ഹാഷിഷ് ഓയിൽ കടത്ത്: 4 പ്രതികൾക്കെതിരെ കുറ്റപത്രം

Monday 01 June 2026 1:55 AM IST

കൊച്ചി: ഒഡീഷയിൽ നിന്ന് ട്രെയിനിൽ കൊച്ചിയിലേക്ക് 2 കിലോ ഹാഷിഷ് ഓയിൽ കടത്തിയ കേസിൽ സ്ത്രീ ഉൾപ്പെടെ 4 പ്രതികൾക്കെതിരെ എക്സൈസ് കുറ്റപത്രം സമർപ്പിച്ചു. ഒഡീഷ കെരാപ്പുട്ട് കൊളാബ് സ്വദേശി സുനമണിയാണ് (50) ഒന്നാംപ്രതി. കെരാപ്പുട്ട് സിംഗ്പ്പൂര് സ്വദേശി സമരമൃദുലി (32), പള്ളുരുത്തി പെരുമ്പടപ്പ് പട്ടത്തിൽ വീട്ടിൽ ശ്രീരാജ് (28), ഇടക്കൊച്ചി കോലോത്തുംവീട്ടിൽ അശ്വിൻ ജോയ് (28) എന്നിവരാണ് രണ്ടു മുതൽ നാല് വരെ പ്രതികൾ.

തേവര കോന്തുരുത്തി കനാൽറോഡ് തോംസൺ ഗാർഡൻ ലോഡ്ജിന്റെ പരിസരത്ത് നിന്ന് 2025 നവംബർ 23ന് രാത്രി സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡാണ് ഹാഷിഷ് ഓയിൽ പിടിച്ചത്.

എറണാകുളം എക്സൈസ് അസിസ്റ്റന്റ് കമ്മിഷണർ ജോബിയാണ് തുടരന്വേഷണം പൂർത്തിയാക്കി ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. 20 വർഷം വരെ തടവും 2 ലക്ഷം രൂപ വരെ പിഴയ്ക്കും ശിക്ഷിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.