
അദ്ധ്യയനവർഷവും കാലവർഷവും തോളോടുതോൾ ചേർന്നാണ് സാധാരണ വരുന്നത്. പ്രകൃതിയുടെ ഒരു ആഹ്ളാദമായോ സ്വാഗതമായോ രക്ഷിതാക്കളും കുട്ടികളും അതിനെ കാണുന്നു. ഇത്തവണയും അതിന് വലിയ മാറ്റമുണ്ടാകുമെന്ന് അന്തരീക്ഷം കണ്ടിട്ട് തോന്നുന്നില്ല.
സ്‌കൂൾ തുറപ്പുമായി ബന്ധപ്പെട്ട് രക്ഷിതാക്കൾ തയ്യാറെടുപ്പുകൾ തുടങ്ങിയിട്ടുണ്ട്. പക്ഷേ, റവന്യു- പൊലീസ്- വിദ്യാഭ്യാസമുൾപ്പെടെ പ്രധാന വകുപ്പുകളിൽ അതിനനുസരിച്ചുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. ഇലക്‌ഷൻ ഫലപ്രഖ്യാപനം, മുഖ്യമന്ത്രിയെ കണ്ടെത്താൻ വൈകിയത് എന്നിവയൊക്കെ അതിനു കാരണമായി പറയാമെങ്കിലും വലിയൊരു വിഭാഗം ജനങ്ങളുടെ ഏറ്റവും വലിയ താത്‌പര്യവും പരിഗണനയും സ്‌കൂൾ തുറപ്പിലാണ് എന്നത് മറക്കരുത്. സ്‌കൂളും പരിസരവും സുരക്ഷിതമായിരിക്കുക, വേണ്ടത്ര അദ്ധ്യാപകരുണ്ടാവുക, കൃത്യസമയത്ത് പാഠപുസ്തകങ്ങൾ ലഭിക്കുക എന്നിവയാണ് സുഗമമായ അദ്ധ്യയനവർഷത്തിനായി രക്ഷിതാക്കൾ പ്രതീക്ഷിക്കുന്നത്. റവന്യു- പൊലീസ്- വിദ്യാഭ്യാസ വകുപ്പുകളുടെ ഏകോപനം കൊണ്ടേ അതു സാദ്ധ്യമാകൂ.
പാഠപുസ്തകങ്ങൾ ലഭിക്കുന്നതിലും വേണ്ടത്ര അദ്ധ്യാപകരുണ്ടാകുന്നതിലും വിദ്യാഭ്യാസ വകുപ്പ് മനസു വയ്ക്കണം. സ്കൂളും പരിസരവും സുരക്ഷിതമാക്കാൻ റവന്യു വകുപ്പ് കനിയണം. കൊടും വേനലായപ്പോൾ വീടുകളിൽ പോലും പാമ്പുകളുടെ ശല്യം വർദ്ധിച്ചിരുന്നു. അവധിക്കാലത്ത് സ്കൂൾ പരിസരം കാടും പടർപ്പും കയറിയിരുന്നു. അത് വൃത്തിയാക്കിയാലേ രക്ഷിതാക്കൾക്ക് മനഃസമാധാനത്തോടെ കുട്ടികളെ വിദ്യാലയങ്ങളിലേക്ക് അയയ്ക്കാൻ പറ്റൂ. സ്കൂൾ തുറക്കുമ്പോഴുള്ള ഗതാഗതക്കുരുക്കും അതുമൂലമുള്ള കഷ്ടപ്പാടുകളും ലഘൂകരിക്കാൻ പൊലീസ് സഹായം കൂടിയേ തീരൂ. തിങ്കളാഴ്ച വി.ഡി. സതീശന്റെ നേതൃത്വത്തിൽ പുതിയ യു.ഡി.എഫ് മന്ത്രിസഭ അധികാരത്തിൽ വരുന്ന സ്ഥിതിക്ക് ഈ പ്രശ്നത്തിന് അധികാരികൾ പ്രാമുഖ്യം നൽകുമെന്ന് പ്രതീക്ഷിക്കാം. പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമായി ഇലക്ഷന് മുമ്പ് ജില്ലയ്ക്കു പുറത്തുനിന്ന് നിയമിക്കപ്പെട്ട ഉദ്യോഗസ്ഥരാണ് പൊലീസ് സ്റ്റേഷനുകളിൽ ഇപ്പോൾ ക്രമസമാധാന പാലനത്തിനുള്ളത്. ഫലപ്രഖ്യാപന ശേഷം പഴയ ലാവണങ്ങളിലേക്ക് മടങ്ങേണ്ടവരായിരുന്നു ഇവർ.
കഴിഞ്ഞ പത്തുവർഷമായി എൽ.ഡി.എഫ് സർക്കാരിന്റെ ക്രമസമാധാനപാലനം നിർവഹിച്ചിരുന്ന മിക്കവരും ഇടതു ആഭിമുഖ്യമുള്ളവരാണ്. ഭരണമാറ്റം ഉണ്ടായ സാഹചര്യത്തിൽ ഇവരിൽ പലർക്കും സ്ഥലംമാറ്റമുണ്ടാകും. റവന്യു വകുപ്പിൽ കളക്ടറേറ്റുകളിലുൾപ്പെടെ എസ്റ്റാബ്ളിഷ്‌മെന്റ് വിഭാഗങ്ങളിൽ ചില്ലറ അഴിച്ചുപണികൾ ഈയിടെ നടത്തിയെങ്കിലും പൂർത്തിയായിട്ടില്ല. വിദ്യാഭ്യാസ വകുപ്പുൾപ്പെടെ പ്രധാന വകുപ്പുകളിലെ സ്ഥലംമാറ്റ നടപടികൾ ഉടൻ പൂർത്തിയാക്കേണ്ടതുണ്ട്. സ്‌കൂളുകളുടെ ഫിറ്റ്നസ്, അദ്ധ്യാപക പരിശീലനം, എസ്.എസ്.കെ ഫണ്ട് തുടങ്ങിയ കാര്യങ്ങളും സമയബന്ധിതമായി നടക്കണം.
എസ്.എസ്.എൽ.സി ഫലം പുറത്തുവന്ന സാഹചര്യത്തിൽ സ്കൂൾ തുറപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൂടുതൽ ശുഷ്‌കാന്തി വേണം. പുതിയ മന്ത്രിസഭ അക്കാര്യത്തിൽ ജാഗ്രത കാട്ടുമെന്ന് പ്രതീക്ഷിക്കാം.
ഫണ്ട് ഇല്ലാത്തതിനാൽ അവധിക്കാല അദ്ധ്യാപക പരിശീലനം റസിഡൻഷ്യൽ രീതി ഒഴിവാക്കി നടത്താൻ എസ്.സി.ഇ.ആർ.ടി തീരുമാനിച്ചു. പി.എം ശ്രീ ഫണ്ട് ലഭ്യമാകാത്ത സാഹചര്യത്തിലാണിത്. ഫണ്ടിനായി സമഗ്രശിക്ഷ കേരള സമർപ്പിച്ച അപേക്ഷയിൽ സർക്കാർ ഇതുവരെ മറുപടി നൽകിയിട്ടില്ല. ഇക്കുറി ഓൺലൈനായി മുന്നൊരുക്കങ്ങളും രണ്ടുദിവസം രണ്ടു ബാച്ചുകളിലായി ഓഫ് ലൈനായി പരിശീലനവും നടത്തും. കാര്യമായ സമരങ്ങളോ പ്രതിസന്ധികളോ ഇല്ലാതെയാണ് കഴിഞ്ഞ അദ്ധ്യയന വർഷം സമാപിച്ചത് എന്ന് പറയാതെ വയ്യ.
വി.ഡി. സതീശന്റെ നേതൃത്വത്തിൽ പുതിയ സർക്കാർ വരുമ്പോൾ വിദ്യാഭ്യാസ മേഖലയിലടക്കം ഗുണപരമായ മാറ്റങ്ങളുണ്ടാകുമെന്നാണ് പൊതുവേ പ്രതീക്ഷിക്കപ്പെടുന്നത്. രക്ഷിതാക്കളുടെയും സർവകക്ഷികളുടെയും പിന്തുണ ഇക്കാര്യത്തിൽ ഉറപ്പാക്കണം. ഒരു സർക്കാരിന്റെ മേന്മ വിദ്യാഭ്യാസരംഗത്തെ സുഗമമായ പ്രവർത്തനം കൂടി കണക്കിലെടുത്താണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |