കെട്ടിട നിർമ്മാണം പ്രതിസന്ധിയിൽ

Saturday 16 May 2026 12:04 AM IST

തേങ്ങയിടാൻ ബംഗാളിൽ നിന്ന് ഭായി വരുമെന്ന് അമ്പതുകൊല്ലം മുമ്പ് കേരളത്തിൽ ഒരാൾ പോലും ചിന്തിച്ചു കാണാനിടയില്ല. അറിയാവുന്ന മുറി ഹിന്ദിയിലും മലയാളത്തിലുമായി ബംഗാളിയെ തേങ്ങയിടാൻ വിളിക്കുന്ന ഒരു മലയാളി വീട്ടമ്മയുടെ ഫോൺ സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറലാണ്. തേങ്ങയിടാൻ മാത്രമല്ല ഞാറു നടാനും പൊറോട്ട അടിക്കാനും ജ്യൂസ് അടിക്കാനും ഹോട്ടലിൽ നിൽക്കാനും പത്രം വിതരണം ചെയ്യാനും വള്ളം തുഴയാനും എന്തിനും ഏതിനും അവരില്ലാതെ പറ്റില്ലെന്ന സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്. അവർ കൂട്ടത്തോടെ പോയാൽ കേരളം നിശ്ചലമാകുമെന്ന നിലയാണ്. ഏതാണ്ട് അതേ സ്ഥിതിയാണ് ഇപ്പോൾ സംജാതമായിരിക്കുന്നത്. തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ ബംഗാളിലേക്ക് പോയ അന്യസംസ്ഥാന തൊഴിലാളികളിൽ ഭൂരിപക്ഷവും ഇനിയും മടങ്ങിവന്നിട്ടില്ല. ഇതുകാരണം ഏറ്റവും കൂടുതൽ സ്തംഭിച്ചിരിക്കുന്നത് കെട്ടിട നിർമ്മാണ മേഖലയാണ്.

അപൂർവമായി ഉത്സവകാലത്തും മറ്റുമാണ് അവർ ഇങ്ങനെ സംഘമായി പോകാറുള്ളത്. അതും എല്ലാവരും പോകാറില്ല. അതിനാൽ ഇവിടത്തെ പണികൾ മുടങ്ങാറുമില്ലായിരുന്നു. എന്നാൽ, ഇത്തവണ വോട്ട് ചെയ്തില്ലെങ്കിൽ വോട്ടർ പട്ടികയിൽ നിന്ന് പുറത്താക്കി റേഷൻകാർഡിലും പേര് വെട്ടുമെന്നാണ് നാട്ടിൽ നിന്നും ഇവരെ അറിയിച്ചത്. അതിനാൽ ബംഗാളിൽ നിന്നുള്ളവർ ഒന്നൊഴിയാതെ കൂട്ടത്തോടെയാണ് പോയത്. ഇലക്ഷൻ കഴിഞ്ഞിട്ടും ഒരു ചെറിയ ശതമാനം പോലും തിരിച്ചുവന്നിട്ടില്ല. ഇലക്ഷനു മുമ്പുതന്നെ പാചകവാതക സിലിണ്ടറുകളുടെ ക്ഷാമം ഉണ്ടായതിനെത്തുടർന്ന് ഹോട്ടലുകളും മറ്റും അടച്ചുപൂട്ടിയത് ഇവരുടെ കൊഴിഞ്ഞുപോക്കിന് ഇടയാക്കിയിരുന്നു. കേരളത്തിന്റെ നിർമ്മാണ മേഖലയിൽ കായികാദ്ധ്വാനം കൂടുതൽ ആവശ്യപ്പെടുന്ന മിക്കവാറും എല്ലാ ജോലികളും തൊണ്ണൂറു ശതമാനവും അന്യസംസ്ഥാന തൊഴിലാളികളാണ് ചെയ്യുന്നത്. അതിനാൽ ഫ്ളാറ്റുകളുടെയും കെട്ടിടങ്ങളുടെയും വീടുകളുടെയും മറ്റും നിർമ്മാണം പലയിടത്തും നിറുത്തിവച്ചിരിക്കുകയാണ്.

മുപ്പതു മുതൽ 40 ലക്ഷം വരെ അന്യസംസ്ഥാന തൊഴിലാളികൾ സംസ്ഥാനത്തുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. ഇതിൽ പകുതിയിലേറെപ്പേരും വോട്ട് ചെയ്യാനായി മടങ്ങിപ്പോയി. ഹോട്ടലുകൾ അടച്ചപ്പോൾ ബാക്കിയുണ്ടായിരുന്നവരിൽ പകുതിയും തിരിച്ചുപോയി. അന്യസംസ്ഥാന തൊഴിലാളികൾ ഏറെ ഉണ്ടായിരുന്ന എറണാകുളം പെരുമ്പാവൂർ മേഖലയിൽ ഇവരുടെ തിരിച്ചുപോക്കിനെത്തുടർന്ന് കച്ചവടങ്ങളെല്ലാം മന്ദീഭവിച്ച നിലയിലാണ്. പ്ളൈവുഡ് നിർമ്മാണ മേഖലയും അടച്ചുപൂട്ടലിന്റെ വക്കിലാണ്. എറണാകുളം കഴിഞ്ഞാൽ കോഴിക്കോട്, തിരുവനന്തപുരം മേഖലകളിലാണ് ഏറ്റവും കൂടുതൽ അന്യസംസ്ഥാന തൊഴിലാളികൾ കേന്ദ്രീകരിച്ചിട്ടുള്ളത്. തിരുവനന്തപുരത്തെ ഫ്ളാറ്റ് നിർമ്മാണ മേഖലയിൽ മുൻപ് നടന്നതിന്റെ പകുതി പണി പോലും തൊഴിലാളി ക്ഷാമത്താൽ നടക്കുന്നില്ല. കേരളത്തിലങ്ങോളമിങ്ങോളമുള്ള നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രവർത്തിച്ചുവരുന്നത് ഏതാണ്ട് 15 ലക്ഷത്തോളം അന്യനാട്ടുകാരാണ്. ഇടയ്ക്കിടെ വന്നുപോകുന്നതുകൊണ്ട് ഇവർക്ക് കൃത്യമായ കണക്കൊന്നുമില്ല.

സർക്കാരിന്റെ രജിസ്ട്രേഷൻ പോർട്ടലിൽ അഞ്ച് ലക്ഷത്തോളം പേർ മാത്രമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. തിരുവനന്തപുരം ജില്ലയിൽ തന്നെ അഞ്ച് ലക്ഷത്തിലേറെപ്പേർ ഉണ്ടായിരിക്കുമെന്നത് ഉറപ്പാണ്. അന്യസംസ്ഥാന തൊഴിലാളികളെ ഇനി എത്ര വർഷം കൂടി ആശ്രയിക്കാനാവുമെന്ന് ഇപ്പോൾ പറയാനാവില്ല. ബംഗാളിൽ വികസന പ്രക്രിയകൾ ത്വരിതപ്പെട്ടാൽ വരും വർഷങ്ങളിൽ അവരുടെ വരവ് കുറയാനാണ് സാദ്ധ്യത. ഇത് മുൻകൂട്ടി കണ്ട് യന്ത്രവത്‌കരണത്തിന് മുൻതൂക്കം കൊടുത്തുകൊണ്ട് സംസ്ഥാനത്ത് പ്രത്യേക തൊഴിൽ സേനയെ പരിശീലിപ്പിച്ചെടുക്കുന്ന സർക്കാരിന്റെയും സ്വകാര്യ മേഖലയുടെയും കീഴിലുള്ള കേന്ദ്രങ്ങൾ തുടങ്ങേണ്ടത് ആവശ്യമാണ്. ഇവിടെ സ്തംഭനത്തിലായ കെട്ടിട നിർമ്മാണ മേഖല ഇനി ഉണരുന്നത് തൊഴിലാളികൾ തിരിച്ചെത്തുന്ന ജൂൺ ആദ്യവാരത്തോടെയാകുമെന്നാണ് കരാറുകാർ കരുതുന്നത്.