പിണറായി വിജയനെ ലീഡറായും ക്യാപ്ടനായും കാരണഭൂതനായും മറ്റും പത്തുവർഷം വാഴ്ത്തിപ്പാടിയ സ്വന്തം പാർട്ടിക്കാരിൽ ഒരു വിഭാഗം മൂന്നാമതും ഭരണത്തുടർച്ച കിട്ടാതെ വന്നപ്പോൾ അതിന്റെ എല്ലാ കുറ്റങ്ങളും അദ്ദേഹത്തിന്റെ തലയിൽ കെട്ടിവച്ച് ആക്ഷേപശരങ്ങളെയ്യുന്ന തിരക്കിലാണ്. ബ്രാഞ്ച് കമ്മിറ്റി മുതൽ പോളിറ്റ് ബ്യൂറോ വരെയും പൊതുവേദികളിലും ഇതാണവസ്ഥ. ചരിത്രത്തിലാദ്യമായി ഇടതുമുന്നണിക്ക് തുടർഭരണം നേടിക്കൊടുത്ത നേതാവാണ് പിണറായി വിജയൻ.
അധികാരത്തിന്റെ മധുരം നുകർന്ന് രസിച്ച് ഉല്ലസിച്ചവർ ഭരണം നഷ്ടമായി ജനങ്ങളുടെ മുന്നിലേക്ക് ഇറങ്ങേണ്ടി വന്നപ്പോൾ തോൽവിയുടെ ഉത്തരവാദിത്വം ഒരാളുടെ ചുമലിലേക്ക് കെട്ടിവയ്ക്കുന്നതും വേട്ടയാടുന്നതും ശരിയല്ല. ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ 2021ൽ ഇടതുമുന്നണി തോറ്റു തുന്നംപാടുമെന്നായിരുന്നു പ്രതീക്ഷിച്ചത്. പിണറായിയുടെ നേതൃത്വത്തിൽ തന്നെ മുന്നണി ഉജ്ജ്വലവിജയം നേടിയത് ചെറിയ കാര്യമായിരുന്നില്ല. രണ്ടാമതും ഭരണം ലഭിച്ചപ്പോൾ നേതാക്കളും അണികളും സുഖലോലുപരായെന്നതാണ് വസ്തുത.
ജനങ്ങളെയും ജനകീയപ്രശ്നങ്ങളെയും മറന്ന് സാമ്പത്തിക നേട്ടത്തിനായി പായുകയായിരുന്നു കഴിഞ്ഞ അഞ്ചുവർഷമായി നല്ലൊരു വിഭാഗം നേതാക്കളും. അധികാരലഹരി നുകരുന്ന തിരക്കിൽ പാർട്ടിയുടെ മേൽത്തട്ടു മുതൽ കീഴ്ത്തട്ടുവരെയുള്ള ഇക്കൂട്ടർ ചെയ്ത പാപങ്ങളാണ് തിരഞ്ഞെടുപ്പിൽ തിരിച്ചടിയായി ഭവിച്ചത്.
പാർട്ടി ഒന്നുമല്ലാതിരുന്ന കാലത്ത് പൊലീസിന്റെയും എതിരാളികളുടെയും ശാരീരികമായ ആക്രമണങ്ങളെ ഉൾപ്പെടെ മറികടന്ന ത്യാഗോജ്വലമായ സമരപാരമ്പര്യം പിണറായി വിജയനുണ്ട്. പാർട്ടിയുടെ പ്രതിസന്ധി ഘട്ടത്തിൽ ശക്തമായ നേതൃത്വം നൽകി അണികളെ ഒന്നിച്ചുനിറുത്തി വീണ്ടും അധികാരം നേടിയത് കർക്കശക്കാരനായ അദ്ദേഹത്തിന്റെ നേതൃഗുണത്താലാണ്. പിണറായിയെപ്പോലുള്ള സമുന്നത നേതാക്കൾ നിലമൊരുക്കി, വിത്തെറിഞ്ഞ്, കളപറിച്ച്, വളമിട്ട കൃഷിയിടത്തിലെ വിളവ് കൊയ്യാനെത്തിയ പല പുത്തൻകൂറ്റ് കമ്മ്യൂണിസ്റ്റുകാർക്കും ലാഭേച്ഛ മാത്രമേയുള്ളൂ. ഇവരുടെ തമ്പ്രാൻ മനോഭാവമാണ് ഇടതുമുന്നണിയെ തിരഞ്ഞെടുപ്പിൽ ഒന്നുമല്ലാതാക്കിയത്.
ജനപ്രിയരല്ലാത്ത സ്ഥാനാർത്ഥികളെ രംഗത്തിറക്കിയതും തിരിച്ചടിയുടെ ആക്കം കൂട്ടി. ജനാധിപത്യത്തിൽ ജനങ്ങളുടെ ശക്തിയെന്തെന്ന് അവർ മനസിലാക്കുന്നില്ല. ഈ തോൽവിയിൽ നിന്ന് പല നേതാക്കളും കൈകഴുകി മാറാൻ ശ്രമിക്കുന്നതും വെറുതേയാണ്. കുറ്റങ്ങളെല്ലാം പിണറായിയുടെ തലയിൽ കെട്ടിവച്ച് ഇവർക്ക് രക്ഷപ്പെടാനാവില്ല.
കേരളത്തിന്റെ ഇന്നത്തെ ഭൗതികമായ പുരോഗതിയിലും സാമൂഹ്യമുന്നേറ്റങ്ങളിലും ഇടതുപാർട്ടികൾക്കും അവരുടെ പുരോഗമന ചിന്തകൾക്കും വലിയ പങ്കുണ്ട്. മതവും ജാതിയും തറവാട്ടുമഹിമയും ആശ്രിതവാത്സല്യവുമൊക്കെ പദവികൾക്ക് മാനദണ്ഡമാകുമ്പോൾ പാവപ്പെട്ടവരെയും അധ:സ്ഥിതരെയും അവഗണിക്കപ്പെട്ടവരെയും അധികാരക്കസേരകളിലേക്കെത്തിച്ചവരാണ് ഈ പാർട്ടികൾ. ഇപ്പോഴും ഒരു പരിധി വരെ ആ പാരമ്പര്യമാണ് അവർ പിന്തുടരുന്നതും. നേരിന് വേണ്ടി നിന്നവരും സാമൂഹ്യ യാഥാർത്ഥ്യങ്ങൾ ഉൾക്കൊണ്ടവരും നീതിക്ക് വേണ്ടി പ്രവർത്തിച്ചവരുമായിരുന്നു പണ്ടത്തെ പ്രവർത്തകരും നേതാക്കളും. അതുകൊണ്ടാണ് പാവപ്പെട്ടവരും വിദ്യാർത്ഥികളും തൊഴിലാളികളും മറ്റും പാർട്ടിക്കൊപ്പം ചേർന്നത്. പുതിയ കാലത്ത് ആ മഹിമകളൊക്കെ കൈവിട്ടുപോയി.
ശാന്തമായോ സൗമ്യമായോ സഹാനുഭൂതിയോടെയോ പെരുമാറുന്ന നേതാക്കൾ അപൂർവങ്ങളിൽ അപൂർവമായി. ന്യായമായ ഏതൊരാവശ്യത്തിനും ആർക്കും ഏതുസമയത്തും കയറിച്ചെല്ലാവുന്ന പാർട്ടി ഓഫീസുകൾ ഇന്ന് ബ്രാന്റഡ് വേഷഭൂഷാദികൾ അണിഞ്ഞ് മുന്തിയ വാഹനങ്ങൾ ഉപയോഗിക്കുന്ന സാമൂഹ്യബന്ധമില്ലാത്ത ദല്ലാളുമാരും ഇടനിലക്കാരും അധികാരക്കച്ചവടക്കാരും കൈയടക്കിയിട്ടുണ്ടെങ്കിൽ അതും ഒരു വ്യക്തിയുടെ കുറ്റമല്ല. അധികാര ലഹരിയിൽ പാർട്ടിയും പാർട്ടി നേതാക്കളും സാധാരണക്കാരിൽ നിന്ന് അകന്നുപോയി. നഗരപ്രദേശങ്ങിൽ ചുമട്ടുതൊഴിലാളി യൂണിയൻകാരുടെ ഉത്തരവാദിത്വമാണിപ്പോൾ പാർട്ടി പ്രവർത്തനം. വിദ്യാർത്ഥി നേതാക്കൾ മുതൽ ബ്രാഞ്ച്, ലോക്കൽ, ഏരിയാ സെക്രട്ടറിമാർക്ക് വരെ പൊതുവേ അഹങ്കാരത്തിന്റെ ഭാഷയും പെരുമാറ്റവുമാണ്. സാമ്പത്തിക നേട്ടങ്ങളും അധികാരക്കൊതിയുമായി നടന്ന ഇവരാരും സാധാരണക്കാരന്റെ പ്രശ്നങ്ങളിൽ ഇടപെട്ടില്ല. ഇവരുടെ പ്രവൃത്തി ദോഷങ്ങളെല്ലാം ഏൽക്കേണ്ടിവരുന്നതും കുറ്റങ്ങൾ കേൾക്കേണ്ടി വരുന്നതും പിണറായിയാണ്. ഇവരൊക്കെ തന്നെയാണ് ഇന്ന് പിണറായിയെ വിമർശിക്കാനും മുന്നിൽ നിൽക്കുന്നതെന്നു കാണുമ്പോൾ കഷ്ടമെന്നേ പറയാനുള്ളൂ.
പ്രധാനഘടകകക്ഷിയായ സി.പി.ഐ സൃഷ്ടിച്ച പ്രശ്നങ്ങളും മുന്നണിയുടെ രണ്ടാം ഭരണകാലത്ത് സർക്കാരിന്റെ ശോഭ കെടുത്തിയിട്ടുണ്ട്. സർക്കാരിന്റെയും മുന്നണിയുടെയും കെട്ടുറപ്പിനെ ബാധിക്കുന്ന പ്രതിസന്ധികളും ഇവർ സൃഷ്ടിച്ചു. സി.പി.ഐ ഭരിച്ച വകുപ്പുകൾ പലപ്പോഴും അമ്പേ പരാജയമായി. സിവിൽ സപ്ളൈസ്, റവന്യൂ വകുപ്പുകളിൽ നവകമ്മ്യൂണിസ്റ്റുകാരുടെ അഴിമതി വാഴ്ചയായിരുന്നു. ഇവരും ഇപ്പോൾ പിണറായിയെ വിമർശിക്കുന്ന തിരക്കിലാണ്.
തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് ന്യൂനപക്ഷങ്ങളുടെ കൂട്ടായ്മയാണ്. സ്വന്തം വോട്ടുബാങ്കുകളെ മറന്ന് ക്രൈസ്തവരെയും മുസ്ളീങ്ങളെയും പ്രീണിപ്പിക്കാനുള്ള ഇടതുപക്ഷത്തിന്റെ ശ്രമങ്ങളും തിരിച്ചടിച്ചു. ക്രൈസ്തവക്ഷേമത്തിന് ജെ.ബി. കോശി കമ്മിഷൻ റിപ്പോർട്ട് നടപ്പാക്കാനുള്ള തീരുമാനമെടുത്തത് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ആഴ്ചകൾക്ക് മുമ്പാണ്. 1947ന് ശേഷം മതംമാറിയവരുടെ ജാതി സർട്ടിഫിക്കറ്റിന് ബിഷപ്പിന്റെ ശുപാർശ തുടങ്ങിയ കാര്യങ്ങൾ അംഗീകരിച്ചത് അന്യായമായിപ്പോയി. മുസ്ളീം വിഭാഗത്തെ പ്രീണിപ്പിക്കാനായി കാന്തപുരം വിഭാഗത്തിന്റെ യുനാനി കോളേജിന് എയ്ഡഡ് പദവി നൽകിയതും ഇടതുസർക്കാരിന്റെ അവസാന മന്ത്രിസഭാ യോഗങ്ങളിലൊന്നിലാണ്. നയപരമായ ഇത്തരം തീരുമാനങ്ങൾ പിണറായി മാത്രം തീരുമാനിച്ചതല്ലല്ലോ. ഇത്തരം മണ്ടൻ നടപടികൾ പരാജയത്തിന്റെ ആക്കം കൂട്ടിയെന്നേയുള്ളൂ. ഇതെല്ലാം മറന്ന് ഭരണം നഷ്ടമായതിന്റെ ഉത്തരവാദിത്വം പിണറായിയുടെ തലയിൽ കെട്ടിവച്ച് അദ്ദേഹത്തെ ക്രൂശിക്കുന്നത് നീതികേടാണ്.
മുഖ്യമന്ത്രിയുടെ ഓഫീസിനും ഇടതുമുന്നണിയുടെ ദയനീയ പരാജയത്തിൽ വലിയ പങ്കുണ്ട്. പാർട്ടിയാണ് ഓഫീസ് സ്റ്റാഫിനെ നിശ്ചയിക്കുന്നത്. വിവാദപുരുഷനായ പി.ശശിയുടെ നിയന്ത്രണത്തിലെ ഓഫീസ് പലപ്പോഴും ഉപജാപകസംഘത്തിന്റെ പിടിയിലായിരുന്നു. മുഖ്യമന്ത്രി അറിയാതെ പലവിധ ഇടപെടലുകളും മറ്റിടപാടുകളും ഈ സംഘം നടത്തിയിട്ടുണ്ട്. ഒരുഘട്ടത്തിൽ സെക്രട്ടറിയും കേരളത്തെ വിഴുങ്ങുന്ന പലിശരാജാക്കന്മാരിലെ പ്രമുഖനും ചേർന്ന് ഓഫീസ് ഭരിച്ചെന്നു പറഞ്ഞാലും തെറ്റാവില്ല. ശശി ഉൾപ്പെടെ ആരോപണങ്ങൾ നേരിട്ട പലരെയും ഒരു കാലത്ത് പാർട്ടി തന്നെ മാറ്റി നിറുത്തിയിരുന്നതാണ്. എന്നിട്ടും ഇവർക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് ചുമതല നൽകിയത് വലിയ വീഴ്ചയാണ്. ഇവരുടെ പല വേലത്തരങ്ങളും മുഖ്യമന്ത്രി അറിഞ്ഞു കാണില്ല. ജില്ലാ സെക്രട്ടറിമാർ കൊടുത്തയച്ച കത്തുകൾക്ക് പീറക്കടലാസിന്റെ വില പോലും മുഖ്യമന്ത്രിയുടെ ഓഫീസിൽ ലഭിച്ചില്ല. പാർട്ടിക്ക് അതീതരായ ചില ദൂഷിത വലയങ്ങൾ അവിടെ വിളയാടി. എല്ലാ ദോഷങ്ങളും പിണറായിയുടെ തലയിൽ വച്ച് പാപികൾ പുണ്യാളവേഷം കെട്ടുകയാണിപ്പോൾ. ഈ ഉപജാപക സംഘം കേരളത്തിൽ സമാന്തര ഭരണകൂടമായി പ്രവർത്തിച്ചതിന്റെ കൂടി കേടാണ് ഇപ്പോൾ പിണറായി വിജയനും പാർട്ടിയും അനുഭവിക്കുന്നത്. സി.പി.എം നേതൃത്വം ആത്മപരിശോധനയും സ്വയം വിമർശനവും നടത്തേണ്ട സമയമാണിത്. ഉത്തരവാദിത്വമുള്ള പ്രതിപക്ഷമാവുക. പാകപ്പിഴകൾ തിരിച്ചറിഞ്ഞ്, തിരുത്തൽ നടപടികൾ സ്വീകരിച്ച്, ജനമനസുകളെ സ്വാധീനിക്കുംവിധം പ്രവർത്തിച്ച്, സംസ്ഥാന സെക്രട്ടറി മുതൽ ബ്രാഞ്ച് സെക്രട്ടറിവരെയുള്ളവർ ജനങ്ങളോട് സ്നേഹത്തോടെ പെരുമാറിയാൽ ഇടതുമുന്നണിക്ക് തിരിച്ചുവരാൻ ഇനിയും അവസരമുണ്ട്.