SignIn
Kerala Kaumudi Online
Monday, 01 June 2026 12.07 PM IST

അഖിലയുടെ മുൻ ഭര്‍ത്താവിന്റെയും ഡാൻസ് സ്‌കൂൾ ജീവനക്കാരിയുടെയും മരണത്തിൽ ദുരൂഹത; വിശദ അന്വേഷണത്തിന് പൊലീസ്

READ ENGLISH VERSION
child-murder-case

തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരൻ അർഷിദിന്റെ കൊലപാതകത്തിൽ അന്വേഷണം വ്യാപിപ്പിക്കാനൊരുങ്ങി പൊലീസ്. അര്‍ഷിദിന്റെ പിതാവും പ്രതി അഖിലയുടെ ആദ്യ ഭര്‍ത്താവുമായ അഖിലിന്റെയും അഖിലയ്‌ക്കൊപ്പം ഡാന്‍സ് സ്‌കൂളില്‍ ജോലി ചെയ്തിരുന്ന യുവതിയുടെയും മരണങ്ങൾ അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം. രണ്ട് മരണങ്ങളിലും ദുരൂഹതയുണ്ടെന്ന സംശയത്തിലാണ് പൊലീസ്.

അഖിലയും അഖിലും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. അഖില അര്‍ഷിദിനെ ഗര്‍ഭം ധരിച്ചിരിക്കുമ്പോഴായിരുന്നു അഖിലിന്റെ മരണം. മകൻ ആത്മഹത്യ ചെയ്തതാണെന്ന് പിതാവ് സുനില്‍ കുമാര്‍ കഴിഞ്ഞ ദിവസം മാദ്ധ്യമങ്ങളോട് പറഞ്ഞിരുന്നു. അഷ്‌കറിന് മുന്‍പ് അഖിലയ്ക്ക് മറ്റൊരു ബന്ധമുണ്ടായിരുന്നുവെന്നും ഇക്കാര്യം അഖില്‍ അറിഞ്ഞെന്നും പിന്നീട് വിഷയം പൊലീസ് സ്റ്റേഷന്‍ വരെ എത്തിയിരുന്നതായും സുനില്‍ കുമാര്‍ പറഞ്ഞു. പൊലീസ് സ്റ്റേഷനില്‍ വച്ച് അഖിലിനെ വേണ്ടെന്ന് പറഞ്ഞ് അഖില സ്വന്തം വീട്ടിലേയ്ക്ക് പോയി. തുടർന്ന് വീട്ടില്‍ എത്തിയ അഖില്‍ ജീവനൊടുക്കുകയായിരുന്നു. ആ മരണത്തിന് പിന്നിലെ കാരണം വിശദമായി അന്വേഷിക്കാനാണ് പൊലീസിന്റെ തീരുമാനം.

അതേസമയം,​ അഖിലയ്‌ക്കൊപ്പം ഡാന്‍സ് സ്‌കൂളില്‍ ജോലി ചെയ്തിരുന്ന ചിറയിന്‍കീഴ് സ്വദേശിനിയായ യുവതിയുടെ മരണവും പൊലീസ് അന്വേഷിക്കും. ഇതേ സ്‌കൂളിലെ ഡ്രൈവറായിരുന്ന പ്രതി അഷ്‌കറുമായി യുവതിയുടെ വിവാഹം തീരുമാനിച്ചിരുന്നു. എന്നാല്‍ അഷ്‌കര്‍ വിവാഹത്തില്‍ നിന്ന് പിന്മാറുകയും അഖിലയ്‌ക്കൊപ്പം താമസിക്കുകയുമായിരുന്നു. ഇതിന് പിന്നാലെയായിരുന്നു യുവതിയുടെ മരണം. മരണത്തിന് പിന്നില്‍ അഖിലയ്ക്കും അഷ്‌കറിനും പങ്കുണ്ടോ എന്നതിലടക്കം പൊലീസ് വിശദമായ അന്വേഷണം നടത്തും.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു പിഞ്ചു കുഞ്ഞ് അതിക്രൂരമായി കൊല്ലപ്പെട്ടത്. ചോറ് കഴിക്കുന്നതിനിടയില്‍ ഛര്‍ദ്ദിച്ചുവെന്ന് പറഞ്ഞാണ് അഷ്‌കര്‍ കുഞ്ഞിനെ ആശുപത്രിയില്‍ എത്തിച്ചത്. പിന്നാലെ കുഞ്ഞ് മരിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ നെഞ്ചിനേറ്റ ക്ഷതമാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു. ഇതിന് പുറമേ കുഞ്ഞിന്റെ ശരീരത്തില്‍ പൊള്ളിയതും അടിച്ചതും അടക്കം നിരവധി പരിക്കുകളും കണ്ടെത്തി. വിശദമായ ചോദ്യം ചെയ്യലില്‍ അഷ്‌കര്‍ കുറ്റം സമ്മതിച്ചു. സംഭവ ദിവസം ചോറ് നല്‍കുന്നതിനിടെ കുഞ്ഞ് കരഞ്ഞെന്നും കരച്ചില്‍ നിര്‍ത്താത്തതിനെ തുടര്‍ന്ന് തലയില്‍ ശക്തമായി അടിച്ചെന്നുമാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. പ്രാഥമിക ചോദ്യം ചെയ്യലില്‍ കുഞ്ഞിനെ അഷ്‌കര്‍ മര്‍ദ്ദിച്ചിരുന്നതായി അഖിലയും സമ്മതിച്ചിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, NEDUMANGAD, CHILD MURDER CASE, KERALA POLICE, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY