പൊലീസ് ചമഞ്ഞ് കവ‌ർച്ച: മുഖ്യപ്രതി അറസ്റ്റിൽ

Sunday 17 May 2026 3:41 AM IST

കൊച്ചി: എറണാകുളം എസ്.ആർ.എം റോഡിലെ ഹോട്ടലിൽ യുവാവിനെയും യുവതിയെയും പൊലീസ് ചമഞ്ഞ് കവർച്ച നടത്തിയ കേസിൽ മുഖ്യ ആസൂത്രകനെ എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും ഹോട്ടലിൽ താമസിക്കുന്നതറിഞ്ഞ് കവർച്ചയ്ക്ക് ആൾക്കാരെ ഏർപ്പാടാക്കിയ ആലപ്പുഴ വയലാർ രാമവർമ്മ എച്ച്.എസ്.എസിന് സമീപം ആഞ്ഞിലിച്ചിറയിൽ ആദിത്യനെ (20)യാണ് നോർത്ത് എസ്.എച്ച്.ഒ എ. അനൂപിന്റെ നേതൃത്വത്തിൽ വയലാറിൽ നിന്ന് ഇന്നലെ പിടികൂടിയത്.

ഇയാളുടെ നിർദ്ദേശപ്രകാരം ഹോട്ടലിൽ നേരിട്ടെത്തി കവർച്ച നടത്തിയ ആലപ്പുഴ സ്വദേശി റോഡ്ഗ്രിസ്, വടകര സ്വദേശി തോമസ് ചാക്കോ, പള്ളുരുത്തി സ്വദേശി ഭവൻ എന്നിവർ നേരത്തേ പിടിയിലായിരുന്നു. ആദിത്യനും കവ‌‌ർച്ചയ്ക്ക് ഇരയായ 24 കാരനായ വടകര സ്വദേശിയും എറണാകുളത്ത് ജോലി ചെയ്തിരുന്നപ്പോൾ പരിചയക്കാരാണ്. ഇതിനിടെ വടകര സ്വദേശി കണ്ണൂർ സ്വദേശിയായ യുവതിക്കൊപ്പം എറണാകുളത്ത് ഹോട്ടലിൽ താമസിക്കാൻ എത്തിയ വിവരം മനസിലാക്കിയാണ് ആദിത്യൻ കവ‌‌‌‌ർച്ച ആസൂത്രണം ചെയ്തത്. ആദിത്യന്റെ നിർദ്ദേശപ്രകാരം മാർച്ച് 3ന് പുലർച്ചെ നാലിന് റോഡ്ഗ്രിസും തോമസ് ചാക്കോയും ഭവനും കൊച്ചി സിറ്റി പൊലീസിലെ ഡാൻസാഫ് അംഗങ്ങളാണെന്ന വ്യാജേന ഹോട്ടലിൽ എത്തി.

റിസപ്ഷനിൽ വച്ച് യുവാവിന്റെ കഴുത്തിൽ പിടിച്ച് മൊബൈൽ ഫോൺ കൈവശപ്പെടുത്തി. തുടർന്ന് മുറിയിലേക്ക് കൊണ്ട് പോയി മയക്കുമരുന്ന കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയുടെ മുക്കാൽ പവന്റെ കൈച്ചെയിനും 5000 രൂപയും കവ‌ർന്ന് സ്ഥലം വിട്ടു. കേസിൽ കുടുക്കാതിരിക്കാൻ പ്രതികൾ ഒരു ലക്ഷം രൂപയാണ് ആവശ്യപ്പെട്ടതെന്ന് നോർത്ത് പൊലീസ് പറഞ്ഞു. ചേർത്തല പൊലീസ് സ്റ്റേഷനിലെ ക്രിമിനൽ കേസുകളിൽ പ്രതിയായ റോഡ്ഗ്രിസും ആദിത്യനും പരിചയക്കാരാണ്. സംഭവത്തിനു ശേഷം ഒളിവിലായിരുന്ന ആദിത്യൻ കഴിഞ്ഞദിവസം വയലാറിൽ എത്തിയെന്ന് രഹസ്യവിവരം കിട്ടിയതിനെ തുടർന്നാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ ഒരു പ്രതി കൂടി പിടിയിലാകാനുണ്ട്.