200 കിലോ ചന്ദനവുമായി മൂന്നു പേർ പിടിയിൽ

Thursday 21 May 2026 2:54 AM IST

പാലോട്: മൂന്നൂറ് കിലോയിലധികം തൂക്കമുള്ള ചന്ദനത്തടി കടത്താൻ ശ്രമിച്ച മൂന്നുപേർ അറസ്റ്റിൽ. മൺവിളയിൽ ഒരു വ്യക്തിയുടെ വീട്ടിൽ സൂക്ഷിച്ചിരുന്ന ലക്ഷങ്ങൾ വിലയുള്ള ചന്ദനത്തടിയാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വനംവകുപ്പ് പിടികൂടിയത്. സംഭവത്തിൽ മൺവിള ചന്ദ്രറൈസ് മില്ലിന് സമീപം വിഷ്ണു (26), കുളത്തൂർ അരശുംമൂട് കിഴക്കുംകര അയോദ്ധ്യയിൽ ജയകുമാർ (61),കഴക്കൂട്ടം ആറ്റിപ്ര ജേക്കബ് വില്ലയിൽ ജേക്കബ് (57) എന്നിവരെ പാലോട് റേഞ്ച് ഓഫീസർ വിപിൻചന്ദ്രനും സംഘവും പിടികൂടി. ഇതിൽ ആദ്യ രണ്ട് പ്രതികൾ ബി.ജെ.പി ഭാരവാഹികളും മൂന്നാമത്തെയാൾ കോൺഗ്രസിലെ സംസ്ഥാന നേതാവിന്റെ അടുത്ത ബന്ധുവുമാണ്. ഒരു വർഷം മുമ്പ് തന്നെ മൂവർ സംഘം ചന്ദനത്തടി മുറിച്ചു കടത്തുന്നതിനെക്കുറിച്ച് ആലോചനയിലായിരുന്നു. റിയൽ എസ്റ്റേറ്റ് കച്ചവടക്കാരനായ ജേക്കബ് സ്വകാര്യ വ്യക്തിയിൽ നിന്ന് വാങ്ങിയ സ്ഥലത്ത് നിന്ന ചന്ദനമരമാണ് മുറിച്ചത്. അത് 300 കിലോയിൽ അധികമുണ്ടായിരുന്നു. പക്ഷേ ഇത് വില്പനയ്ക്ക് സാധിക്കാതെ വന്നതോടെ ഇയാൾ സ്വന്തം ഗോഡൗണിലേക്ക് തടി മാറ്റി. രണ്ടുവർഷമായി അവിടെ തടി ഇരുന്ന് ഉണങ്ങി. ഉണങ്ങിയപ്പോൾ തടിയുടെ ഭാരം മുന്നൂറ് കിലോയിൽ നിന്ന് 200കിലോയായി കുറഞ്ഞു. തുടർന്നാണ് ചന്ദന കച്ചവടക്കാരായ രണ്ടു,മൂന്നും പ്രതികളെ ബന്ധപ്പെട്ട് കച്ചവടം ഉറപ്പിച്ചത്. തടി കൊണ്ടുപോകുന്നതിനിടയിലായിരുന്നു വനപാലകർ പിന്തുടർന്ന് പിടികൂടിയത്. ഒരുവർഷമായി ഈ സംഘത്തിന്റെ പിന്നാലെയായിരുന്നു വനപാലകർ.പാലോട് റെയ്ഞ്ച് ഓഫീസർ വിപിൻ ചന്ദ്രൻ,സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ബിജുകുമാർ, എസ്.എഫ്.ഒ മാരായ നിഷ,വിഷ്ണു,രാജേഷ്,വാച്ചർ ശാന്തകുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടി നെടുമങ്ങാട് വനം കോടതിയിൽ ഹാജരാക്കിയത്.