വീടിന് മുന്നിലെ സ്‌കൂട്ടർ കത്തിച്ച നിലയിൽ

Monday 18 May 2026 8:52 AM IST

അമ്പലപ്പുഴ: വീടിന് മുന്നിൽ നിർത്തിയിരുന്ന സ്‌കൂട്ടർ കത്തിച്ച നിലയിൽ. പുന്നപ്ര തെക്ക് പഞ്ചായത്ത് പതിനേഴാം വാർഡിൽ പനഞ്ചിക്കൽ വീട്ടിൽ പി. ജി.ട്രില്ലിമോന്റെ കെ.എൽ. 04 എ.ആർ. 2227 നമ്പർ ഫാസിനോ സ്കൂട്ടറാണ് കഴിഞ്ഞ രാത്രിയിൽ കത്തിച്ച നിലയിൽ കണ്ടെത്തിയത്.

ട്രില്ലിമോൻ സി.പി.ഐ ചെഗുവര ബ്രാഞ്ച് സെക്രട്ടറിയും ലോക്കൽ കമ്മിറ്റി അംഗവുമാണ്. സ്‌കൂട്ടർ ഭാര്യാസഹോദരിയുടെ പേരിലുള്ളതാണ്. സഹോദരിയുടെ ഭർത്താവ് മരിച്ച ശേഷം രണ്ടു വർഷമായി ട്രില്ലിമോനാണ് ഈ വാഹനം ഉപയോഗിക്കുന്നത്. രാത്രി 11.30 ഓടെ ശബ്ദം കേട്ട് ജനൽ തുറന്നപ്പോൾ സ്കൂട്ടർ കത്തുന്നതാണ് കണ്ടത്. അക്രമികൾ പുറത്തുനിന്ന് പ്രധാന വാതിൽ പൂട്ടിയിരുന്നതിനാൽ പെട്ടെന്ന് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. അടുക്കള വാതിൽ വഴി ട്രില്ലിയും ഭാര്യ ജാസ്മിനും പുറത്തിറങ്ങി വെള്ളമൊഴിച്ച് തീയണക്കാൻ ശ്രമിച്ചെങ്കിലും സ്കൂട്ടർ പൂർണമായി കത്തി നശിച്ചു. വീടിനോട് ചേർന്ന് ചെറിയ ഷെഡ്ഡിലാണ് വാഹനം ഉണ്ടായിരുന്നത്. അവിടെ ഉണ്ടായിരുന്ന ഫർണിച്ചറും, ചെറിയ സൈക്കിളും മറ്റ് സാധനങ്ങളും കത്തി നശിച്ചു. പ്രദേശത്ത് ഏതാനും നാൾ മുമ്പുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായാണ് സംഭവമെന്നാണ് അറിയുന്നത്. പുന്നപ്ര പൊലീസ് അന്വേഷണമാരംഭിച്ചു.

സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം ഇ.കെ.ജയൻ, മണ്ഡലം സെക്രട്ടറി പി.കെ .സദാശിവൻ പിള്ള, അസിസ്റ്റൻറ് സെക്രട്ടറി സി.വാമദേവ് ,എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി ശ്യാംകുമാർ, മണ്ഡലം ,ലോക്കൽ കമ്മിറ്റി അംഗങ്ങൾ എന്നിവർ സ്ഥലം സന്ദർശിച്ചു. സർവകക്ഷിയോഗം വിളിച്ച് ശാശ്വത പരിഹാരം കാണണമെന്ന് സി.പി.ഐ പുന്നപ്ര ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.ഡി. സന്തോഷ്കുമാർ ആവശ്യപ്പെട്ടു.