ഫ്ലാറ്റിലെ ബാത്ത്റൂമിൽ യുവതിയുടെ കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; സുരക്ഷാ വീഴ്ച, അന്വേഷണം ആരംഭിച്ച് പൊലീസ്
ബംഗളൂരു: യുവതി കുളിക്കുന്ന ദൃശ്യങ്ങൾ അപരിചിതനായ ഒരാൾ മൊബൈൽ ഫോണിൽ രഹസ്യമായി പകർത്തിയെന്ന് പരാതി. ബംഗളൂരുവിലെ ഗ്രീൻ ഗ്ലെൻ ലേഔട്ടിലെ ഫ്ളാറ്റിലാണ് സംഭവം. 28കാരിയായ യുവതി നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം മേയ് 31ന് വൈകുന്നേരമായിരുന്നു സംഭവം നടന്നതെന്ന് യുവതി പരാതിയിൽ പറയുന്നു. ജനലിലൂടെ ഫോൺ നീട്ടി ദൃശ്യങ്ങൾ പകർത്തുന്നത് കണ്ട യുവതി ബഹളം വച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു.
രാത്രി 8.15ഓടെ ബാത്ത്‌റൂമിൽ കുളിച്ചുകൊണ്ടിരിക്കുമ്പോഴാണ് ജനലിന് സമീപം ആരോ മൊബൈൽ ഫോൺ പിടിച്ചിരിക്കുന്നത് യുവതിയുടെ ശ്രദ്ധയിൽപ്പെട്ടത്. തന്റെ ദൃശ്യങ്ങൾ ആരോ പകർത്തുകയാണെന്ന് മനസിലായതോടെ യുവതി ഉടൻ തന്നെ ഒച്ച വച്ച് ബഹളം കൂട്ടി. തന്റെ ദൃശ്യങ്ങൾ പകർത്താൻ ഉപയോഗിച്ച ഫോൺ പച്ച നിറത്തിലുള്ളതാണെന്നും രണ്ട് ക്യാമറകൾ ഉണ്ടായിരുന്നുവെന്നും യുവതി പൊലീസിനോട് പറഞ്ഞു. ചാരനിറത്തിലുള്ള ടി-ഷർട്ട് ധരിച്ച ഒരു പുരുഷനാണ് ഫോൺ കൈയിൽ പിടിച്ചിരുന്നതെന്നും യുവതി വ്യക്തമാക്കി. ബഹളം കേട്ട് ആരെങ്കിലും പിടികൂടുന്നതിന് മുൻപ് തന്നെ പ്രതി സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.
പ്രതി ഫ്ളാറ്റിനുള്ളിലേക്ക് എങ്ങനെ പ്രവേശിച്ചു എന്നതിനെക്കുറിച്ച് പൊലീസിന് കൃത്യമായ സൂചനകൾ ലഭിച്ചിട്ടില്ല. ഇത്തരം പ്രവണതകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി. പ്രതിയെ തിരിച്ചറിയുന്നതിനായി ഫ്ളാറ്റ് സമുച്ചയത്തിലെയും സമീപ പ്രദേശങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് വിശദമായി പരിശോധിച്ച് വരികയാണ്. നിലവിൽ പ്രതിയെക്കുറിച്ച് മറ്റ് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നും ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു.