 ഓപ്പറേഷൻ നുംഖോർ: കാർ ഡീലർ അറസ്റ്റിൽ ; എട്ട് കാറുകൾ പിടിച്ചെടുത്തു

Saturday 16 May 2026 12:59 AM IST

കൊച്ചി: ഭൂട്ടാനിൽ നിന്നുള്ള ആഡംബര വാഹനക്കടത്ത് കേസിൽ (ഓപ്പറേഷൻ നുംഖോർ) നടൻ ദുർഖറിന്റെ ലക്കി ഭാസ്‌കർ സിനിമയിൽ ഉപയോഗിച്ച നിസാൻ പട്രോൾ കാർ കളമശേരിയിലെ സിഗ്‌നേച്ചർ കാർസ് ഷോറൂമിൽ നിന്ന് പിടിച്ചെടുത്തു. ഷോറൂം പങ്കാളിയായ എൽദോ പോളിൽ നിന്നാണ് കാർ കണ്ടെടുത്തത്. ഭൂട്ടാൻ വാഹനക്കടത്ത് സംഘവുമായി നേരിട്ട് ബന്ധമുള്ള

കേസിൽ കോഴിക്കോട്ടെ റോഡ്‌വേയ് കാർ ഡീലർ പങ്കാളിയായ സൈൻമർവയെ വ്യാഴാഴ്ച കസ്റ്റംസ് അറസ്റ്റു ചെയ്തിരുന്നു.

വാഹനക്കടത്തിന് പിന്നിലെ ബുദ്ധികേന്ദ്രമായ പശ്ചിമബംഗാൾ ജയ്ഗാവോൻ സ്വദേശിയും പ്രമുഖ ഐ.ടി കമ്പനിയിലെ സീനിയർ എൻജിനിയറുമായ ബിശ്വദീപ് ദാസ് (35) ഡൽഹി സ്വദേശി മുഖേന കാറുകൾ റോഡ്‌വേയ്ക്ക് വിറ്റിട്ടുണ്ട്. ഈ ഇടപാടിലെ ഒന്നരക്കോടി വിലമതിക്കുന്ന എട്ടു കാറുകൾ കസ്റ്റഡിയിലെടുത്തിരുന്നു.

ഭൂട്ടാൻ, നേപ്പാൾ എന്നിവിടങ്ങളിൽ നിന്ന് കടത്തിയ 464 വാഹനങ്ങൾ വ്യാജരേഖകൾ ഉപയോഗിച്ച് അസാമിലെ ബൊംഗൈഗാവ് ആർ.ടി.ഒയിലാണ് രജിസ്റ്റർ ചെയ്തത്. നിരത്തിലിറക്കാൻ ലക്ഷദ്വീപിൽ ആദ്യ രജിസ്‌ട്രേഷൻ നടത്തിയെന്ന വ്യാജരേഖയുണ്ടാക്കി. സംഭവത്തിൽ ബൊംഗൈഗാവ് ഡി.ടി.ഒ ദീപക് പൊട്ടവാരി ഉൾപ്പെടെ അഞ്ചുപേരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. അസാം പൊലീസും അന്വേഷണം നടത്തുന്നുണ്ട്.

കള്ളക്കടത്ത് തടയാൻ സംയുക്തയോഗം

വാഹനക്കള്ളക്കടത്ത് തടയാനുള്ള നീക്കം ഇന്ത്യ - ഭൂട്ടാൻ കസ്റ്റംസുകൾ സംയുക്തമായി ആരംഭിച്ചു. ഭൂട്ടാൻ കസ്റ്റംസ് കമ്മിഷണറടക്കം പത്തംഗ ഉദ്യോഗസ്ഥർ മൂന്നാറിലെത്തി കസ്റ്റംസ് സംഘവുമായി ദിവസങ്ങൾ നീണ്ട ചർച്ച നടത്തി. ഭൂട്ടാൻ പട്ടാളം ഉപേക്ഷിച്ചതും മറ്റുമുള്ള വാഹനങ്ങൾ ഇന്ത്യയിലെത്തിച്ച് വൻവിലയ്ക്ക് വിറ്റഴിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ 2023 സെപ്തംബറിലാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം 'നുംഖോർ' എന്ന ഓപ്പറേഷൻ ആരംഭിച്ചത്. 142 വാഹനങ്ങളുടെ വിവരങ്ങൾ ശേഖരിച്ചു. അന്വേഷണത്തിൽ 15,000 വാഹനങ്ങൾ ഇന്ത്യയിലേക്ക് കടത്തിയതായി തിരിച്ചറിഞ്ഞു.