
കൊച്ചി: ബാറിൽ ഗ്ലാസിൽ ഒഴിച്ചു വച്ച മദ്യം മാറിയെടുത്ത് കുടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിച്ചു. ടിപ്പർ ലോറി ഡ്രൈവറും പള്ളുരുത്തി കോണം സ്വദേശിയുമായ വൈശാഖിനാണ് (40) കുത്തേറ്റത്. വയറിന് ആഴത്തിൽ പരിക്കേറ്റ യുവാവ് കളമശേരി മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിൽ സ്വകാര്യ ബസ് ഡ്രൈവറായ പ്രതി നവീനെ (40) പള്ളുരുത്തി പൊലീസ് അറസ്റ്റുചെയ്തു.
വ്യാഴാഴ്ച രാത്രി പള്ളുരുത്തിയിലെ ബാറിലായിരുന്നു സംഭവം.കൗണ്ടറിൽനിന്ന് മദ്യം വാങ്ങി കുടിക്കാനായി വച്ചിരിക്കുകയായിരുന്നു വൈശാഖ്. ഈ സമയം ബാറിലെത്തിയ നവീനും മദ്യം വാങ്ങി. എന്നാൽ അബദ്ധത്തിൽ വൈശാഖ് എടുത്തുവച്ച മദ്യം നവീൻ കുടിക്കുകയായിരുന്നുവത്രേ. ഇത് ചോദ്യം ചെയ്തതോടെ വാക്കുതർക്കമുണ്ടായി. തർക്കം കൈയാങ്കളിയിലേക്ക് നീങ്ങിയതോടെ നവീൻ മടക്കുകത്തിയെടുത്ത് വൈശാഖിനെ ആക്രമിക്കുകയായിരുന്നു.പരിക്കേറ്റ വൈശാഖിനെ ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഗുരുതരമായതിനാൽ ജനറൽ ആശുപത്രിയിലേക്കും അവിടെനിന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും നില വഷളായപ്പോൾ കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.വൈശാഖിന്റെ ഭാര്യയുടെ മൊഴി രേഖപ്പെടുത്തിയശേഷം പള്ളുരുത്തി പൊലീസ് നവീനെ അറസ്റ്റു ചെയ്തു. ഇരുവരും തമ്മിൽ നേരത്തെയും തർക്കങ്ങൾ ഉണ്ടായിരുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |