
കസോൾ: പ്രദേശവാസികളും വിനോദസഞ്ചാരികളും തമ്മിലുണ്ടായ വാക്കേറ്റത്തിൽ വെടിവയ്പ്പ്. ഹിമാചൽ പ്രദേശിലെ വിനോദസഞ്ചാര കേന്ദ്രമായ കസോളിലെ 'ഗ്രീൻ വാലി' ഹോട്ടലിൽ ഇന്നലെ വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം. കടുത്ത ചൂടിൽ നിന്നും രക്ഷനേടാൻ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള സഞ്ചാരികൾ വൻതോതിൽ ഇവിടേക്ക് എത്തുന്ന സമയത്തായിരുന്നു അക്രമം.
ഹോട്ടലിൽ വച്ച് ഇരുസംഘങ്ങളും തമ്മിൽ തർക്കം ഉടലെടുക്കുകയായിരുന്നു. വാക്കുതർക്കം പെട്ടെന്ന് കൈയാങ്കളിയിലേക്ക് വഴിമാറി. ഇതിനിടയിലാണ് പഞ്ചാബ് സ്വദേശിയായ വിനോദസഞ്ചാരി കൈയിൽ കരുതിയ തോക്കടുത്ത് പ്രദേശവാസിക്ക് നേരെ വെടിയുതിർത്തത്. വെടിയുണ്ട നാട്ടുകാരിൽ ഒരാളുടെ കാലിലാണ് കൊണ്ടത്. പരിക്കേറ്റയാളെ മറ്റൊരു നാട്ടുകാരൻ തോളിലേറ്റി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ ശ്രമിക്കുന്നതിന്റെയും, അക്രമികളായ വിനോദസഞ്ചാരികൾ ഹോട്ടൽ പാർക്കിംഗിൽ നിന്ന് ഇവരെ പിന്തുടരുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നതിനിടെയും അക്രമി തോക്കിൽ വീണ്ടും ഉണ്ടകൾ നിറച്ച് വെടിവയ്ക്കാൻ പിന്നാലെ പാഞ്ഞെത്തി. എന്നാൽ ഒപ്പമുണ്ടായിരുന്ന മറ്റ് വിനോദസഞ്ചാരികൾ ഇയാളെ തടഞ്ഞു വച്ചതുകൊണ്ട് മാത്രമാണ് വൻ ദുരന്തം ഒഴിവായത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികൾ നടത്തുന്ന ഇത്തരം ഗുണ്ടാവിളയാട്ടങ്ങൾക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |