'തല ഭിത്തിയിൽ ഇടിപ്പിച്ചു, മർദിച്ച് കോമയിലാക്കി'; അറസ്റ്റിലായ അഷ്‌കർ കൊടുംക്രൂരനെന്ന് മുൻ ഭാര്യയുടെ കുടുംബം
തിരുവനന്തപുരം: നെടുമങ്ങാട് ഒന്നരവയസുകാരനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ രണ്ടാനച്ഛൻ അഷ്‌കറിനെതിരെ ആദ്യ ഭാര്യയുടെ കുടുംബം രംഗത്ത്. അഷ്‌കറിന്റെ മർദനത്തിൽ മുൻ ഭാര്യയായ ആമിനയുടെ തലയോട്ടി തകർന്നെന്നും പരാതി നൽകിയിട്ടും പൊലീസ് കേസെടുത്തില്ലെന്നും യുവതിയുടെ കുടുംബം ആരോപിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിലെ റീഹാബിലിറ്റേഷൻ ചികിത്സയിൽ തുടരുകയാണ് ആമിന. ഒരു സ്വകാര്യ മാദ്ധ്യമത്തോടായിരുന്നു ആമിനയുടെ അമ്മ ഷജില ബീവിയുടെ വെളിപ്പെടുത്തൽ.
അഷ്‌കറും ആമിനയും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ഇരുവരും തമ്മിലുള്ള വിവാഹത്തിന് ആമിനയുടെ കുടുംബം സമ്മതിച്ചെങ്കിലും അഷ്‌കറിന്റെ പശ്ചാത്തലം മോശമാണെന്ന് അറിഞ്ഞതിനെ തുടർന്ന് വിവാഹത്തിൽ നിന്ന് പിന്മാറി. പിന്നാലെ ആമിനയെ വീട്ടിൽ നിന്ന് ഇറക്കിക്കൊണ്ടുപോകുകയായിരുന്നു. ഒന്നിച്ച് ജീവിക്കാൻ തുടങ്ങിയ ശേഷം സ്‌ത്രീധനം ആവശ്യപ്പെട്ട് അഷ്‌കർ ആമിനയെ മർദിക്കാൻ തുടങ്ങുകയായിരുന്നു.
'മോൾടെ തല ഭിത്തിയിൽ ഇടിപ്പിച്ചു. അടിവയറ്റിൽ ചവിട്ടി. ശാരീരികമായും മാനസികമായും എന്റെ കൊച്ചിനെ പീഡിപ്പിച്ചു. എത്ര തവണ കൊല്ലാൻ ശ്രമിച്ചു. ആമിനയുടെ ഇപ്പോഴത്തെ അവസ്ഥയ്‌ക്ക് കാരണം തലയ്‌ക്കേറ്റ ക്ഷതമാണ്. അഷ്‌കറിന്റെ അമ്മയും സഹോദരിയും മർദനത്തിന് കൂട്ടുനിന്നു. മകളുടെ നിലവിളികേട്ട നാട്ടുകാരാണ് തങ്ങളെ വിവരം അറിയിച്ചത്'- ഷജിലാ ബീവി പറഞ്ഞു. ആറുതവണ നെടുമങ്ങാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടും അഷ്‌കറിനെതിരെ നടപടിയെടുത്തിട്ടില്ലെന്നും അവർ ആരോപിച്ചു. ഒരു വർഷത്തോളം കോമ സ്‌റ്റേജിൽ കഴിഞ്ഞ ആമിനയ്‌ക്ക് അടുത്തിടെയാണ് ബോധം തിരികെ കിട്ടിയത്.
തന്റെ ഇളയമകന്റെ മരണത്തിലും അഷ്‌കറിന് പങ്കുണ്ടെന്ന് ഷജില ആരോപിച്ചു. മകനെ കൊല്ലുമെന്ന് പല തവണ ഭീഷണിപ്പെടുത്തി. ഇതിനുപിന്നാലെ ദുരൂഹസാഹചര്യത്തിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നെന്നും ഷജില പറഞ്ഞു. ആമിനയുമായുള്ള ബന്ധം വേർപെടുത്താതെയാണ് അഷ്‌കർ അഖിലയോടൊപ്പം താമസം ആരംഭിച്ചത്. ഭക്ഷണം കൊടുത്തപ്പോൾ കരഞ്ഞതിനാലാണ് അഖിലയുടെ ഒന്നരവയസുകാരനെ മകനെ മർദിച്ചുകൊന്നതെന്നാണ് അഷ്‌കറിന്റെ മൊഴി.