SignIn
Kerala Kaumudi Online
Tuesday, 19 May 2026 3.12 PM IST

കന്നാസിൽ പെട്രോൾ വാങ്ങുന്ന ദൃശ്യങ്ങൾ, ആ സ്ത്രീ ആരാണ്? ഗർഭിണിയായ സോനയുടെ മരണത്തിൽ ട്വിസ്റ്റ്

sona

കോഴിക്കോട്: പേരാമ്പ്രയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണി വെന്തുമരിച്ച സംഭവത്തിൽ ദുരൂഹത ഏറുന്നു. തീപിടിത്തം ആസൂത്രിതമാണെന്ന് ഏറക്കുറെ വ്യക്തമായതോടെ അത് എങ്ങനെ ഉണ്ടായെന്ന് വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് പൊലീസ്. മരിച്ച സോനയെ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം മുന്നോട്ടുപോകുന്നതെന്നാണ് പൊലീസ് നൽകുന്ന സൂചന.

സോനയുടെ ഭർത്താവ് രജിൻ ലാലിന്റെ മൊഴിയും സോനയുടെ രൂപസാദൃശ്യമുള്ള ഒരു യുവതി പമ്പിൽ നിന്ന് കന്നാസിൽ പെട്രോൾ വാങ്ങിപ്പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതുമാണ് അന്വേഷണം സോനയിലേക്ക് കേന്ദ്രീകരിക്കുന്നതെന്നാണ് പൊലീസ് നൽകുന്ന സൂചന. കാറിൽ പെട്രോൾ സൂക്ഷിച്ചിരുന്നുവെന്ന് പൊലീസ് നേരത്തേ കണ്ടെത്തിയിരുന്നു.

കാറിന്റെ പിൻസീറ്റിലാണ് സോന ഇരുന്നിരുന്നത്. താൻ ഡ്രൈവുചെയ്യുമ്പോൾ കാറിനുള്ളിൽ പെട്രോളിന്റെ ഗന്ധം അനുഭവപ്പെട്ടെന്നും ഇത് എവിടെനിന്നാണെന്ന് പിന്നിലേക്ക് നോക്കി ചോദിക്കാൻ ശ്രമിക്കുമ്പോഴേക്കും കാറിനുള്ളിൽ തീ പടരുകയായിരുന്നു എന്ന മൊഴിയാണ് രജിൻ ലാൽ നൽകിയത്. അറുപതുശതമാനത്തോളം പൊള്ളലേറ്റ് രജിൻലാൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

ഇതിനൊപ്പമാണ് പേരാമ്പ്ര ടൗണിന് പരിസരത്തുള്ള ഒരു പമ്പിൽ നിന്ന് സോനയോട് രൂപസാദൃശ്യമുള്ള യുവതി കന്നാസിൽ പെട്രോൾ വാങ്ങിപോകുന്നതിന്റെ ദൃശ്യങ്ങൾ ലഭിച്ചത്. എന്നാൽ ഇത് സോനയാണോ എന്ന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നാണ് പൊലീസ് കേന്ദ്രങ്ങൾ നൽകുന്ന സൂചന. അപകടദിവസം ഒരു ബന്ധുവിനൊപ്പം സോന പുറത്തുപോയിരുന്നു. അന്നുവൈകിട്ട് ഏഴരയോടെയാണ് ഭർത്താവെത്തി സോനയെ ബന്ധുവീട്ടിൽ നിന്ന് കൂട്ടിക്കൊണ്ട് പോയത്. യാത്രാമദ്ധ്യേയാണ് അപകടമുണ്ടായതും എട്ടുമാസം ഗർഭിണിയായ പേരാമ്പ്ര പാലേരി കല്ലിക്കണ്ടിവീട്ടിൽ സോന മരിച്ചതും.

മരണം ആസൂത്രിതമാണെന്നും ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ നേരത്തെ ആരോപിച്ചിരുന്നു. സംഭവത്തിൽ മുഖ്യമന്ത്രിയ്ക്ക് പരാതി നൽകാനൊരുങ്ങുകയാണ് കുടുംബം. പോസ്റ്റുമോർട്ടം, ഫോറൻസിക് റിപ്പോർട്ടുകൾ എന്നിവ ലഭിച്ചയുടൻ പരാതി നൽകാനാണ് തീരുമാനമെന്ന് അമ്മാവൻ എ.കെ.സത്യൻ പറഞ്ഞു.

സോനയെ ഒഴിവാക്കാൻ രജിൻലാലിന്റെ ആസൂത്രണമായിരുന്നു തീപിടിത്തമെന്നാണ് വീട്ടുകാർ ആരോപിച്ചത്. കാറിനുള്ളിൽ മാരകമായ എന്തോ വച്ചശേഷം രജിൻ സോനയെ മനഃപൂർവം കത്തിച്ചതുപോലെ തോന്നുന്നെന്നും അപകടമുണ്ടായപ്പോൾ പിന്നിലെ ഡോർ തുറക്കാൻ ശ്രമിക്കാതെ തോട്ടിൽചാടി രക്ഷപ്പെടാനാണ് ശ്രമിച്ചതെന്നും കുടുംബം ആരോപിച്ചു. അപകടകാരണം ഷോർട്ട് സർക്യൂട്ടല്ലെന്നാണ് ഫോറൻസിക്കിന്റെ പ്രാഥമിക നിഗമനം. കാറിനുള്ളിലെ വയറിംഗിനും ഇന്ധന ടാങ്കിനും തകരാറുകളില്ലെന്ന് മോട്ടോർ വാഹന വകുപ്പും ഫോറൻസിക് വിദഗദ്ധരും പരിശോധനയിൽ കണ്ടെത്തിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, SONA, PREGNANT WOMAN, CAR CATCHES FIRE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY