മേയ് 18ന് ശേഷം സെലീമയെ ആരും കണ്ടില്ല; പൂട്ടിയ ഫ്ളാറ്റും സ്വിച്ച് ഓഫായ മൊബൈലും, അയൽക്കാരുടെ സംശയം വഴിത്തിരിവായി

Monday 01 June 2026 10:56 PM IST

മുംബയ്: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം വീടിനുള്ളിലിട്ട് പൂട്ടി കടന്നുകളഞ്ഞ ഭർത്താവ് പിടിയിൽ. മുംബയിലെ മാൽവാനിയിലാണ് സംഭവം. ഒഡീഷയിൽ നിന്നാണ് പ്രതിയായ ഷംസുദ്ദീൻ അബ്ദുൾ മതീനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഷംസുദ്ദീന്റെ ഭാര്യ സെലീമ ഖാത്തൂൻ (33) ആണ് കൊല്ലപ്പെട്ടത്. ദിവസങ്ങൾ പഴക്കമുള്ള ഇവരുടെ ജീർണ്ണിച്ച മൃതദേഹം പൂട്ടിക്കിടന്ന ഫ്ളാറ്റിൽ നിന്നും പൊലീസ് കണ്ടെടുക്കുകയായിരുന്നു.

കഴിഞ്ഞ മേയ് 18നാണ് സെലീമയെ അയൽക്കാർ അവസാനമായി കണ്ടത്. അതിനുശേഷം ഇവരുടെ വീട് പൂട്ടിക്കിടക്കുകയായിരുന്നു. എന്നാൽ മേയ് 22ഓടെ വീട്ടിൽ നിന്നും കടുത്ത ദുർഗന്ധം വമിക്കാൻ തുടങ്ങിയതാണ് കേസിൽ വഴിത്തിരിവായത്.

വീട്ടിൽ നിന്ന് സഹിക്കാനാകാത്ത ദുർഗന്ധം ഉയർന്നതോടെ പരിഭ്രാന്തരായ അയൽക്കാർ ഉടൻ തന്നെ ഭർത്താവ് ഷംസുദ്ദീനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. എന്നാൽ വീട്ടിൽ എലി ചത്തു കിടക്കുന്നതാണെന്നായിരുന്നു ഷംസുദ്ദീൻ അയൽക്കാർക്ക് നൽകിയ മറുപടി. ഇതിന് പിന്നാലെ ഇയാൾ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തു.

ഷംസുദ്ദീന്റെ മറുപടിയിൽ സംശയം തോന്നിയ അയൽക്കാർ ഉടൻ തന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് ഫ്ലാറ്റിലെത്തി വാതിൽ തുറന്ന് പരിശോധിച്ചപ്പോഴാണ് സെലീമയുടെ മൃതദേഹം കണ്ടെത്തിയത്. മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം. കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി പൊലീസ് നടത്തിയ ഊർജിതമായ തെരച്ചിലിനൊടുവിലാണ് ഒഡീഷയിൽ നിന്നും ഇയാളെ പിടികൂടിയത്. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.