തൊഴിൽതട്ടിപ്പ് വീരൻ ബംഗളൂരുവിൽ അറസ്റ്റിൽ

Saturday 16 May 2026 1:04 AM IST

* തൃക്കാക്കര, പുത്തൻവേലിക്കര, നെടുമ്പാശേരി പൊലീസ് സ്റ്റേഷനുകളിലെ നിരവധി തൊഴിൽതട്ടിപ്പ് കേസുകളിൽ പ്രതി

കൊച്ചി: തൃക്കാക്കര വാഴക്കാല കേന്ദ്രീകരിച്ച് ലക്ഷക്കണക്കിന് രൂപയുടെ തൊഴിൽതട്ടിപ്പ് നടത്തിയ ശേഷം ബംഗളൂരുവിലെത്തി അവിടെയും തട്ടിപ്പ് നടത്തുകയായിരുന്ന യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു.

വാഴക്കാല ജഡ്ജിമുക്കിൽ പ്രവർത്തിക്കുന്ന ഹാപ്പിക്രോ ഗ്ലോബൽ സ്റ്റഡീസ് എൽ.എൽ.പി സ്ഥാപന നടത്തിപ്പുകാരൻ പുത്തൻവേലിക്കര സ്വദേശി റോജിനെയാണ് (33) ബംഗളൂരു മടിവാള പൊലീസ് സ്റ്റേഷൻ പരിധിയിലെ മാരുതിനഗറിൽനിന്ന് തൃക്കാക്കര എസ്.ഐ വി.ബി. അനസിന്റെ നേതൃത്വത്തിൽ പിടികൂടിയത്. അവിടെ ഒളിവിൽക്കഴിഞ്ഞ് തൊഴിൽതട്ടിപ്പ് നടത്തുകയായിരുന്നു.

ഹംഗറിയിൽ ജോലി വാഗ്ദാനംചെയ്ത് 2023 ഒക്ടോബർ മുതൽ പലപ്പോഴായി പരാതിക്കാരിൽനിന്ന് ലക്ഷക്കണക്കിന് രൂപയാണ് കൈക്കലാക്കിയത്. പത്തുപേരുടെ പരാതിയിൽ 50 ലക്ഷം രൂപയുടെ തട്ടിപ്പിന് തൃക്കാക്കര പൊലീസ് കേസെടുത്തിരുന്നു. ഇന്നലെ നാല് പരാതികൾകൂടി ലഭിച്ചു. പുത്തൻവേലിക്കര, നെടുമ്പാശേരി പൊലീസ് സ്റ്റേഷനുകളിലും പ്രതിക്കെതിരെ തൊഴിൽതട്ടിപ്പിന് കേസുകളുണ്ട്.

ലൈസൻസില്ലാതെയാണ് വാഴക്കാലയിലെ സ്ഥാപനം പ്രവർത്തിച്ചത്. പണംനൽകുമ്പോൾ 50 രൂപയുടെ മുദ്രപ്പത്രത്തിൽ കരാർ ഒപ്പിട്ട് നൽകി ഉദ്യോഗാർത്ഥികളുടെ വിശ്വാസം പിടിച്ചുപറ്റും. ബാങ്ക് അക്കൗണ്ടിൽനിന്ന് ഉദ്യോഗാർത്ഥികൾ പ്രതിയുടെ അക്കൗണ്ടിലേക്ക് പല തവണകളായിട്ടാണ് പണം കൈമാറുന്നത്. പണം കൈപ്പറ്റിയശേഷം വാഗ്ദാനംചെയ്ത ജോലിനൽകാനും വാങ്ങിയപണം തിരിച്ചു നൽകാനും തയ്യാറാകാതിരുന്നതിനെ തുടർന്നാണ് ഉദ്യോഗാർത്ഥികൾ പൊലീസിനെ സമീപിച്ചത്.

വിദേശത്തേക്ക് ആളുകളെ അയക്കാൻ ആവശ്യമായ 'പ്രൊട്ടക്ടർ ഒഫ് എമിഗ്രന്റ്‌സ്' ലൈസൻസ് സ്ഥാപനത്തിന് ഇല്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. മൊബൈൽഫോൺടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. വഞ്ചനാക്കുറ്റവും എമിഗ്രേഷൻ ആക്ട് പ്രകാരമുള്ള വകുപ്പുകളും ചുമത്തി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണ്.

സി.പി.ഒ സുജിത്ത്, ഗുജ്രാൾ എന്നിവരും അന്വേഷണ സംഘത്തിൽപ്പെടുന്നു.