കണ്ണൂർ: ആറളം ഫാം ഉൾപ്പെടെയുള്ള ആദിവാസി പുനരധിവാസ മേഖലകളിൽ വർദ്ധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങൾ പ്രതിരോധിക്കുന്നതിനായി നിർമ്മിതബുദ്ധി അധിഷ്ഠിത ഏർലി വാണിംഗ് സിസ്റ്റം സ്ഥാപിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചത് ആറളത്തെ കർഷകർക്കും ജനങ്ങൾക്കും പ്രതീക്ഷ നൽകുകയാണ്. വർഷങ്ങളായി ആറളം നേരിടുന്ന വന്യജീവി ആക്രമണം പ്രദേശത്തുള്ളവർക്ക് വലിയ ആശങ്കയാണുണ്ടാക്കുന്നത്. മനുഷ്യ ജീവനും കാർഷിക മേഖലയ്ക്കും ഒരുപോലെ ഭീഷണി പരത്തുകയാണ് ഇവിടെ തുടരുന്ന വന്യജീവി ആക്രമണങ്ങൾ. കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, വനം വകുപ്പ്, കെൽട്രോൺ എന്നിവർ സംയുക്തമായാണ് ഏർലി വാണിംഗ് സിസ്റ്റം പദ്ധതി നടപ്പിലാക്കുന്നത്. കഴിഞ്ഞ മാർച്ച് 13ലെ കേരള ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് പദ്ധതി നടപ്പിലാക്കാൻ സർക്കാർ തീരുമാനിച്ചത്. പദ്ധതിയുടെ പ്രായോഗിക വശങ്ങൾ പരിശോധിക്കുന്നതിനും പ്രദേശവാസികളുമായുള്ള ചർച്ചകൾക്കും ബന്ധപ്പെട്ട സമിതി കഴിഞ്ഞ മാസം ആറളത്ത് സന്ദർശനം നടത്തിയിരുന്നു. നേരത്തെ മൂന്നാറിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ പദ്ധതിയുടെ മാതൃകയിലാണ് ആറളത്തും നടപ്പാക്കുക. പ്രകൃതിക്ഷോഭങ്ങൾ, സുരക്ഷാ ഭീഷണികൾ അല്ലെങ്കിൽ മറ്റ് അപകടങ്ങൾ എന്നിവ സംഭവിക്കുന്നതിന് മുൻപായി ജനങ്ങൾക്ക് കൃത്യമായ സൂചന നൽകുന്ന അത്യാധുനിക സംവിധാനമാണ് ഏർലി വാണിംഗ് സിസ്റ്റം. അപകടമുണ്ടാകുമ്പോൾ പ്രദേശവാസികളുടെ മൊബൈൽ ഫോണുകളിൽ ഉച്ചത്തിലുള്ള ശബ്ദത്തോടെ മുന്നറിയിപ്പ് സന്ദേശങ്ങൾ എത്തും. വനാതിർത്തികളിൽ ആനകളുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ് കർഷകർക്കും നാട്ടുകാർക്കും സൈറണുകളിലൂടെയും മൊബൈൽ ആപ്പുകളിലൂടെയും അലേർട്ടുകൾ നൽകുന്നതാണ് പുതിയ സംവിധാനം.
നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന ആറളം ഫാമിനെ രക്ഷിക്കാനുള്ള പദ്ധതികൾ നടപ്പാക്കാൻ നടപടികൾ പുരോഗമിക്കുമ്പോൾ വിലങ്ങുതടിയാകുന്നത് രൂക്ഷമായ കാട്ടാനശല്യമാണ് . സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട നടീൽ വസ്തു വിതരണ കേന്ദ്രവും കാർഷിക കേന്ദ്രവുമായ ആറളം ഫാമിന്റെ നട്ടെല്ലൊടിച്ചത് കഴിഞ്ഞ ഒരു ദശകമായി തുടരുന്ന കാട്ടാന ശല്യമാണ്. ആറളം ഫാമിന്റെ വികസനത്തിനും നിലനില്പിനുമായി വൈവിധ്യവത്കരണ പദ്ധതികൾ നടപ്പാക്കുന്നതിനായി വിവിധ ഘട്ടങ്ങളിലായി കോടികളുടെ പദ്ധതികൾക്ക് തുടക്കമിട്ടിരുന്നു. ആറളം കാർഷിക ഫാമിന്റെ സമഗ്ര വികസനത്തിനായി വിവിധ വകുപ്പുകളുടെ ഉന്നത ഉദ്യോഗസ്ഥരുടെയും ജന പ്രതിനിധികളുടെയും യോഗം ചേരുകയും ആറളത്ത് വിദഗ്ധ സമിതിയെ പഠനത്തിന് നിയോഗിച്ച് റിപ്പോർട്ട് സർക്കാർ സമാഹരിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഫണ്ട് അനുവദിച്ച് വിവിധ പദ്ധതികൾ തുടങ്ങിയെങ്കിലും അവയൊക്കെ ലക്ഷ്യം കാണാതെ പോയത് കാട്ടാനശല്യം മൂലമായിരുന്നു. ഇതോടെ കരിഞ്ഞുണങ്ങിയത് ആറളത്തിന്റെ കാർഷിക പ്രതീക്ഷകളാണ്. ഏർലി വാണിംഗ് സിസ്റ്റം സ്ഥാപിക്കുന്നതിലൂടെ ഒരു പരിധി വരെ കാട്ടാന ഉൾപ്പെടെയുള്ള വന്യജീവി ആക്രമണങ്ങൾ തടയാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. വന്യജീവി ആക്രമണത്തിൽ ഏതാനും വർഷത്തിനിടെ 19 കോടി രൂപയുടെ നഷ്ടമാണ് ഫാമിനുണ്ടായത്.
ഫാമിന്റെ അധീനതയിലുള്ള കൃഷിസ്ഥലത്ത് താവളമാക്കിയ ആനക്കൂട്ടത്തെ ഭയന്ന് ജോലികൾ ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് ആറളത്തെ കാർഷിക മേഖലയിലെ തൊഴിലാളികൾ. ആനക്കൂട്ടത്തെ ഫാമിന്റെയും പുനരധിവാസ മേഖലയുടെയും ഭാഗങ്ങളിൽനിന്നും വനത്തിലേക്ക് തുരത്താനുള്ള ഓപ്പറേഷൻ ഗജമുക്തി പുനരാരംഭിക്കാനുള്ള തയാറെടുപ്പിലാണ് വനം വകുപ്പ്. തുരത്തിയാലും ഇവ മത്സരിച്ച് ആറളത്തെ വിളനിലം തരിശാക്കാൻ മടങ്ങിയെത്തുന്നതും പതിവാണ്. ഇതിൽ അപകടകാരിയായ മോഴയാനയും ഒരു കൊമ്പനാനയുമാണ് തൊഴിലാളികൾക്ക് ഭീഷണിയാവുന്നത്. പടക്കം പൊട്ടിച്ച് തുരത്തുന്നവർക്ക് നേരെയും പാഞ്ഞടുക്കുകയാണിവ. തൊഴിലെടുക്കാനാവാതെ ഫാമിലെ തൊഴിലാളികൾ കാട്ടാന ആക്രമിക്കാൻ വന്നാൽ എങ്ങോട്ട് നീങ്ങണമെന്നറിയാത്ത അവസ്ഥ വൻ അപകടസാദ്ധ്യതയാണ് ആറളം ഫാമിൽ ഉണ്ടാക്കുന്നത്. കാട്ടാന ആക്രമണത്തിൽ ആറളത്ത് പതിനഞ്ചോളം ജീവനുകൾ ഇതിനകം പൊലിഞ്ഞിട്ടുണ്ട്. കാട്ടാനക്കൂട്ടം തെങ്ങുകൾ വ്യാപകമായി നശിപ്പിക്കുന്നതും കുരങ്ങുശല്യവും മൂലം വൻ സാമ്പത്തിക നഷ്ടവും ഉണ്ടാകുന്നു. 3500 ഏക്കർ വിസ്തൃതിയിലുള്ള ആറളം ഫാമും 4000 ഏക്കർ വിസ്തൃതിയിലുള്ള ആറളം ആദിവാസി പുനരധിവാസ മേഖലയും കാട്ടാനക്കൂട്ടത്തിന്റെ പിടിയിലാണ് . കാട്ടാനകളെ പൂർണമായി ആറളം മേഖലയിൽ നിന്ന് തുരത്തി നവീന കാർഷിക പദ്ധതി ആറളത്ത് നടപ്പാക്കിയേ മതിയാകൂ .
സെൻസറുകളും ക്യാമറകളും സ്ഥാപിക്കും
സെൻസറുകളും ക്യാമറകളും ഉപയോഗിച്ച് കാട്ടാനകളുടെയും മറ്റും സാന്നിദ്ധ്യം തിരിച്ചറിഞ്ഞ് മുൻകൂട്ടി മുന്നറിയിപ്പ് നൽകാൻ ഈ സംവിധാനത്തിലൂടെ സാധിക്കും. വനം വകുപ്പ്, കെൽട്രോൺ, ഐ.ടി.ഡി.പി, പുനരധിവാസ മേഖലയിലെ മറ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ ഏകോപനത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. കണ്ണൂർ ഡി.എഫ്.ഒ, ആറളം വൈൽഡ് ലൈഫ് വാർഡൻ, ആറളം ഫാം എം.ഡി, കൊട്ടിയൂർ ആർ.ഒ, ടി.ആർ.ഡി.എം സ്റ്റാഫ്, ടാസ്‌ക് ഫോഴ്‌സ്, കെൽട്രോൺ ഉദ്യോഗസ്ഥർ എന്നിവർ പ്രദേശം സന്ദർശിച്ച് സാങ്കേതികമായ സാദ്ധ്യതകൾ വിലയിരുത്തിയിരുന്നു. വരും ദിവസങ്ങളിൽ ഇവർ വിശദമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും. വനത്തിലും ഗ്രാമപ്രദേശങ്ങളിലും മനുഷ്യ-ആന സംഘർഷം കുറയ്ക്കുന്നതിന് രൂപകല്പന ചെയ്ത കമ്മ്യൂണിറ്റി പ്രേരിതമായ പരിഹാരമാണ് എലിഫന്റ് ഏർലി വാണിംഗ് സിസ്റ്റം. ഗ്രാമങ്ങളിലോ വനങ്ങൾക്ക് സമീപമുള്ള ഫാമുകളിലോ ഇൻസ്റ്റാൾ ചെയ്യാം. ചിലവ് കുറഞ്ഞതും ഉപയോഗിക്കാൻ എളുപ്പമുള്ളതുമായ ഹാർഡ്‌വെയർ സിസ്റ്റം ഉപയോഗിച്ചാണ് ഈ ആപ്പ് പ്രവർത്തിക്കുന്നത്. സമീപത്ത് ആനയെ കണ്ടെത്തുമ്പോൾ, സൈറണുകൾ, ലൈറ്റുകൾ, അറിയിപ്പുകൾ എന്നിവ പോലുള്ള അലേർട്ട് സിസ്റ്റം പ്രവർത്തനക്ഷമമാകുന്നു. ഇത് ആളുകളെ സുരക്ഷിതരായിരിക്കാനും വിളകളോ വസ്തുവകകളോ നശിപ്പിക്കുന്നത് തടയാനും സാധിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |