വീട്ടിൽ കയറി സ്വർണാഭരണം കവർന്ന മണിപ്പൂർ സ്വദേശി ഒരു മണിക്കൂറിനകം അറസ്റ്റിലായി

Tuesday 02 June 2026 1:53 AM IST

കൊച്ചി: പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ച് കയറി സ്വർണാഭരണങ്ങൾ കവർന്ന മണിപ്പൂർ സ്വദേശി ഒരു മണിക്കൂറിനകം പൊലീസിന്റെ പിടിയിലായി. കവർച്ച നടന്നതറിഞ്ഞ് ദ്രുതഗതിയിലുള്ള പൊലീസിന്റെ നീക്കത്തിലാണ് ആഭരണങ്ങൾ ഉൾപ്പെടെ മോഷ്ടാവ് കുടുങ്ങിയത്. എറണാകുളം എസ്.ആർ.എം റോഡിൽ വാടകയ്ക്ക് താമസിക്കുന്ന ഖുമുക്ചാം കിരണിനെയാണ് (31) എറണാകുളം നോർത്ത് പൊലീസ് അറസ്റ്റുചെയ്തത്. ലിസി ആശുപത്രി - പുല്ലേപ്പടി റോഡിൽ ചിറക്കൽപ്പറമ്പിൽ റോഡിലെ ഇരുനിലവീട്ടിൽ ഇന്നലെ ഉച്ചയ്ക്കായിരുന്നു കവർച്ച.

വീട്ടുടമസ്ഥരായ ദമ്പതികളിൽ ഭാര്യ ജോലിക്ക് പോയിരുന്നു. ഉച്ചയ്ക്ക് 12.20ന് വാതിൽപൂട്ടാതെ ഭർത്താവ് സമീപത്തെ കടയിൽ പോയ തക്കത്തിനാണ് ഖുമുക്ചാം കിരൺ വീട്ടിൽ കയറിയത്. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. അലമാരയിൽ നിന്നാണ് സ്വർണാഭരണങ്ങൾ അടങ്ങിയ ചെറിയപെട്ടി എടുത്തത്. സ്വർണമാലകളും വളകളും മൂന്ന് മോതിരങ്ങളും ഉൾപ്പെടെ എട്ട് പവന്റെ ആഭരണങ്ങൾ ഉണ്ടായിരുന്നു. ഉച്ചയ്ക്ക് 12.50ന് വീട്ടുകാരൻ തിരിച്ചെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്.

വിവരം അറിയിച്ചയുടൻ നോർത്ത് പൊലീസെത്തി. സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ മോഷ്ടാവ് വീട്ടിൽ കയറുന്നതും പെട്ടിയുമായി പുറത്തിറങ്ങുന്നതും കിട്ടി. തുടർന്ന് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷൻ പരിസരം കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ ഉച്ചയ്ക്ക് 1.30ന് പ്രതിയെ പിടികൂടി. സ്വർണാഭരണങ്ങളടങ്ങിയ പെട്ടി കൈവശം ഉണ്ടായിരുന്നു. ഇതുമായി എസ്.ആർ.എം റോഡിലെ താമസസ്ഥലത്തേക്ക് നടന്നുപോവുകയായിരുന്നു. തൃക്കാക്കരയിലെ ഒരു സ്ഥാപനത്തിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലിചെയ്ത തിരിച്ചറിയൽ കാ‌ർഡ് കൈവശം കണ്ടെത്തി.

നിലവിൽ ജോലി ഇല്ലെന്ന് പൊലീസ് പറഞ്ഞു. ആറുമാസം മുമ്പാണ് കേരളത്തിൽ എത്തിയത്. നഗരത്തിൽ കറങ്ങിനടക്കുന്നതിനിടെയാണ് പുല്ലേപ്പടിയിലെ വീട്ടിൽനിന്ന് ഗൃഹനാഥൻ പുറത്തിറങ്ങുന്നതും വാതിൽ തുറന്നുകിടക്കുന്നതും ശ്രദ്ധയിൽപ്പെട്ട് മോഷണം നടത്തിയത്. നോർത്ത് എസ്.എച്ച്.ഒ അനൂപ്, എസ്.ഐ ഗ്ലാഡ്‌വിൻ എഡ്‌വാ‌ഡ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.