ശനിദോഷം കൊണ്ട് പൊറുതിമുട്ടുന്നവർ ധരിക്കേണ്ട രത്നം,​ പക്ഷെ വെറുതേ ഉപയോഗിക്കുന്നത് ആപത്ത്

Friday 29 May 2026 12:58 PM IST

നവരത്നങ്ങളിൽ ഒന്നാണ് ഇന്ദ്രനീലം. ദോഷങ്ങളകറ്റാൻ നവരത്നങ്ങൾ ധരിക്കുക പതിവുണ്ട്. ഇതിൽ വളരെ പ്രധാനമാണ് Blue sapphire അഥവാ ഇന്ദ്രനീലം. അഷ്‌ടമശനി, ഏഴര ശനി, കണ്ടക ശനി തുടങ്ങി ശനിദോഷങ്ങളകറ്റാൻ ഈ രത്നം ധരിക്കണമെന്ന് ജ്യോതിഷാചാര്യന്മാർ പറയാറുണ്ട്. നീല, കടുംനീല, അല്പം വയലറ്റ് കലർന്ന നീല നിറങ്ങളിൽ ഇന്ദ്രനീല രത്നങ്ങൾ കാണാറുണ്ട്. ഏകാഗ്രത, മനഃസമാധാനം എന്നിവയ്‌ക്കായി ഇന്ദ്രനീല രത്നം പതിച്ച മോതിരമോ ബ്രേസ്‌ലറ്റോ ധരിക്കുന്നത് നല്ലതാണ്. ഇന്ദ്രനീല മോതിരം ചൂണ്ടുവിരലിലാണ് ധരിക്കുക. എന്നാൽ ശനിദോഷമുണ്ടെന്ന് കരുതി എവിടെനിന്നെങ്കിലും മോതിരം വാങ്ങി ധരിക്കുന്നത് ഒട്ടും ശരിയല്ല. ഒരു ജ്യോതിഷാചാര്യനെ കണ്ട് കൃത്യമായ ജാതകപരിശോധന നടത്തിയ ശേഷം മാത്രമേ മോതിരം ധരിക്കാവൂ. ഏത് നക്ഷത്രക്കാരായാലും ശനിദോഷം അകറ്റാൻ ഇന്ദ്രനീല മോതിരം ധരിച്ചാൽ മതി എന്ന് കരുതരുത്. ഇത് ജാതകത്തിൽ വലിയ ദോഷങ്ങൾക്കേ സഹായിക്കൂ.

ശനിയുടെ സ്വക്ഷേത്ര രാശികളായ മകരം, കുംഭം രാശിലഗ്നമായി വരുന്നവർക്ക് ഇന്ദ്രനീലം അനുകൂലമാണ്. ഇടവം രാശിയിൽ ജനിച്ചവരാണെങ്കിൽ തൊഴിൽ രംഗത്ത് ശനി ഗുണം ചെയ്യും. ജോലിയിൽ ഉന്നത പദവി ലഭിക്കാനും കടബാദ്ധ്യതകൾ അകലാനും ഭൂമി, തൊഴിൽ, ഭവനം, വാഹനം ഇവ സ്വന്തമാക്കാനും കൃത്യമായ ജാതക പരിശോധനശേഷം ഇന്ദ്രനീലം ധരിച്ചാൽ സാധിക്കും.

പുരാണകഥയിൽ ഇന്ദ്രൻ വധിച്ച വലൻ എന്ന അസുരന്റെ കണ്ണാണ് ഇന്ദ്രനീല രത്നം. അതിനാൽ വാതം,​ അസ്ഥി,​ ക്യാൻസറടക്കം പല രോഗങ്ങളും മാറാൻ ഇന്ദ്രനീലം ധരിക്കുന്നത് ജ്യോതിഷാചാര്യന്മാർ നല്ലതെന്ന് പറയുന്നു. മിഥുനം,​ കന്നി,​ മീനം ലഗ്നത്തിൽ വരുന്നവർക്കും ഇന്ദ്രനീലം ധരിക്കാം. മറ്റൊരു ലഗ്നത്തിൽ വരുന്നവരും ഈ രത്നം ധരിക്കരുത്. ജീവിതത്തിൽ കൂടുതൽ ഭാഗ്യത്തിനായി വലുപ്പമേറിയ രത്നം ധരിക്കരുത്. ശനിദോഷം മാത്രമാണ് ഇതിനായി ഗണിക്കേണ്ടത് രത്നത്തിന്റെ വലിപ്പമല്ല.