പ്രാകൃതപീഡനത്തിന് ഇരയായി 34കാരൻ "ചട്ടുകം പഴുപ്പിച്ച് ദേഹമാകെ പൊള്ളിച്ചു; ബെൽറ്റിട്ട് നായയെപ്പോലെ നടത്തി"
കൊച്ചി: മോഷ്ടാവാണെന്ന് തിരിച്ചറിഞ്ഞ വാടകക്കാരനെ സ്വന്തം വീട്ടിൽ നിന്ന് ഒഴിപ്പിച്ച 34കാരനെ അക്രമിസംഘം ബന്ദിയാക്കി പ്രാകൃതമായി പീഡിപ്പിച്ചു. ദേഹമാകെ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു. നെഞ്ചിൽ ബെൽറ്റിട്ട് മുറുക്കി നായയെപ്പോലെ നടത്തി. എറണാകുളം പോണേക്കര സ്വദേശിയാണ് കൊടുംക്രൂരതയ്ക്ക് ഇരയായത്. ഇയാളുടെ പരാതിയിൽ പോണേക്കര സ്വദേശികളായ ജോസഫ് ജോജു (35), സെജിൻ (35), അമൽഷാ (35) എന്നിവർക്കെതിരെ എളമക്കര പൊലീസ് കേസെടുത്തു. സെജിൻ, അമൽഷാ എന്നിവരെ പൊലീസ് പിടികൂടി. ഒന്നാംപ്രതി ജോസഫ് ജോജു ഒളിവിലാണ്.
29ന് വൈകിട്ട് ക്രൂരപീഡനത്തെക്കുറിച്ച് ശനിയാഴ്ച രാത്രി യുവാവ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. വാടകയ്‌ക്കു താമസിച്ചിരുന്ന യുവാവിനെ നിലവിൽ പ്രതി ചേർത്തിട്ടില്ല. ഇയാൾ അക്രമത്തിൽ നേരിട്ട് പങ്കെടുത്തിട്ടില്ല. ഇയാളുടെ പങ്കും അന്വേഷിക്കും.
പ്രതികളുടെ സുഹൃത്തായ യുവാവ് 34കാരന്റെ വീട്ടിൽ വാടകയ്‌ക്ക് താമസിച്ചിരുന്നു. ബൈക്ക് മോഷണക്കേസിലടക്കം ഇയാൾ പ്രതിയാണെന്ന് തിരിച്ചറിഞ്ഞതോടെ ഒഴിപ്പിച്ചു. ഇതിന്റെ വൈരാഗ്യത്തിലാണ് വീടൊഴിയേണ്ടി വന്ന യുവാവിന്റെ സുഹൃത്തുക്കൾ 34കാരനെ ഉപദ്രവിച്ചത്.
ക്രൂരത നീണ്ടത് രണ്ട് മണിക്കൂർ
പരാതിക്കാരനും പ്രതികളുമെല്ലാം പരസ്പരം അറിയുന്നവരാണ്. ഒരിടം വരെ പോകാമെന്ന് വിശ്വസിപ്പിച്ച് ജോസഫ് ജോജു, 34കാരനെ സ്കൂട്ടറിൽ രണ്ടാം പ്രതിയായ സെജിന്റെ വീട്ടിലെത്തിച്ചു. രണ്ടാംനിലയിൽ സെജിന്റെ മുറിയിലേക്ക് വിട്ട് ജോസഫ് ജോജു അടുക്കളയിൽ നിന്ന് ചട്ടുകം പഴുപ്പിച്ച് കൊണ്ടുവന്നു. സെജിനും അമൽഷായും മുറിയിലുണ്ടായിരുന്നു. ഭീഷണിപ്പെടുത്തി കസേരയിൽ ഇരുത്തിയ 34കാരനെ കൈയിലും കാലിലും മൂവരും ചേർന്ന് ചട്ടുകം കൊണ്ട് പൊള്ളിച്ചു. വേദനകൊണ്ട് പുളഞ്ഞെങ്കിലും ചട്ടുകം ചൂടാറുംവരെ പൊള്ളിച്ചു. ഇതുകഴിഞ്ഞ് പ്രതികളിൽ ഒരാളുടെ ബെൽറ്റ് 34കാരന്റെ നെഞ്ചിൽ മുറുക്കിയ ശേഷം നായയെപ്പോലെ നടത്തിച്ചു. രണ്ട് മണിക്കൂറോളം കൊടുംക്രൂരതയ്ക്ക് ഇരയായി. ഇവിടെനിന്ന് രക്ഷപ്പെട്ട 34കാരൻ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ശ്വാസംമുട്ടലുണ്ടെന്നും വിശ്രമത്തിലാണെന്നും 34കാരൻ കേരളകൗമുദിയോട് പറഞ്ഞു. പ്രതികളുമായുള്ള സാമ്പത്തിക ഇടപാടും അതിക്രമത്തിന് പിന്നിലുണ്ടെന്ന് പൊലീസ് സംശയിക്കുന്നു.