എം.ടി.എം.എ പിടികൂടി സംഭവം: യുവതിയും അറസ്റ്റിൽ
പന്തളം : കച്ചവടത്തിനായി കാറിൽ കടത്തിക്കൊണ്ടുവന്ന 395.296 ഗ്രാം എം.ടി.എം.എ പന്തളത്തുനിന്നും പിടികൂടിയ കേസിൽ മൂന്നാം പ്രതിയായ യുവതിയെ പൊലീസ് പിടികൂടി. പന്തളം കടക്കാട് വാഴക്കാലയിൽ മുഹമ്മദ് ഷായുടെ ഭാര്യ ഷെബീന ഖാനെ (29)യാണ് പന്തളം പൊലീസ് അറസ്റ്റു ചെയ്തത്. എം.ഡി.എം.എ വാങ്ങാൻ പ്രതികൾക്ക് പണം അയച്ചു നൽകിയിരുന്നത് ഷെബീന ഖാനാണെന്ന് പൊലീസ് പറഞ്ഞു. കേസിൽ അടൂർ പാറക്കോട് തറയിൽ ഷംനാദ്, അടൂർ കോട്ടമുകൾ പാലവിളയിൽ മുഹമ്മദ് ഷാൻ എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു. കഴിഞ്ഞ 15നാണ് കേസിനാസ്പദമായ സംഭവം. രഹസ്യ വിവരത്തെ തുടർന്ന് ജില്ല ഡാൻസാഫ് ടീമിന്റെയും പന്തളം പൊലീസിന്റെയും സംയുക്ത പരിശോധനയിൽ പന്തളം പാലത്തിന് സമീപത്തുനിന്നാണ് എം.ഡി.എം.എയുമായി പ്രതികളെ പിടികൂടിയത്. ഇവർ സഞ്ചരിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലുകൾക്കുശേഷം ഷെബീന ഖാനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.