ടൂർ പോകാൻ വീട് കുത്തിത്തുറന്ന് മോഷണം; മൂന്ന് പേർ പിടിയിൽ
കോട്ടയം: ടൂർ പോകാനായി വീട് കുത്തിത്തുറന്ന് 75,000 രൂപയും, മൂന്ന് പവൻ സ്വർണവും കവർന്ന കൗമാരക്കാരടക്കം മൂന്നു പേരെ കാഞ്ഞിരപ്പള്ളി പൊലീസ് പിടികൂടി. കാടുവന്താനം കോട്ടേപറമ്പിൽ വീട്ടിൽ അജിത്ത് (19), പ്രായപൂർത്തിയാകാത്ത രണ്ടുപേർ എന്നിവരാണ് അറസ്റ്റിലായത്. മേയ് 24ന് പുലർച്ചെ 12ഓടെ കാഞ്ഞിരപ്പള്ളി ആനക്കല്ല് പൊടിമറ്റം ആന്റണി ജോസഫിന്റെ വീട്ടിലായിരുന്നു മോഷണം.
കുടുംബാംഗങ്ങൾ ബംഗളൂരുവിലെ ബന്ധുവീട്ടിലേക്ക് പോയ സമയത്തായിരുന്നു കവർച്ച. കാറിലെത്തിയ സംഘം മുഖംമൂടിയും, പർദ്ദയും ധരിച്ച് വീടിന്റെ മുൻവാതിൽ കുത്തിത്തുറന്നാണ് അകത്ത് പ്രവേശിച്ചത്. വീട്ടുകാർ മടങ്ങിയെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. തുടർന്ന് കാഞ്ഞിരപ്പള്ളി പൊലീസിൽ പരാതി നൽകി. സി.സി ടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്.
മോഷണം നടത്തിയ പണവും, സ്വർണാഭരണങ്ങൾ പണയംവച്ച് ലഭിക്കുന്ന തുകയും ഉപയോഗിച്ച് ടൂർ പോകുന്നതാണ് സംഘത്തിന്റെ രീതിയെന്ന് പൊലീസ് പറഞ്ഞു. സമീപകാലത്ത് നടന്ന പെട്ടിക്കട മോഷണങ്ങളിലും കിണറുകളിൽ നിന്നുള്ള മോട്ടോർ മോഷണങ്ങളിലും ഇവർക്ക് ബന്ധമുണ്ടെന്ന സംശയമുണ്ട്. പ്രായപൂർത്തിയാകുന്നതിന് മുമ്പുതന്നെ അജിത്ത് മോഷണക്കേസിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.