പാലുകാച്ചിനിടെ പെയിന്റിംഗ് തൊഴിലാളി വീണുമരിച്ചു

Tuesday 26 May 2026 3:07 AM IST

കൊച്ചി: പാലുകാച്ച് നടന്ന് മിനിറ്റുകൾക്കകം വീടിന്റെ സൺഷെയ്ഡിൽ നിന്ന് പെയിന്റിംഗ് തൊഴിലാളി വീണുമരിച്ചു. ഒപ്പമുണ്ടായിരുന്ന മറ്റൊരു തൊഴിലാളിക്ക് പരിക്കേറ്റു.

നായരമ്പലം ഭഗവതിവിലാസം ക്ഷേത്രത്തിന് സമീപം ചാലക്കൽ വീട്ടിൽ മിൽസൺ (38) ആണ് മരിച്ചത്. വൈറ്റില സ്വദേശി മോഹനനാണ് (68) കാലിന് പരിക്കേറ്റത്.

എറണാകുളം വൈറ്റില ജനതാ ജംഗ്‌ഷൻ ലെയ്ൻ 33ൽ ഇന്നലെ രാവിലെ 10.10നായിരുന്നു അപകടം. പണി പൂർത്തിയാകാനുള്ള വീടിന്റെ പാലുകാച്ചൽ ഇന്നലെ രാവിലെ 9.45നായിരുന്നു. മൂന്നു നില കെട്ടിടത്തിന്റെ ഒന്നാംനിലയുടെ സൺഷെയ്ഡിൽ ഏണി വെച്ച് പെയിന്റിംഗ് ജോലി നടക്കുകയായിരുന്നു. മിൽസണനാണ് ഏണിയും പിടിച്ച് സൺഷെയ്ഡിൽ നിന്നത്. മുകളിൽ മോഹനൻ ‌ടച്ചിംഗ് ജോലിയിലായിരുന്നു.

ഇതിനിടെ ഏണി സഹിതം തൊട്ടടുത്ത കെട്ടിടവളപ്പിലേക്ക് മിൽസൺ വീണു. സൺഷെയ്ഡിലേക്ക് വീണ മോഹനൻ താഴെയിറങ്ങി പറയുമ്പോഴാണ് വീട്ടിലുണ്ടായിരുന്നവർ അപകടം അറിഞ്ഞത്.

വൈറ്റിലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചേപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ഞാറക്കൽ സെന്റ് മേരീസ് ദേവാലയത്തിൽ. അവിവാഹിതനാണ്. പരേതനായ ദേവസിക്കുട്ടിയുടെയും മേരിയുടെയും മകനാണ്. സഹോദരി: സിൽമ.

അപകടകാരണം വ്യക്തമല്ലെന്ന് മരട് പൊലീസ് പറഞ്ഞു. ഏണി വീഴുന്നതിന് മുമ്പ് ഇടിവെട്ടിയതായി പരിസരവാസികൾ പറഞ്ഞു.