വൃദ്ധയുടെ മുറിയില്‍ അതിക്രമിച്ച് കടന്ന് 28കാരന്‍; ബലാത്സംഗ കേസില്‍ അറസ്റ്റ്

Monday 01 June 2026 11:12 PM IST

ലക്‌നൗ: വൃദ്ധയായ അയല്‍വാസിയെ ബലാത്സംഗം ചെയ്ത കേസില്‍ 28കാരന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഹാത്രാസിലാണ് സംഭവം. തിങ്കളാഴ്ച രാവിലെയാണ് കൃത്യം നടന്നത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. രാവിലെ ഒമ്പത് മണിയോടെ വൃദ്ധയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ ഇയാള്‍ മുറിയില്‍ പ്രവേശിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. സ്്ത്രീയുടെ നിലവിളി കേട്ട് സമീപവാസികള്‍ ഓടിക്കുടുകയും രക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്തു.

എന്നാല്‍ ഇതിനിടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് അയല്‍വാസികള്‍ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തെത്തി കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയുമായിരുന്നു. പരിക്കേറ്റ് രക്തത്തില്‍ കുളിച്ചുകിടന്ന സ്ത്രീയെ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. സ്ത്രീയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുകയാണെന്ന് സദര്‍ സര്‍ക്കിള്‍ ഹിമാന്‍ഷു മാത്തൂര്‍ പറഞ്ഞു.

'പ്രതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെയും ഇരയുടെ കുടുംബത്തിന്റെ പരാതിയുടെയും അടിസ്ഥാനത്തില്‍ കൂടുതല്‍ നിയമനടപടികള്‍ സ്വീകരിക്കും. സമഗ്രമായ അന്വേഷണം നടന്നുവരികയാണ്' എന്ന് സിഒ പറഞ്ഞു. മുഴുവന്‍ കാര്യങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ടെന്നും പ്രതിക്കെതിരെ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.