പത്ത് വയസുകാരന് പൊള്ളലേറ്റതിൽ ദുരൂഹത
കൊല്ലം: പ്രത്യേക പരിഗണന അർഹിക്കുന്ന പത്തുവയസുകാരന്റെ വയറ്റിലും തുടയിലും ചൂടുവെള്ളം വീണ് സാരമായി പൊള്ളലേറ്റ സംഭവത്തിൽ ദുരൂഹത. ഡോക്ടറുൾപ്പടെയുള്ളവർ ചോദിച്ചപ്പോൾ അച്ഛനാണ് പൊള്ളിച്ചതെന്നാണ് കുട്ടി പറഞ്ഞത്. എന്നാൽ സംഭവം നടക്കുമ്പോൾ കുട്ടിയുടെ അച്ഛൻ സ്ഥലത്തില്ലായിരുന്നുവെന്ന് ബന്ധുക്കളും പൊലീസും പറയുന്നു.
ഇക്കഴിഞ്ഞ 31ന് രാവിലെ 11 ഓടെയായിരുന്നു മൈനാഗപ്പള്ളി സുജ ഭവനിൽ ജയേഷിന്റെയും സുധിയുടെയും ഏകമകൻ അക്ഷയ്ക്ക് പൊള്ളലേറ്റത്. ബന്ധുക്കൾ പറയുന്നതനുസരിച്ച് ഭർത്താവുമായി വേർപിരിഞ്ഞ സുധി മൈനാഗപ്പള്ളിയിലെ കുടുംബവീട്ടിലാണ് താമസം. സുധിയുടെ അച്ഛൻ തുളസിക്ക് പഞ്ചായത്തിൽ നിന്ന് അനുവദിച്ച പണം ഉപയോഗിച്ച് പുതിയ വീടിന്റെ നിർമ്മാണം നടക്കുന്നതിനാൽ ഇവർ പഴയവീടിന്റെ അടുക്കളയിലാണ് താമസിച്ചിരുന്നത്.
സംഭവ ദിവസം അക്ഷയ് സൈക്കിൾ ചവിട്ടുന്നതിനിടയിൽ കുഴിയിൽ വീണു. സൈക്കിളെടുക്കാൻ സുധി എത്തിയതോടെ അക്ഷയ് അടുക്കളയിലേക്ക് ഓടി വെള്ളം തിളച്ചുകൊണ്ടിരുന്ന പാത്രത്തിൽ പിടിച്ചു. പാത്രം ചരിഞ്ഞ് തിളച്ച വെള്ളം വീണ് പൊള്ളലേൽക്കുകയായിരുന്നു.
കുട്ടിയെ ഉടൻ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും വൈകിട്ടോടെ കൊല്ലം ജില്ലാ ആശുപത്രിയിലും എത്തിച്ചു. അന്ന് രാത്രി കാഷ്വാലിറ്റിയിൽ തുടർന്നു. തൊട്ടടുത്ത ദിവസം രാവിലെ ഡോക്ടർ മരുന്ന് നൽകിയ ശേഷം പ്ലാസ്റ്റിക് സർജനെ കാണാൻ വീണ്ടുമെത്താൻ നിർദേശിച്ചു. ഇന്നലെ ഡോക്ടർ പരിശോധിക്കുന്നതിനിടയിൽ കുട്ടിയുടെ തുടയിൽ അടിയേറ്റ പാട് കണ്ടു. ചോദിച്ചപ്പോൾ അച്ഛനാണ് പൊള്ളിച്ചതെന്ന് കുട്ടി പറഞ്ഞു. തുടർന്ന് ആശുപത്രി അധികൃതർ പൊലീസിനെയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയെയും വിവരം അറിയിക്കുകയായിരുന്നു. വിദഗ്ദ്ധ ചികിത്സയ്ക്കായി പത്ത് വയസുകാരെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റി.
രണ്ടുവർഷം മുമ്പ് നിയമപരമായി വേർപിരിഞ്ഞെങ്കിലും ഒരുമാസം മുമ്പ് സുധിയും മകനും പട്ടാഴിയിലുള്ള ഭർത്തൃവീട്ടിൽ പോയി തങ്ങിയിരുന്നു. വീണ്ടും വഴക്കിട്ട് രണ്ടാഴ്ച മുമ്പ് മടങ്ങിവരുകയായിരുന്നു. തുടയിൽ അടിയേറ്റ പാട് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് ശാസ്താംകോട്ട പൊലീസ് പറഞ്ഞു.സംഭവത്തിൽ കുട്ടിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം തുടർനടപടി ആലോചിക്കുമെന്ന് ജില്ലാ ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സൺ ജി.പ്രസന്നകുമാരി പറഞ്ഞു.