കിണറ്റിൽവീണ് വൃദ്ധ മരിച്ചു

Tuesday 26 May 2026 1:34 AM IST

കാട്ടാക്കട: കറിവേപ്പില പറിക്കുന്നതിനിടെ വീട്ടുപറമ്പിലെ കിണറ്റിൽ വീണ് വൃദ്ധ മരിച്ചു. പൂവച്ചൽ മുളമൂട് ക്രിസ്റ്റീന ഭവനിൽ ക്രിസ്തുദാസിന്റെ ഭാര്യ പുഷ്പ ലീല (78) ആണ് മരിച്ചത്. ഇന്ന് രാവിലെ 8ഓടെയായിരുന്നു സംഭവം.

രാവിലെ ആഹാരം പാകം ചെയ്തതിനിടെ കറിവേപ്പിലയ്ക്കായി പുറത്തേക്കിറങ്ങിയ പുഷ്പ ലീലയെ ഏറെ നേരമായിട്ടും കാണാതായതോടെ ഭർത്താവ് ക്രിസ്തുദാസ് നടത്തിയ തിരച്ചിലിലാണ് കിണറ്റിന്റെ മൂടി മാറി കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് കിണറ്റിൽ നോക്കിയപ്പോഴാണ് പുഷ്പ ലീല കിണറ്റിൽ വീണുകിടക്കുന്നത് കണ്ടത്. കിണറ്റിൽ കാൽവഴുതി വീണതാകാമെന്നാണ് പ്രാഥമിക നിഗമനം.

ക്രിസ്തുദാസിന്റെ നിലവിളി കേട്ടോടിയെത്തിയ ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഇവരെ കിണറ്റിൽ നിന്ന് പുറത്തെടുത്തത്. കാട്ടാക്കടയിൽ നിന്ന് ഫയർഫോഴ്സ് സംഘവും എത്തിയിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മക്കൾ: മിനി, സുനി, ലീന. മരുമക്കൾ: പരേതനായ പോൾ രാജ്, സ്റ്റാൻലി ജോൺ.