മലിനജല പ്രശ്നം: സ്ഥല പരിശോധനക്കെത്തിയ വനിത ഹെൽത്ത് ഇൻസ്പെക്ടർക്ക് മർദ്ദനം
കോഴിക്കോട്: മലിന ജലം ഒഴുക്കിവിടുന്നുവെന്ന പരാതിയിൽ സ്ഥലം പരിശോധനക്കെത്തിയ വനിത ഹെൽത്ത് ഇൻസ്പെക്ടറെ ആക്രമിച്ചെന്ന് പരാതി. കോഴിക്കോട് കോർപ്പറേഷനിലെ ഹെൽത്ത് ഇൻസ്പെക്ടർ എം.വി സജിതയാണ് പരാതിക്കാരി.
സംഭവത്തിൽ സ്ഥലവാസിയായ സനോഫറിന്റെ പേരിൽ കസബ പൊലീസ് കേസെടുത്തു. കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് സംഭവം. ചാലപ്പുറം മൂരിയാട് തിരുത്തിമ്മൽ പള്ളിക്ക് എതിർവശത്ത് ഈസ്റ്റ് കല്ലായി റോഡിലാണ് സജിത പരിശോധനക്കെത്തിയത്.
സനോഫറിന്റെ ഉമ്മ ആമിനബിയാണ് മലിന ജലം ഒഴുക്കിവിടുന്നുവെന്ന പരാതിക്കാരി. ഇവരുമായി സംസാരിക്കുന്നിനിടെ സനോഫറെത്തി സജിതയുടെ തല പിടിച്ച് മതിലിലിടിക്കുകയും കഴുത്തിന് പിടിക്കുകയും ചെയ്തു. നാട്ടുകാരെത്തിയാണ് പിടിച്ചുമാറ്റിയത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ അസഭ്യം പറഞ്ഞെന്നും വധഭീഷണി മുഴക്കിയെന്നും പരാതിയിലുണ്ട്. നട്ടെല്ല് തകരാറുമായി ബന്ധപ്പെട്ട് സജിതയുടെ കഴുത്തിൽ ശസ്ത്രക്രിയ നടത്തിയിരുന്നതായും പറയുന്നു. സജിത ബീച്ച് ആശുപത്രയിൽ ചികിത്സ തേടി. കെെക്കൂലി വാങ്ങി പരാതി ഒതുക്കാൻ ശ്രമിക്കുന്നുവെന്നായിരുന്നു സനോഫറിന്റെ ആക്ഷേപം. പരാതിയുടെ നിജസ്ഥിതി അറിയാനാണ് സജിതയും മറ്റൊരു ഹെൽത്ത് ഇൻസ്പെക്ടറായ അളകയുമെത്തിയത്. പയ്യന്നൂർ സ്വദേശിയായ ഇവർ ഒരാഴ്ച മുൻപാണ് കോർപ്പറേഷൻ ഇടിയങ്കര സർക്കിളിൽ ജോലിയിൽ പ്രവേശിച്ചത്. മലിനജലത്തെ ചൊല്ലി അയൽവാസികൾ തമ്മിലുള്ള തർക്കത്തെ പറ്റി അവർക്ക് അറിയില്ലെന്നും കെെക്കൂലി ആരോപണം തെറ്റാണെന്നും ജീവനക്കാർ പറയുന്നു. പെൻഡിംഗ് ഫയലുകൾ തീർപ്പാക്കണമെന്ന നിർദ്ദേശത്തെ തുടർന്നായിരുന്നു പരിശോധന. അക്രമത്തിൽ പ്രതിഷേധിച്ച് ജീവനക്കാർ പ്രതിഷേധ പ്രകടനം നടത്തി. സനോഫറിനെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം.