SignIn
Kerala Kaumudi Online
Tuesday, 02 June 2026 1.21 AM IST

പ്രോ റേറ്റാ രീതി അവസാനിപ്പിക്കണം

READ ENGLISH VERSION
a

ശമ്പളത്തിന് ആനുപാതികമായാണ് സർവീസിലിരിക്കുമ്പോൾ ജീവനക്കാർ പി.എഫിലേക്ക് വിഹിതം അടയ്ക്കുന്നത്. അപ്പോൾ ന്യായമായും ഈ അനുപാതം പെൻഷൻ നൽകുമ്പോഴും പാലിക്കേണ്ടതാണ് എന്ന് നീതിബോധമുള്ള ആർക്കും മനസിലാകുന്നതാണ്. എന്നാൽ, തൊഴിലാളികളുടെ ക്ഷേമവും അവകാശങ്ങളും സംരക്ഷിക്കുന്നതിനായി രൂപീകരിച്ച ഇ.പി.എഫ്.ഒയ്ക്ക് അത് മനസിലായില്ല. അതിനാൽ ഹൈക്കോടതികളിലും സുപ്രീംകോടതിയിലും വർഷങ്ങളോളം കേസ് നടത്തിയാണ് ജീവനക്കാർ തങ്ങളുടെ അവകാശം നേടിയെടുത്തത്. ശമ്പളത്തിന് ആനുപാതികമായി പെൻഷൻ നൽകണമെന്ന് അന്തിമമായി വിധിച്ചിട്ട് പോലും അതിനെതിരെ റിവ്യൂ പെറ്റിഷൻ നൽകിയും പിന്നെയും തീരുമാനം വൈകിപ്പിക്കുകയാണ് ഇ.പി.എഫ്.ഒ ചെയ്തത്. കേന്ദ്ര തൊഴിൽ വകുപ്പും പി.എഫ് ബോർഡും അതിന് നേതൃത്വം നൽകുന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥന്മാരുമാണ് വർദ്ധിപ്പിച്ച പെൻഷൻ നൽകുന്നതിന് വിലങ്ങുതടിയായി എന്നും നിന്നിട്ടുള്ളത്.

തിരിച്ചെടുക്കാൻ അവകാശികളില്ലാതെ ഇ.പി.എഫ്.ഒയുടെ പക്കൽ ശേഷിക്കുന്ന തുക 40 ലക്ഷം കോടിയോളം വരും. ഈ തുക സ്ഥിരനിക്ഷേപമാക്കിയാൽ തന്നെ വലിയ ബാദ്ധ്യതയില്ലാതെ വർദ്ധിപ്പിച്ച പെൻഷൻ നൽകാനാവും. എന്നാൽ, ചട്ടങ്ങൾ അത് അനുവദിക്കുന്നില്ല എന്നതാണ് അവർ പറയുന്ന ന്യായം. അത് മാറ്റാനുള്ള ആർജ്ജവം കാണിക്കേണ്ടത് കേന്ദ്ര തൊഴിൽ വകുപ്പിന് നേതൃത്വം നൽകുന്ന രാഷ്ട്രീയ രംഗത്തെ പ്രതിനിധിയായ മന്ത്രിയാണ്. പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്താൻ മുൻപ് തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന കാമരാജ് എത്തിയപ്പോൾ പ്രളയബാധിതർക്ക് വർദ്ധിപ്പിച്ച ഒരു തുക നൽകാൻ കളക്ടറോട് ആവശ്യപ്പെട്ടു. നിയമം അത് അനുവദിക്കുന്നില്ല എന്നായിരുന്നു കളക്ടറുടെ മറുപടി. ''നിയമം മനുഷ്യന്റെ ക്ഷേമത്തിന് വേണ്ടിയാണ് നിർമ്മിക്കുന്നത്. അതിന് മാർഗതടസമായാൽ ആ നിയമം മാറ്റുകയാണ് വേണ്ടത്. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം നൽകുന്നു എന്ന് രേഖപ്പെടുത്തി കൂടുതൽ തുക അനുവദിക്കുക"- ഇതായിരുന്നു കാമരാജിന്റെ ഉത്തരവ്. നിയമത്തേക്കാൾ പ്രധാനമാണ് നീതി എന്ന ഉറച്ച വിശ്വാസമുള്ളതുകൊണ്ടാണ് കാമരാജിന് അങ്ങനെ പറയാൻ കഴിഞ്ഞത്.

കാലം കഴിയുമ്പോൾ മനുഷ്യസ്നേഹത്തിനും നീതിക്കുമപ്പുറം നിയമത്തിന്റെ കർക്കശമായ അതിരുകൾക്കും സാങ്കേതിക പ്രശ്നങ്ങൾക്കും കൂടുതൽ പ്രാധാന്യം നൽകുന്ന രാഷ്ട്രീയ നേതാക്കന്മാരാണ് ഇപ്പോൾ കൂടുതലും. അതിനാലാണ് ജീവനക്കാർക്കും മറ്റും ന്യായമായ അവകാശങ്ങൾ നേടിയെടുക്കാൻ കോടതികളെയും മറ്റും സമീപിക്കേണ്ടിവരുന്നത്.

1995ലെ എംപ്ളോയീസ് പെൻഷൻ സ്‌കീമിൽ 2014ൽ കൊണ്ടുവന്ന ഭേദഗതിയിലാണ് പ്രോ റേറ്റാ ഉൾക്കൊള്ളിച്ചത്. ഇതനുസരിച്ച് 2014ന് മുൻപും ശേഷവുമുള്ള കാലയളവിനെ വേർതിരിച്ച് കണക്കാക്കിയാണ് ഇപ്പോൾ പെൻഷൻ അനുവദിച്ചിരിക്കുന്നത്. ഒരാൾക്ക് പെൻഷൻ അനുവദിക്കുമ്പോൾ അയാളുടെ സർവീസ് ദൈർഘ്യത്തെ ഒന്നായി കാണണമെന്നത് ഒരു സ്വാഭാവിക നീതിയാണ്. അതിൻപ്രകാരം അവസാനത്തെ 60 മാസത്തെ ശമ്പളത്തിന്റെ ശരാശരിയെടുത്താണ് പെൻഷൻ നിശ്ചയിക്കേണ്ടതെന്നാണ് പെൻഷൻകാർ ആവശ്യപ്പെട്ടത്. ഇത് ഇ.പി.എഫ്.ഒ തള്ളിയതിനെതിരെയാണ് അവർ കോടതികളെ സമീപിച്ചത്.

പ്രോ റേറ്റാ സമ്പ്രദായം അന്യായമാണെന്ന് കഴിഞ്ഞ വർഷം ഹിമാചൽപ്രദേശ് ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് വിധിച്ചിരുന്നെങ്കിലും പിന്നീട് ഇ.പി.എഫ്.ഒയുടെ അപ്പീലിൽ ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ഇപ്പോൾ പഞ്ചാബ്- ഹരിയാന ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചും പ്രോ റേറ്റാ രീതി റദ്ദാക്കിയിരിക്കുകയാണ്. അതിനെതിരെയും ഇ.പി.എഫ്.ഒ അപ്പീൽ പോകാതിരിക്കില്ല. എത്രനാൾ കേസ് നടത്തിയാലും ഒടുവിൽ ഈ രീതി ഒഴിവാക്കപ്പെടുമെന്ന് തന്നെ കരുതാം. അതിനാൽ ഇനിയും വർഷങ്ങൾ കേസ് നടത്തി പെൻഷൻകാരെ വലയ്ക്കാതെ ഈ രീതി റദ്ദാക്കി പെൻഷൻ നൽകാൻ നേരായ മാർഗം സ്വീകരിക്കാൻ കേന്ദ്ര തൊഴിൽ മന്ത്രാലയം രാഷ്ട്രീയമായ തീരുമാനം എടുക്കുകയാണ് വേണ്ടത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY