കാറും ബൈക്കും കൂട്ടിയിടിച്ച് നേവി ഉദ്യോഗസ്ഥന് ദാരുണാന്ത്യം
കടയ്ക്കൽ: കാറും ബൈക്കും കൂട്ടിയിടിച്ച് നേവി ഉദ്യോഗസ്ഥനായ യുവാവിന് ദാരുണാന്ത്യം. ചിതറ ഐരക്കുഴി വിളയിൽ വീട്ടിൽ സുരേഷിന്റെയും പരേതയായ ബീന സുരേഷിന്റെയും മകൻ അബിൻ കൃഷ്ണയാണ് (25) മരിച്ചത്. കഴിഞ്ഞ ദിവസം വെളുപ്പിന് 12.30ന് കടയ്ക്കൽ മടത്തറ റോഡിൽ സീഡ് ഫാമിന് സമീപമായിരുന്നു അപകടം. അബിന്റെ അച്ഛന് പാലക്കാട് പോകുന്നതിനായി കടയ്ക്കലെത്തിയശേഷം, ഹെൽമറ്റെടുക്കുന്നതിനായി അയിരക്കുഴിയിലുള്ള വീട്ടിലേക്ക് തിരിച്ചു പോകുന്ന വഴിയിൽ എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ അബിനെ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെളുപ്പിന് മരണം സംഭവിച്ചു. ജോലിസ്ഥലമായ ചെന്നൈയിൽ നിന്ന് അബിൻ കഴിഞ്ഞ മാസമാണ് അവധിക്ക് നാട്ടിലെത്തിയത്. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. അമൽ കൃഷ്ണ സഹോദരനാണ്. കടയ്ക്കൽ പൊലീസ് കേസെടുത്തു.