്യമന്ത്രി ആരെന്ന് ഇപ്പോഴറിയാം.' ടിവി ചാനലുകളിലൂടെ രംഗം ലൈവായി കണ്ടവരും കാതുകൂർപ്പിച്ചു.പക്ഷേ, പറഞ്ഞത് കേരളത്തിലെ പ്രവർത്തകർക്കുള്ള സാരോപദേശം'. ആർക്കും വേണ്ടി തെരുവുകളിൽ പ്രകടനങ്ങൾ നടത്തരുത്.ഫ്ലക്സുകളും പോസ്റ്ററുകളുമെല്ലാം നീക്കണം'.
അപ്പോൾ, മുഖ്യമന്ത്രിയോ?, 'തേങ്ങ ഉടയ്ക്ക് സ്വാമി ' എന്നു പറയാനല്ലേ പത്രക്കാർക്ക് പറ്റൂ. മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് നേതാക്കൾ. ഒടുവിൽ സ്വാമി തന്നെ തേങ്ങ ഉടയ്ക്കട്ടെ. അൽപ്പം കൂടി 'ക്ഷമി' സഹോദരാ.
മാളിക മുകളേറിയ മന്നന്റെ തോളിൽ മാറാപ്പ് കേറ്റുന്നതും 'ജനം'. ജനത്തിന്റെ വെറുപ്പ് സമ്പാദിക്കുന്ന അധികാരികളുടെ തോളിൽ അടുത്ത തിരഞ്ഞെടുപ്പിൽ അവർ മാറാപ്പ് കേറ്റുന്നതും, പുറത്ത് വെയിലും മഴയും കൊണ്ട് നടക്കുന്നവരെ തണ്ടിലേറ്റി നടത്തുന്നതും സ്വാഭാവികം.തോൽവി ഒന്നിന്റെയും അവസാനമല്ല. ജയവും. നീണ്ട പത്തുകൊല്ലം നാട് ഭരിച്ച സർക്കാരാണ് മൂക്കു കുത്തി വീണത്. ഒരിക്കലും ഇളകാതിരുന്ന ചെങ്കോട്ടകൾ നിലം പതിച്ചു.
പാർട്ടി നേതൃത്വത്തെ വെല്ലുവിളിച്ച് മൂന്ന് വിമത സഖാക്കൾ ശത്രുപക്ഷത്തിന്റെ പിന്തുണയോടെ ജയിച്ചു. യു.ഡി.എഫിന് 100 സീറ്റ് കിട്ടിയില്ലെങ്കിൽ താൻ രാഷ്ട്രീയ വനവാസത്തിന് പോകുമെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവിന് ജനം 102 സീറ്റ് താലത്തിൽ വച്ചുനൽകി. ഒരു ഡസൻ മന്ത്രിമാർ തോൽക്കുമെന്ന് പറഞ്ഞപ്പോൾ, തോറ്റു തുന്നം പാടിയത് 13 മന്ത്രിമാർ. 'പിണറായി 3.0' എന്ന മഹാത്ഭുതം സംഭവിക്കുമെന്ന് അവസാനനിമിഷം വരെ സ്വപ്നം കണ്ടിരുന്ന ഇടതുനേതാക്കൾക്ക് ജനവികാരത്തിന്റെ പൾസ് അറിയാൻ കഴിയാതിരുന്നത് ജനങ്ങളുമായുള്ള ബന്ധം അത്രയ്ക്ക് അകന്നത് കൊണ്ടാവാം.
'സുഖത്തിലുണ്ടാം സഖിമാരനേകം,ദു:ഖം വരുമ്പോൾ പുനരാരുമില്ല' എന്ന അവസ്ഥയിലാണ് പിണറായി സഖാവ്. എല്ലാ വീഴ്ചകളുടെയും പഴി സഖാവിന്. പെരുമാറ്റത്തിലും സ്വഭാവത്തിലും ധാർഷ്ട്യവും താൻപോരിമയും കടന്നു കൂടിയിരിക്കാം. ഉപദേശക വൃന്ദത്തെ അകമഴിഞ്ഞ് ആശ്രയിച്ചിരിക്കാം. എങ്കിലും,എല്ലാ തെറ്റുകളും ഒരാളുടെ തലയിൽ കെട്ടിവച്ച് കൈ കഴുകാൻ ഒപ്പം നിന്നവർക്ക് എങ്ങനെ കഴിയും?.
സി.പി.എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയേറ്റത് മുതൽ തെറ്റുകൾ തിരുത്തി മുന്നോട്ടു പോകുമെന്ന് കാണാപ്പാഠം പോലെ പറഞ്ഞു നടന്നിരുന്ന എം.വി.ഗോവിന്ദൻ എന്ത് തെറ്റാണ് തിരുത്തിയത്?. ജനങ്ങളെ വെറുപ്പിക്കുന്ന സർക്കാരിന്റെ നടപടികളെ സധൈര്യം ചെറുക്കാൻ സി.പി.ഐ ഉൾപ്പെടെയുള്ള ഘടകകക്ഷികളുടെ നേതാക്കൾ തയ്യാറായോ?.വിമർശനങ്ങൾ മുഖത്ത് നോക്കി പറയാതെ പാർട്ടി കമ്മിറ്റികളിൽ മാത്രം തൊണ്ട പൊട്ടിച്ചാൽ മതിയോ?. എന്നിട്ടിപ്പോൾ,പിണറായിയുടെ ഏകാധിപത്യ ശൈലിയാണ് എല്ലാ കുഴപ്പങ്ങൾക്കും കാരണമെന്ന് പറഞ്ഞൊഴിയുന്നതിൽ എന്ത് ഔചിത്യം?
പുലപ്പേടി, മണ്ണാപ്പേടി തുടങ്ങിയ ചില ദുരാചാരങ്ങൾ പണ്ട് തെക്കൻ തിരുവിതാംകൂറിൽ നില നിന്നിരുന്നുവെന്ന് ചരിത്രം. എൽ.ഡി.എഫിലെ സി.പി.എം ഉൾപ്പെടെയുള്ള ഘടകകക്ഷികളെ ബാധിച്ചിരിക്കുന്നത് 'പിണറായിപ്പേടി'യാണ്. 'തിരുവായ്ക്ക് എതിർവായ്' ഇല്ലെന്ന ഭാവം.2001ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇതുപോലെ, ഭരണത്തിലിരുന്ന ഇടതുമുന്നണി 41 സീറ്റിലൊതുങ്ങുകയും, 99 സീറ്റോടെ യു.ഡി.എഫ് ഭരണത്തിലേറുകയും ചെയ്തതല്ലേ.അന്ന് മുഖ്യമന്ത്രിയായ എ.കെ.ആന്റണി പറഞ്ഞത് സി.പി.എം ഇനി ഒരു നൂറുകൊല്ലത്തേക്ക് കേരളത്തിൽ അധികാരത്തിൽ വരില്ലെന്നാണ്.
തുടർന്നുള്ള അഞ്ച് വർഷം കേരളം കണ്ടത് ലോട്ടറി മാഫിയയ്ക്കും, മതികെട്ടാനിലെയും, മൂന്നാറിലെയും ഭൂമി കൈയേറ്റങ്ങൾക്കുമെതിരെ പ്രതിപക്ഷ നേതാവായിരുന്ന വി.എസ്.അച്യുതാനന്ദന്റെ നേതൃത്വത്തിൽ നടത്തിയ ജനകീയ സമരങ്ങളാണ്.2006ലെ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് വീണ്ടും അധികാരത്തിൽ. വി.എസ് മുഖ്യമന്ത്രി. വി.എസിനെപ്പോലെ ജനമദ്ധ്യത്തിലേക്ക് ഇറങ്ങിച്ചെല്ലാനും അവരുടെ ജീവൽ പ്രശ്നങ്ങളുയർത്തി പോരാടാനും പിണറായി ഉൾപ്പെടെയുള്ള ഇടതു നേതാക്കൾ ഇനിയെങ്കിലും തയ്യാറാവുമോ?. കേരളം മറ്റൊരു ബംഗാളാകാതിരിക്കാനെങ്കിലും?.
(വിദുരരുടെ ഫോൺ: 9946108221)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |