ഒന്നരവയസുകാരന്റെ കൊലപാതകം; ആമിനയുടെ അനിയന്റെ മരണത്തിലും അന്വേഷണം

Tuesday 02 June 2026 1:40 AM IST

തിരുവനന്തപുരം/പാലോട്: നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ പ്രതിയായ രണ്ടാനച്ഛൻ അഷ്‌കറിന് കുരുക്ക് മുറുകുന്നു.ഇയാളുടെ ആദ്യ ഭാര്യ ആമിനയുടെ സഹോദരന്റെ മരണത്തിൽ പ്രതിക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കും.ഇത് കൂടാതെ അഷ്കറുമായി നേരത്തെ വിവാഹം നിശ്ചയിച്ചിരുന്ന,​ചിറയിൻകീഴ് സ്വദേശിയായ യുവതി ആത്മഹത്യ ചെയ്തിലും ഇയാളുടെ പങ്ക് പൊലീസ് പരിശോധിക്കുന്നുണ്ട്.

അഷ്‌കറിനെതിരെ ഉയരുന്ന എല്ലാ ആരോപണങ്ങളും അന്വേഷിക്കണമെന്ന് പൊലീസിനോട് മന്ത്രി ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു.മെഡിക്കൽ കോളേജ് റിഹാബിലിറ്റേഷൻ സെന്ററിൽ ചികിത്സയിലുള്ള ആമിനയെ സന്ദർശിച്ച മന്ത്രി തുടർചികിത്സയ്ക്ക് ആവശ്യമായ സഹായങ്ങൾ ഉറപ്പുനൽകി.പൊട്ടികരഞ്ഞാണ് ആമിനയുടെ മാതാപിതാക്കൾ മകൾ നേരിട്ട ക്രൂരതകൾ വിവരിച്ചത്.മകന്റെ മുങ്ങിമരണത്തിൽ ഇവർ സംശയം ഉന്നയിച്ചതോടെയാണ് ഈ കേസും അന്വേഷിക്കുന്നത്.

തുടർന്ന് കുഞ്ഞിന്റെ അച്ഛൻ അഖിലിന്റെ നന്ദിയോട് കള്ളിപ്പാറയിലെ വീട്ടിലും മന്ത്രി ബിന്ദുകൃഷ്ണ എത്തി.മന്ത്രിക്ക് മുന്നിൽ അഖിലിന്റെ മാതാപിതാക്കളായ സുനിൽകുമാറും ഷീനയും പൊട്ടിക്കരഞ്ഞു.

അഖില ഗർഭിണിയായിരിക്കെയാണ് അഖിൽ ജീവനൊടുക്കിയത്. പിന്നാലെയാണ് അഖിലയും അഷ്കറും ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയത്.കുഞ്ഞിനെ കാണണമെന്ന് ആഗ്രഹമുണ്ടായെങ്കിലും അഖില സമ്മതിച്ചിരുന്നില്ലെന്ന് ഇരുവരും പറഞ്ഞു.ഉപദ്രവിക്കുന്ന വിവരമറിഞ്ഞ് നിയമപരമായി കുഞ്ഞിനെ നേടാൻ ശ്രമിച്ചെങ്കിലും നിയമത്തിന്റെ നൂലാമാലകളിൽ കുടുങ്ങി ഒന്നും നടന്നില്ലെന്നും ഇവർ മന്ത്രിയോട് പറഞ്ഞു.അഷ്‌കറിന്റെ അമ്മയെയും സഹോദരിയെയും പ്രതിയാക്കി കേസന്വേഷിക്കണമെന്നും അഖിലിന്റെ അമ്മ ഷീന മന്ത്രിയോട് ആവശ്യപ്പെട്ടു.സുധീർഷാ പാലോട് എം.എൽ.എയും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു.

അഖിലയെ രക്ഷപ്പെടാൻ

അനുവദിക്കരുതെന്ന് അമ്മ

പനവൂർ വെങ്കിട്ടക്കാലയിലെ അഖിലയുടെ വീട്ടിലും മന്ത്രിയെത്തി.അഖിലയുടെ അമ്മ റീന പൊട്ടിക്കരഞ്ഞാണ് മന്ത്രിയോട് കാര്യങ്ങൾ വിശദീകരിച്ചത്.എട്ടു മാസം മുൻപാണ് വാടക വീട്ടിലേക്ക് അഷ്കറും അഖിലയും മാറിയത്.തുടർന്ന് കുഞ്ഞിനെ കാണാൻ അനുവദിച്ചില്ലെന്നും,​അഖിലയെ രക്ഷപ്പെടാൻ അനുവദിക്കരുതെന്നും അമ്മ റീന മന്ത്രിയോട് പറഞ്ഞു.

അന്വേഷണം പ്രത്യേക

സംഘത്തിന് കൈമാറിയേക്കും

അഷ്‌കറിനെതിരായ പരാതികൾ കൈകാര്യം ചെയ്യുന്നതിൽ പൊലീസിന് വീഴ്ചയുണ്ടായെന്ന് വിലയിരുത്തൽ.ഈ സാഹചര്യത്തിൽ കേസന്വേഷണം പ്രത്യേക സംഘത്തിന് കൈമാറിയേക്കും.

പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാനുള്ള ഇടപെടൽ നടത്തുമെന്ന് മന്ത്രി ബിന്ദുകൃഷ്ണയും വ്യക്തമാക്കി.

നെടുമങ്ങാട് പൊലീസ് സ്‌റ്റേഷനിൽ ഇതുസംബന്ധിച്ച് നിരവധി പരാതികൾ നൽകിയെങ്കിലും കേസെടുത്തില്ലെന്നാണ് കുടുംബത്തിന്റെ ആക്ഷേപം.വീഴ്ചവരുത്തിയ പൊലീസ് ഉദ്യോഗസ്ഥരെ കുറിച്ച് ആഭ്യന്തരമന്ത്രിക്ക് റിപ്പോർട്ട് നൽകുമെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.