SignIn
Kerala Kaumudi Online
Tuesday, 02 June 2026 2.16 AM IST

ദേശീയ പാത 766- രാത്രി യാത്ര നിരോധനം  കർണാടകയിലെ നേതൃമാറ്റം, കേരളത്തിന് പ്രതീക്ഷ

a

രാത്രി യാത്ര നിരോധനത്താൽ കഴിഞ്ഞ 17 വർഷമായി ദുരിതമനുഭവിക്കുന്ന വയനാട്ടുകാർക്ക് കർണാടകയിലെ നേതൃമാറ്റം പ്രതീക്ഷയേകുന്നു. കേരളവുമായി അടുത്ത ബന്ധം പുലർത്തുന്ന ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയായതും കേരളത്തിൽ വി.ഡി. സതീശന്റെ നേതൃത്വത്തിൽ യു.ഡി.എഫ് മന്ത്രിസഭ അധികാരത്തിൽ വന്നതുമാണ് പ്രതീക്ഷയ്ക്ക് വക നൽകിയത്. ഇരു സംസ്ഥാനത്തും ഭരണം നടത്തുന്നത് കോൺഗ്രസ് നേതൃത്വം നൽകുന്ന മുന്നണിയാണെന്നതും നിരോധനകാര്യത്തിൽ തീരുമാനമെടുക്കാൻ ഇരു സർക്കാരുകൾക്കും കഴിയുമെന്നതുമാണ് കേരളത്തിന് പ്രതീക്ഷയേകുന്നത്. 2009 ജൂലായ് 27നാണ് സുൽത്താൻ ബത്തേരി വഴി കർണാടകയിലെ ബന്ദിപ്പൂർ കൂടി കടന്ന് പോകുന്ന ദേശീയ പാത 766-ൽ കേരള അതിർത്തിയായ മൂലഹള മുതൽ മഥൂർ വരെയുള്ള 19. 5 കിലോമീറ്റർ ദൂരത്തിൽ രാത്രി യാത്ര നിരോധിച്ചത്. കർണാടകയുടെ ബന്ദിപ്പുർ കടുവ സങ്കേതത്തിൽ 2004 മുതൽ 2007 വരെയായി വാഹനമിടിച്ച് വന്യമൃഗങ്ങൾ കൊല്ലപ്പെട്ടുവെന്ന പരാതിയെ തുടർന്ന് അന്നത്തെ ചാമരാജ് നഗർ ജില്ലാ കളക്ടറാണ് നിരോധന ഉത്തരവ് പുറപ്പെടുവിച്ചത്. മൂലഹള മുതൽ മഥൂർ വരെ രാത്രി 9 മണി മുതൽ പുലർച്ചെ 6 മണിവരെയാണ് നിരോധനം ഏർപ്പെടുത്തിയത്. ഇതുമായി ബന്ധപ്പട്ട കേസ് സുപ്രീം കോടതിയിൽ നടക്കുകയാണ്.

സുൽത്താൻ ബത്തേരി വഴി മലബാറിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് എളുപ്പത്തിൽ എത്താൻ കഴിയുന്നതും യാത്ര വാഹനവും ചരക്ക് നീക്കവും ഏറ്റവും കൂടുതൽ നടക്കുന്ന വഴിയുമാണ് ദേശീയ പാത 766. അതിനിടെ പാതയ്ക്ക് പകരമായി ബദൽപാത നിർദ്ദേശം വന്നു. ബന്ദിപ്പൂരിലെ കടുവ സങ്കേതത്തിലൂടെ കടന്നുപോകുന്ന പാതയ്ക്ക് ബദലായി പുതിയ പാത തുറക്കുന്നതിനെ സംബന്ധിച്ച് നിലപാട് അറിയിക്കാൻ 2019-ൽ കേന്ദ്ര-വനം പരിസ്ഥിതി മന്ത്രാലയത്തോട് സുപ്രീംകോടതി നിർദ്ദേശിച്ചിരുന്നു. കുട്ട-ഗോണികുപ്പ റോഡ് ബദൽ പാത നിർദ്ദേശത്തിൽ വന്നു. എന്നാൽ ഇത് തീരെയും സ്വീകാര്യമല്ലെന്നും ദേശീയപാതയ്ക്ക് പകരമായി ബദൽപാത ആകുകയില്ലെന്നും വ്യക്തമായതോടെ ഉപേക്ഷിച്ചു. 109 കിലോമീറ്റർ ദൈർഘ്യമുള്ള മലപ്പുറം-കുട്ട സാമ്പത്തിക ഇടനാഴിക്കായി 7123 കോടി രൂപ കേന്ദ്രം നീക്കിവെക്കുകയുണ്ടായി. ഈ പാത നിലവിൽ വരുന്നതോടെ ബന്ദിപ്പൂർ വനമേഖലയിലൂടെ കടന്നുപോകുന്ന ദേശീയ പാത 766 -ലെ യാത്ര പൂർണമായും ഇല്ലാതാകുമെന്ന ആശങ്കയും നിലനിൽക്കുന്നു. കോടതിയിൽ നിലനിൽക്കുന്ന ഈ കേസ് രമ്യമായി പരിഹരിക്കാൻ കേരള -കർണാടക സർക്കാരുകളോട് കോടതി നിർദ്ദേശിക്കുകയും ചെയ്തു. അതിനിടെ വയനാട് എം.പിയായി രാഹുൽ ഗാന്ധി തിരഞ്ഞെടുക്കപ്പെട്ട വേളയിൽ രാത്രി യാത്ര നിരോധനം സംബന്ധിച്ച് കർണാടക സർക്കാരുമായി സംസാരിക്കുന്നതിന് ഇവിടുത്തെ പാർട്ടി നേതൃത്വം ആവശ്യമുന്നയിച്ചെങ്കിലും നടപടിയായില്ല. പിന്നീട് വന്ന പ്രിയങ്കാഗാന്ധിയ്ക്ക് മുന്നിലും പ്രശ്നം ഉയർന്ന് വന്നു.

പ്രതീക്ഷ ഡി.കെ. ശിവകുമാറിൽ

ഇരു സംസ്ഥാനത്തും കോൺഗ്രസ് അധികാരത്തിലെത്തുകയും കേരളവുമായി ഏറെ അടുത്ത ബന്ധം പുലർത്തിവരുന്നതുമായ ഡി.കെ. ശിവകുമാർ കർണാടക മുഖ്യമന്ത്രിയാകുന്നതും രാത്രി യാത്ര നിരോധന കാര്യത്തിൽ കേരളത്തിന് പ്രതീക്ഷയേകുന്നു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ പ്രധാന വിഷയമായതും രാത്രി യാത്ര നിരോധനമായിരുന്നു. മാത്രമല്ല തിരഞ്ഞെടുപ്പ് വേളയിൽ കേരളത്തിലെ വിവിധ മണ്ഡലങ്ങളിലെത്തിയ കർണാടക മുഖ്യമന്ത്രിയാകുന്ന ഡി.കെ. ശിവകുമാറും രാത്രി യാത്ര നിരോധനം പിൻവലിക്കുന്നത് സംബന്ധിച്ച് സംസാരിച്ചത് ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രതീക്ഷയേകുന്നു. രാത്രി യാത്ര നിരോധനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് വിവിധ യുവജന സംഘടനകളുടെ നേതൃത്വത്തിൽ സുൽത്താൻ ബത്തേരിയിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തി. നിയമസഭയിലും പ്രശ്നം അവതരിപ്പിക്കുകയുണ്ടായി. പ്രശ്നത്തിൽ സംസ്ഥാന സർക്കാർ കക്ഷിചേർന്ന് കോടതിയിൽ കേസുമായി മുന്നോട്ട് പോവുകയും ചെയ്തു. രണ്ടാഴ്ചയോളം നീണ്ടുനിന്ന നിരാഹാര സമരം മന്ത്രിമാർ സമര പന്തലിലെത്തി പ്രശ്നത്തിൽ ശക്തമായി ഇടപെടുമെന്ന് നിരോധനം പിൻവലിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും ഉറപ്പ് നൽകിയതോടെയാണ് സമരം താത്ക്കാലികമായി അസാനിപ്പിച്ചത്. സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ ക്ലാസുകൾ ബഹിഷ്ക്കരിച്ചും കർഷകരും കർഷക തൊഴിലാളികളുമെല്ലാം ജോലി നിർത്തിവെച്ച് വാഹന ഉടമകളും വ്യാപാരികളുമെല്ലാം സമരത്തിൽ പങ്കുചേർന്നുമാണ് പ്രക്ഷോഭം നടത്തിയത്. ഒരു പൊതു ആവശ്യത്തിന് വേണ്ടി കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ നടത്തിയ ഏറ്റവും വലിയ ജനകീയ പ്രക്ഷോഭമായിരുന്നു. ലക്ഷത്തിൽപ്പരം പേരാണ് പ്രക്ഷോഭത്തിൽ പങ്കാളികളായത്.

തുരങ്കപാത നിർമ്മിക്കാൻ ആവശ്യമുയരുന്നു

ദേശീപാത 766-ൽ ബന്ദിപ്പൂർ വനത്തിലെ രാത്രി യാത്ര നിരോധനം നിലനിൽക്കുന്ന സാഹചര്യത്തിൽ വനത്തിലൂടെ തുരങ്കപാത നിർമ്മിച്ച് പ്രശ്നം പരിഹരിക്കണമെന്ന ആവശ്യം ഉയരുന്നു. നീലഗിരി-വയനാട് എൻ.എച്ച്. ആന്റ് റെയിൽവേ ആക്ഷൻ കമ്മിറ്റിയാണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. കർണാടക സർക്കാരിന്റെയും വനം പരിസ്ഥിതി മന്ത്രാലയത്തിന്റെയും യാതൊരു എതിർപ്പുമില്ലാതെയാണ് നിലമ്പൂർ -ന‌ഞ്ചനകോട് റെയിൽപാതയ്ക്ക് വേണ്ടി ബന്ദിപ്പൂർ വനത്തിൽ തുരങ്കപാതക്കുള്ള സർവ്വേയും ഡി.പി.ആറും റെയിൽവേ പൂർത്തിയാക്കിയതെന്ന് ചൂണ്ടിക്കാട്ടുന്നു. റെയിൽവേയ്ക്ക് പ്രധാന പരിസ്ഥിതി നിയമങ്ങൾ ബാധകമല്ല എന്നതും തുരങ്കപാത എന്ന ആനുകൂല്യം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ തുരങ്കപാത നിർമ്മിക്കാൻ കേന്ദ്ര-കേരള -കർണാടക സർക്കാരുകൾ തയ്യാറാകണമെന്നാണ് ആവശ്യം. ബന്ദിപ്പൂർ വനത്തിൽ ദേശീയപാതയ്ക്കും റെയിൽവേയ്ക്കും പൊതുവായ തുരങ്കം പരിഗണിക്കണമെന്ന നിർദ്ദേശവും നീലഗിരി വയനാട് എൻ.എച്ച്.ആന്റ് റെയിൽവേ ആക്ഷൻ കമ്മിറ്റി സുപ്രീം കോടതി മുമ്പാകെ സമർപ്പിക്കുകയുണ്ടായി. പ്രസ്തുത നിർദ്ദേശത്തോടുള്ള പ്രതികരണം അറിയിക്കാൻ സുപ്രീം കോടതി കേരള, കർണാടക സർക്കാരുകളോടും റെയിൽവേ, റോഡ് ഗതാഗതവും, ഹൈവേ, വനം പരിസ്ഥിതി മന്ത്രാലയത്തോടും ആവശ്യപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY